ശനിയാഴ്‌ച, മാർച്ച് 15, 2014

ക്യു മലയാളം ബ്ലോഗേര്‍സ് മീറ്റ്‌ - വിന്‍റര്‍ 14






ഖത്തറിലെ കലാ സാഹിത്യ സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ കൂട്ടയയായ ക്യു മലയാളം എഴുത്തും വായനയും ഇഷ്ടപ്പെടുന്ന കൂട്ടുകാര്‍ക്ക് വേണ്ടി നടത്തിയ ബ്ലോഗ്‌ മീറ്റ്‌ അവതരണത്തിലെ മികവുകൊണ്ടും ജന പങ്കാളിത്തം കൊണ്ടും ഏറെ വ്യത്യസ്തത പുലര്‍ത്തി. സാധാരണ കാണാറുള്ള കൂട്ടായ്മകളില്‍ നിന്നും ക്യു മലയാളത്തെ വ്യത്യസ്തമാക്കുന്നത് അതിലെ ജനപങ്കാളിത്തം തന്നെയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അധികം പരിപാടികളില്‍ പങ്കെടുത്തിട്ടില്ല എങ്കില്‍ കൂടിയും, പങ്കെടുത്തതത്രയും മികച്ച പരിപാടികള്‍ തന്നെയായിരുന്നു. അവയെ വിശകലനം ചെയ്യുമ്പോള്‍ ഈ ബ്ലോഗ്‌ മീറ്റ്‌ ഏറെ മുന്നിട്ട് നില്‍ക്കുന്നു എന്ന് പറയണം.
രണ്ടുമണിക്ക് പരിപാടി തുടങ്ങിയെങ്കിലും ഷമീര്‍ഇക്കാടെ വീട്ടില്‍ നിന്നും ഇക്കയോടൊപ്പം ഞാനും മന്‍സൂറും അവിടെ എത്തുമ്പോ മൂന്നുമണി കഴിഞ്ഞിരുന്നു. രെജിസ്ട്രേഷന്‍ കൌണ്ടറില്‍ ഷാനുക്ക. രെജിസ്ട്രേഷന്‍ കഴിഞ്ഞ് ഉള്ളിലേക്ക് കടന്നിരിക്കുമ്പോ ഒരു വശത്ത് പരിപാടിയുടെ ഭാഗമായ ഫോട്ടോഗ്രാഫി മത്സരത്തിനായി ഇവിടുത്തെ അംഗങ്ങള്‍ എടുത്ത ഫോട്ടോകള്‍ വെച്ചിരിക്കുന്നു. ഓരോന്നും വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍. പല വിഷയങ്ങളെ പ്രതിനിധാനം ചെയ്യുന്ന ചിത്രങ്ങള്‍. പലതും നമ്മളെ ഒരുനിമിഷം ചിന്തിപ്പിക്കുന്ന ചിത്രങ്ങള്‍. ഓരോന്നും ഒന്നിനൊന്ന് മെച്ചം.

മുന്നില്‍ സ്റ്റേജില്‍ ആദ്യ പരിപാടി നടക്കുന്നു. പരസ്പരമുള്ള പരിചയപ്പെടുത്തല്‍. അധികം ആള്‍ക്കാരെ അറിയാത്തതുകൊണ്ട്തന്നെ ആ പരിചയപ്പെടുത്തല്‍ എനിക്ക് വളരെ ഉപകാരപ്രദമായിരുന്നു. ആള്‍ക്കാരെ പരിചയപ്പെടാനും, അവരുടെ ബ്ലോഗുകളെക്കുറിച്ച് അറിയാനും ഉള്ള അവസരം. ഒരുകാര്യം മനസിലായി. അവിടെ കൂടിയിരുന്നവരില്‍ ഭൂരിഭാഗം പേരും നന്നായി എഴുതുന്നവര്‍. കഥകളും, കവിതകളും, നിരൂപണങ്ങളും എഴുതുന്ന, സാഹിത്യ സാംസ്കാരിക ലോകത് അവരുടെതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരുപാട് കലാകാരന്മാര്‍. അവരെ പരിചയപ്പെടാന്‍ കഴിഞ്ഞത് തന്നെ വലിയൊരു കാര്യായി തോന്നുന്നു. വായനയെ ഒരുപാട് ഇഷ്ടപ്പെടുന്ന എനിക്ക് ഈ മീറ്റ്‌ തുറന്നു തന്നത് സര്‍ഗാത്മകസൃഷ്ടികളുടെ ഒരു വിശാലമായ ലോകമാണ്.

പരിചയപ്പെടലിനു ശേഷം അടുത്ത ഘട്ടം. ചര്‍ച്ച.. വെറും ഒറ്റവരി സ്റ്റാറ്റസുകളായി പോകുന്ന എഴുത്തുകളെക്കുറിച്ചും, ഒരു എഴുത്തുകാരനുള്ള സാമൂഹികപ്രതിബദ്ധതയെക്കുറിച്ചുമായിരുന്നു ചര്‍ച്ച. മനസ്സില്‍ തോന്നുന്ന പലതും.. എന്തുമായിക്കോട്ടെ ....അത് കുത്തിക്കുറിക്കുന്ന എനിക്ക് ഈ ചര്‍ച്ച വ്യത്യസ്തമായ ഒരു അനുഭവമാണ് തന്നത്. സാഹിത്യത്തെ, അല്ലെങ്കില്‍ എഴുത്തിനെ മറ്റുള്ളവര്‍ എങ്ങനെ വിലയിരുത്തുന്നു എന്നും, എന്താണ് ഒരു സാഹിത്യ സൃഷ്ടിയില്‍ നിന്നും മറ്റുള്ളവര്‍ ആഗ്രഹിക്കുന്നതും എന്നുള്ള ഒരു അവബോധം എന്നിലുണ്ടായി എന്ന് കരുതാം. വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളിലൂടെ കടന്നു പോയപ്പോള്‍ എഴുത്തിനെ സ്നേഹിക്കുന്ന, അക്ഷരങ്ങളെ സ്നേഹിക്കുന്ന ഈ കൂട്ടായ്മ എഴുത്തിനെ എത്രത്തോളം പ്രോത്സാഹിപ്പിക്കാന്‍ ശ്രെമിക്കുന്നു എന്ന് മനസിലാവുന്നു. സാഹിത്യമായിക്കൊള്ളട്ടെ , നിരൂപണമായിക്കൊള്ളട്ടെ, എഴുത്ത് ഒരു സമൂഹത്തെ എങ്ങനെ ബാധിക്കുന്നു, അല്ലെങ്കില്‍ സമൂഹം ആ എഴുത്തിനെ എങ്ങനെ വിലയിരുത്തുന്നു എന്നാണ് ഞാനീ ചര്‍ച്ചയില്‍ നിന്നും മനസിലാക്കാന്‍ ശ്രെമിച്ചത്. ഒരു പരിധിവരെ അതിന് സാധിച്ചു എന്ന്തന്നെ പറയാം.
ഫോട്ടോഗ്രാഫിമത്സരത്തിന്‍റെ സമ്മാനദാനവും, നന്ദി പറച്ചിലും കഴിഞ്ഞ് അവിടെനിന്നും പിരിയുമ്പോ, എഴുത്തിനെ അത്ര കാര്യായി സമീപിക്കാത്ത വായനയെ ഇഷ്ടപ്പെടുന്ന ഞാനീ ബ്ലോഗ്‌ മീറ്റ്‌, എന്‍റെ വായനയുടെ ലോകത്തെ വിശാലക്കുന്ന മുതല്‍ക്കൂട്ടായി കാണാന്‍ ആഗ്രഹിക്കുന്നു. ഒപ്പം എന്‍റെ സൗഹൃദകൂട്ടവും.

വെറുതേ കുത്തികുറിക്കുന്ന എന്‍റെ ചില എഴുത്തുകള്‍ സൂക്ഷിച്ചുവെക്കാന്‍ ഒരു അലമാര പോലെ ഞാനുപയോഗിക്കുന്ന ഒരു ബ്ലോഗ്‌, ആ ബ്ലോഗിനെ പരസ്യപ്പെടുത്താന്‍, അല്ലെങ്കില്‍ കുറേക്കൂടെ നന്നായി എഴുത്തിനെ സമീപിക്കാന്‍ എന്നിലൊരു ആഗ്രഹം ജനിപ്പിച്ച ഈ ബ്ലോഗ്‌ മീറ്റ്‌, ക്യു മലയാളം സംഘടിപ്പിച്ച, ഞാന്‍ പങ്കെടുത്ത പരിപാടികള്‍ ഏറ്റവും മികച്ചത് എന്നുകൂടെ പറഞ്ഞുകൊള്ളട്ടെ.

മികച്ചതും, വ്യത്യസ്തങ്ങളുമായ പരിപാടികള്‍ ആസൂത്രണം ചെയ്ത്, അവയെ നല്ലരീതിയില്‍ നടത്തുന്ന ക്യു മലയാളം ഖത്തറിലെ ഏറ്റവും വിശാലമായ ഒരു മലയാള സംഘടനയായി മാറിയത് അതിന്‍റെ ഈ വ്യത്യസ്തതകൊണ്ട് തന്നെയാണ്. ഇത്തരം പരിപാടികള്‍ ഇനിയും ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ