ലുവേന എന്ന പച്ചത്തുരുത്തിലെക്കായിരുന്നു ഇപ്രാവശ്യം ക്യു മലയാളം സംഘടിപ്പിച്ച ടൂര്‍ പ്രോഗ്രാം. എല്ലാ വര്‍ഷത്തെയും പോലെ ഇപ്രാവശ്യവും ഫാമിലി ടൂര്‍ പ്രോഗ്രാം പ്ലാന്‍ ചെയ്ത് തുടങ്ങിയപ്പോ തന്നെ കരുതിയിരുന്നതാ പങ്കെടുക്കണം എന്ന്. വല്ലപ്പോഴും കിട്ടുന്ന ഇതുപോലെയുള്ള ചില ഒത്തുകൂടലുകള്‍ ആണല്ലോ ഈ പ്രവാസത്തില്‍ നമുക്ക് ഒരു ആശ്വാസം.
രാവിലെ ഏഴരക്ക് തന്നെ അജൂക്ക വന്നു പിക് ചെയ്യാന്‍, എട്ടുമണിക്ക് ഒരിടത്ത് എല്ലാവരും എത്തിയ ശേഷം അവിടുന്ന് ഒന്നിച്ച് പുറപ്പെടാം എന്നായിരുന്നു ധാരണ. അതനുസരിച്ച് ഞങ്ങള്‍ സ്ഥലത്ത് എത്തുമ്പോഴേക്കും പലരും വന്നു കഴിഞ്ഞിരുന്നു. ടൂര്‍ കോര്‍ഡിനേറ്റര്‍മാര്‍ വാഹനം ഇല്ലാത്തവരെ മറ്റുള്ളവരുടെ കൂടെ സഹകരിപ്പിച്ച് അവരോപ്പം കയറ്റി ഇരുത്തുന്നു. ഒമ്പത് മണിക്ക് പുറപ്പെടണം എന്നായിരുന്നു തീരുമാനം. ചിലര്‍ എത്താന്‍ അല്പം വൈകിയതിനാല്‍ ഒമ്പതേകാലോട് കൂടെ എല്ലാവരും പുറപ്പെട്ടു. ലുവേന പാര്‍ക്കിലേക്ക്.
ദോഹയില്‍ നിന്നും ഏതാണ്ട് നാല്പതു മിനിറ്റ് യാത്രയുണ്ട് അവിടേയ്ക്ക്. റോഡ് ട്രാഫിക് നിയമങ്ങള്‍ ഒക്കെ പാലിച്ച് അവിടെ എത്താന്‍ അത്രയും സമയം എടുക്കും.ഏതാണ്ട് പത്തു മണി കഴിഞ്ഞപ്പോ ഫാമില്‍ എത്തി. യാത്ര തുടങ്ങുമ്പോള്‍ എതാണ്ട് അറുപത് ആള്‍ക്കാരോളം ഉണ്ടായിരുന്നങ്കില്‍ അവിടെ പാര്‍ക്കില്‍ എത്തിയപ്പോഴേക്കും അത് നൂറിനു മുകളില്‍ ആയി കഴിഞ്ഞിരുന്നു.
അതി രാവിലെ പുറപ്പെട്ടതല്ലേ എല്ലാവരും. സംഘാടകള്‍ പ്രാതല്‍ ഏര്‍പ്പെടുത്തിയിരുന്നു. അതും കഴിച്ച ശേഷം ഫാം കാണാന്‍ ഇറങ്ങി. പ്രാതല്‍ കഴിക്കാന്‍ ഇരുന്ന സ്ഥലത്ത് നിന്നും അല്പം മാറിയാണ് ഈ ഫാം. ദൂരെ നിന്ന് നോക്കുമ്പോള്‍ മരുഭൂമിയിലെ മരുപ്പച്ച എന്ന് തോന്നിക്കും പോലെ ഒരു ചെറിയ കൃഷിയിടം. നിറയെ മരങ്ങളും ചെടികളും മറ്റും നിറഞ്ഞ, ശാന്ത സുന്ദരമായ ഒരിടം. ഒട്ടകങ്ങള്‍, മാനുകള്‍,കുതിര തുടങ്ങിയ മൃഗങ്ങളെയും മയില്‍ അരയന്നം തുടങ്ങിയ പക്ഷികളെയും ഒക്കെ വളര്‍ത്തുന്നുമുണ്ട് അവിടെ. നാഗരികതയുടെ തിരക്കില്‍, കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ പൊടിയും മറ്റും ശ്വസിക്കുന്ന നമുക്ക് ശുദ്ധവായു ലഭിച്ചപ്പോള്‍ ഒരു ഉന്മേഷം കൈ വന്ന പോലെ. നാടിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി പാടവും വരമ്പും മറ്റുമായി ഒരു ചെറിയ കൃഷിയിടം. പേരറിയാത്ത എന്തോ ഒരു ചെടി വളര്‍ത്തുന്നു, മാനുകള്‍ക്കും ഒട്ടകങ്ങള്‍ക്കും മറ്റുമുള്ള തീറ്റയാണന്നു തോന്നുന്നു അത്. അതിരുകളില്‍ പച്ചവിരിച്ചാടുന്ന മരങ്ങള്‍. നാട്ടിലെ വൈകുന്നേരങ്ങളില്‍ പാടത്ത് കളിയ്ക്കാന്‍ പോകുമ്പോള്‍ കിട്ടിയിരുന്ന ഒരു ഫീല്‍.
വഴിയില്‍ വളരുന്ന മരം, മുള്ളുള്ള ആ മരത്തില്‍ ഉണ്ടാവുന്ന പഴങ്ങള്‍ സ്വാടിഷ്ടമായിരുന്നു. പേരറിയില്ലങ്കിലും വലുപ്പചെറുപ്പമില്ലാതെ എല്ലാവരും അത് പറിച്ച് കഴിക്കുന്നുണ്ടായിരുന്നു. കുട്ടികളായിരുന്നു ഏറ്റവും കൂടുതല്‍ ആഹ്ലാദിച്ച് അര്‍മാദിച്ചത്.കൃഷിയിടത്തിലേക്ക് വെള്ളം ഒഴുക്കി വിടുന്ന ഒരു ചെറിയ ചാലും മറ്റും ഉണ്ടായിരുന്നത് നാടിന്റെ ഓര്‍മ്മകള്‍ ഉണര്ത്തുന്നവയായിരുന്നു. ആ വെള്ളത്തില്‍ കളിക്കാന്‍ കുട്ടികള്‍ കാട്ടുന്ന ഉത്സാഹം കണ്ടപ്പോള്‍ ഒന്നിറങ്ങിയാലോ എന്ന് പോലും കരുതി. ഷൂസും മറ്റും ഊരി വെയ്ക്കാന്‍ വയ്യാത്ത കൊണ്ട് പിന്നെ അങ്ങ് വിട്ടു.
ഫാം ചുറ്റി കറങ്ങി കണ്ടു വന്നപ്പോഴേക്കും ജുമാനമസ്കാരത്തിന്റെ സമയമാകാറായി. അതുകൊണ്ട് തന്നെ തൊട്ടടുത്തുള്ള ഒട്ടകങ്ങളെ കൂടെ കണ്ടിട്ട് തിരിച്ചു പോകാമെന്നായി.ഒട്ടകങ്ങള്‍ എന്ന് പറയുമ്പോള്‍ നല്ല തലയെടുപ്പുള്ള (ആനകളെ പറയും പോലെ ) ഒട്ടകങ്ങള്‍. മരുഭൂമിയില്‍ മേഞ്ഞു നടക്കുന്ന ഒട്ടകങ്ങള്‍ എന്നാ കണ്‍സപ്റ്റ് ഒക്കെ പോയി, ഇത് അവയെ നന്നായി പരിപാലിച്ചു, വേലി കെട്ടി തിരിച്ചു വളര്‍ത്തുന്ന സ്ഥലം. അവിടെ വെച്ചാണ് പ്രദീപ് ഏട്ടനെ കാണുന്നത്. പുള്ളിക്കാരനാണ് ഈ ഫാമിന്റെയും ഒട്ടകങ്ങളുടെയും ഒക്കെ നോട്ടക്കാരന്. നമുക്ക് അവിടെ പോകാനും അവയെ കാണാനും ഒക്കെ സൗകര്യം ഒരുക്കിതന്നത് അദ്ദേഹമാണ്. ഒട്ടകങ്ങളെ തൊടാനും മറ്റും പുള്ളിക്കാരന് സഹായിച്ചു, അവയോടൊപ്പം നിന്ന് ഫോട്ടോകള്‍ എടുക്കാനും മറ്റും. ശാന്തരാണ് പൊതുവേ ഒട്ടകങ്ങള്‍ എന്ന് തോന്നിയിട്ടുണ്ട്. മനുഷ്യരെ കണ്ടു വളരുന്നതുകൊണ്ടാവണം അവയ്ക്ക് അത്ര പേടിയോ ഒന്നും ഇല്ല.
അവിടെ അധിക സമയം നിന്നില്ല. പള്ളിയില്‍ നിന്നും ബാങ്ക് വിളി കേള്‍ക്കുന്നതിനു മുന്‍പേ നിസ്കരിക്കുന്നവര്‍ എല്ലാം അവിടെ എത്തിക്കഴിഞ്ഞു, നമ്മള് പള്ളിയുടെ ചുറ്റുപാടുമായി കുറച്ചു കറങ്ങി തിരിഞ്ഞു നിന്ന്.ജുമാ നമസ്കാരം കഴിഞ്ഞു വീണ്ടും പഴയ സ്ഥലത്ത് എത്തി. ലഞ്ച് ടൈം ആവുന്നു. അവിടെ എത്തിയപ്പോഴേക്കും കുട്ടികള്‍ക്ക് കളിക്കാന്‍ ഊഞ്ഞാലും മറ്റും, ഒരു മരത്തണലില്‍ ഇരിക്കാന്‍ പായും മറ്റും വിരിച്ച്, മൈക്കും ഒക്കെ സെറ്റ് ചെയ്ത് കഴിഞ്ഞിരിക്കുന്നു. തൊട്ടപ്പുറം ചൂട് ബിരിയാണിച്ചെമ്പും കാത്തിരിക്കുന്നു. കുട്ടികള്‍ കളികളില്‍ മുഴുകി, പെണ്ണുങ്ങള് സൊറപറയാനും തുടങ്ങി. ആണുങ്ങള് അവിടെയും ഇവിടെയും ഒക്കെ കൂട്ടം കൂടി നിന്ന് വര്‍ത്താനം പറയുന്നു, ചിലര്‍ സെല്‍ഫി എടുക്കുന്നു, ഫോട്ടോഗ്രാഫര്‍മാര്‍ പുട്ടുകുറ്റി വലുപ്പമുള്ള ക്യാമറയും ലെന്‍സും ആയി ഓരോരുത്തരെയും സൂം ചെയ്തും അല്ലാതെയും പടം എടുക്കുന്നു. പതിയെ ഞാന്‍ പോയി ജീന്‍സും മാറ്റി കൈലി മുണ്ട് ഉടുത്ത് വന്നു. കാറ്റ് കയറാന്‍ അതാ ബെസ്റ്റ്, അതും ഇതുപോലെയുള്ള ടൂറില്‍.
കുട്ടികളുടെയും മറ്റും കലാപരിപാടികള്‍ ആണ് അടുത്തത്.പെട്ടന്ന് എവിടെ നിന്നോ ഒരു പാട്ട് വന്നു, ആള്‍ക്കാരുടെ ഇടയില്‍ നിന്നും പലരും അവിടെന്നും ഇവിടെന്നും വന്നു, ഡാന്‍സ് തുടങ്ങി. രാജീവും സീനയും രാഹുലും ചക്കിയും ഫൈസലിക്കയും അബ്ബാസിക്കയും ഒക്കെ എത്തി. പിന്നീടാണ് മനസ്സിലായത്, സര്‍പ്രൈസ് ഫ്ലാഷ് മോബ് ആയിരുന്നു അത്. ഒട്ടും പ്രതീക്ഷിക്കാതിരുന്നത്കൊണ്ട് തന്നെ എല്ലാവരും വളരെയധികം എന്ജോയ് ചെയ്തു.
ഭക്ഷണം തയ്യാറായിരുന്നു. നല്ല ചൂട് ചിക്കന്‍ ബിരിയാണി. ചെമ്പ് തുറന്നപ്പോഴേക്കും എല്ലാരും ചുറ്റും കൂടിക്കഴിഞ്ഞു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ആദ്യം എന്നായിരുന്നു വെപ്പ്, എങ്കിലും എല്ലാവരും ഒന്നിച്ചന്നെ കഴിച്ചു. ഭക്ഷണ ശേഷം കലാ പരിപാടികള്‍. പാട്ടും ഡാന്‍സും ഗെയിമുകളും ഒക്കെയായി ഒരു മദ്ധ്യാഹ്നം. കുട്ടികള്‍ക്കായുള്ള ഗെയിമുകള്‍ ആയിരുന്നങ്കിലും പ്രായഭേദമന്യേ എല്ലാവരും പങ്കെടുത്തു എന്നത് എല്ലാവരുടെയും മനസ്സില്‍ ഇപ്പളും കുട്ടിത്തം ഒളിഞ്ഞ് കിടക്കുന്നു എന്നതിന്റെ തെളിവാണ്. മുതിര്‍ന്നവര്‍ക്കായുള്ള ഗെയിമുകളും ഉണ്ടായിരുന്നു ട്ടോ. വെറൈറ്റി ആയതു കപ്പിള്‍സിനെ ഉള്‍പ്പെടുത്തിയ ഗെയിമായിരുന്നു.
വടം വലി മത്സരമായിരുന്നു ഏറ്റവും ഹൈലൈറ്റ്. അതും പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യേകം പ്രത്യേകം. ഇന്നുവരെ വടംവലിച്ചിട്ടില്ലാത്ത ചേച്ചിമാരും ഇത്തമാരും പെണ്‍കുട്ടികളും വടം വലിയില്‍ പങ്കെടുത്തത് ശെരിക്കും ഞെട്ടിച്ചുകളഞ്ഞു. കട്ടയ്ക്ക് കട്ടയ്ക്ക് നില്ക്കണ രണ്ട് ടീമുകള്‍. തീ പാറിയ പോരാട്ടമായിരുന്നു. ഒരു ചെറിയ പാളിച്ച, മുതിര്‍ന്ന ചേച്ചിമാരുടെ ടീം വിജയിച്ചു. ആണുങ്ങളുടെ വടം വലിയില്‍ നാല് ടീമുകള്‍ ഉണ്ടായിരുന്നു. സൗഹൃദ മത്സരമായിരുന്നങ്കിലും വാശിയോടെ തന്നെ എല്ലാവരും പോരാടി. അനങ്ങാതെ ഇരിക്കുന്ന പലരുടെയും ശരീരങ്ങള്‍ നല്ല രീതിയില്‍ ഇളകി. പലരും അത് കഴിഞ്ഞ് കുപ്പിക്കണക്കിന് വെള്ളം കുടിക്കുന്നത് കാണാമായിരുന്നു.സ്ത്രീകള്‍ക്ക് വടംവലിയുടെ ടിപ്സ് പറഞ്ഞുകൊടുത്ത ഫയാസിക്കയുടെ ടിപ്സ് ഒക്കെ അവരുടെ വടംവലിയില്‍ പാളിപ്പോയത് വേദനാ ജനകമായ കാഴ്ചയായിരുന്നു.
വൈകുന്നേരമായപ്പോഴേക്കും അടുത്തുള്ള മാനുകളെ കാണാന്‍ പോയി. ഒട്ടകങ്ങളെ വളര്‍ത്താന്‍ കൂട് കെട്ടി തിരിച്ച പോലെ തന്നെ മാനുകള്‍ക്കും പ്രത്യേകം കൂടുണ്ട്. നൂറിനു മുകളിലുണ്ട് മാനുകള്‍. കൂട്ടിനുള്ളില്‍ കയറാന്‍ പ്രദീപേട്ടന് അവസരം തന്നു. കുട്ടികള്‍ മാനുകളുടെ പുറകെ ഓടിക്കളിക്കാന്‍ തുടങ്ങി.മാനുകള്‍ പൊതുവേ പേടിയുള്ള കൂട്ടത്തിലാണ്. മനുഷ്യരെ കണ്ടപ്പോള്‍ അവ കൂട്ടം കൂട്ടമായി ഓടാന്‍ തുടങ്ങി. അത്രയും ആളുകള്‍ കൂട്ടിനുള്ളില്‍ കയറിയപ്പോള്‍ അവ ശെരിക്കും ഭയന്നു. അവയെ പിടിക്കാന്‍ കുട്ടികളും മാനുകള്‍ പോലും കല്ലുകളിലും മറ്റും തട്ടി മറിഞ്ഞു വീഴുന്നുണ്ടായിരുന്നു. കുട്ടികളും ചിലര്‍ വീണു. അത്രയും മാനുകള്‍ മനോഹരമായ കാഴ്ചയായിരുന്നു.
അവിടെ ആ പാര്‍ക്കില്‍ തന്നെ മയിലുകളെയും അരയന്നങ്ങളെയും ഒക്കെ വളര്ത്തുന്നുണ്ടായിരുന്നുത്രേ. വഴി തെറ്റി പോയ ചിലര്‍ മാത്രേ അവയെ കണ്ടുള്ളൂ. ഫോട്ടോസ് കാണുമ്പോഴാണ് അങ്ങനെ ചിലവ അവിടെയുണ്ടായിരുന്നു എന്ന് പലരും അറിഞ്ഞത് തന്നെ.മാന്‍ കൂടിനു അടുത്തു തന്നെ അവയ്ക്ക് ഭക്ഷണത്തിനായി പുല്ല് വളര്‍ത്തുന്ന ഒരു പാടമുണ്ട്.ഒരുപാട് വിസ്തൃതിയില്‍ വളര്‍ന്നു കിടക്കുന്ന പുല്ലുകള്‍ ഒരു പുല് മേടിന്റെ പ്രതീതി ഉളവാക്കുന്നു. സമയം വൈകിയതിനാല്‍ അധികനേരം അവിടെ ചിലവഴിക്കാന്‍ കഴിഞ്ഞില്ല. ഒന്നിച്ച് ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്ത് അവിടുന്ന് തന്നെ എല്ലാവരും പിരിഞ്ഞു.
ക്യു മലയാളം ടൂറിന് അങ്ങനെ ചില പ്രത്യേകതകള്‍ ഉണ്ട്. പോകാന്‍ ഉദ്ദേശിക്കുന്നതും കാണാന്‍ ഉദ്ദേശിക്കുന്നതും ആയ സ്ഥലങ്ങളും കാഴ്ചകളും, എല്ലാവരും ഒന്നിച്ചുള്ള കുറെ നേരംപോക്ക്കളും കളികളും ഒക്കെയായി നന്നായി പ്ലാന്‍ ചെയ്യാറുണ്ട് എല്ലായ്പ്പോഴും.ഇപ്രാവശ്യവും അങ്ങനെ തന്നെ ആയിരുന്നു. വ്യക്തമായി പ്ലാന്‍ ചെയ്ത് ആ പ്ലാനില്‍ എക്സിക്യൂട്ട് ചെയ്ത് ഓര്‍ഗനൈസ് ചെയ്ത ടൂര്‍. മാസങ്ങളോളമുള്ള തിരക്കുകള്‍ക്കും ടെന്‍ഷനും ഇടയില്‍ ഒരു ദിവസം, എല്ലാവരും ഒന്നിച്ചു കൂടി, കുറച്ചുനേരം അടിച്ചു പൊളിച്ചു, കണ്ണിനും മനസ്സിനും കുളിര്‍മ്മയുള്ളതുമായ കാഴ്ചകളും മറ്റും കണ്ട് ഇത്തിരിനേരം. മനസ്സ് റിലീഫ് ആയിട്ടുണ്ടാവും എല്ലാവരുടെയും. ഇത്തരം കൊച്ചു കൊച്ചു സന്തോഷങ്ങളാണ് നമുക്ക് എല്ലായ്പ്പോഴും ഓര്ത്തിരിക്കാനുണ്ടാവുക. മരുഭൂമിയില്‍ കാഴ്ചകള്‍ കുറവാണ്. കാഴ്ചകള്‍ കാണുക എന്നതിനുപരി എല്ലാവരും കൂടെ കുറച്ചുനേരം അടിച്ചുപൊളിക്കുക എന്നതാണ് ടൂര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ആ ഉദ്ദേശം ഭംഗിയായി നിറവേറി എന്നുതന്നെയാണ് തോന്നുന്നത്. ഒരുപാട് സന്തോഷിച്ച ആ ദിവസത്തിനൊടുവില്‍ ഇനി അടുത്തത് എന്ത് എന്ന ചിന്ത മാത്രം ബാക്കിയാക്കി വീണ്ടും എല്ലാവരും അവരവുടെ തിരക്കുകളിലേക്ക് മടങ്ങുന്നു.
NB:
ഫോട്ടോസിന് കടപ്പാടുണ്ട് : ക്യു മലയാളം
ഫോട്ടോഗ്രാഫേഴ്സിന്
വളരെ നല്ല വിവരണം .......... :)
മറുപടിഇല്ലാതാക്കൂതാങ്ക്യൂ ഇക്കോയ്
ഇല്ലാതാക്കൂനല്ല ഫോട്ടോസ് , നല്ല വിവരണം .....
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള് !!
ഇക്കോയ് താങ്ക്യൂ <3
ഇല്ലാതാക്കൂGnd photos and write up
മറുപടിഇല്ലാതാക്കൂനന്ദി സ്മിതേച്ചി
ഇല്ലാതാക്കൂലൈക് ബട്ടൺ എവിടെ മിഷ്ടർ ☺☺
മറുപടിഇല്ലാതാക്കൂഇതില് ലൈക്ക് ബട്ടണ്‍ ഇല്ലല്ലോ ല്ലേ ..ഇനിപ്പോ ഇണ്ടോ
മറുപടിഇല്ലാതാക്കൂ