ഖത്തര്‍ സഞ്ചാരി യൂണിറ്റ് ഈയടുത്ത കാലത്താണ് തുടങ്ങിയതെങ്കിലും,ലോഞ്ചിംഗ് പ്രോഗ്രാമും, മീറ്റിംഗും ഒക്കെയായി സജീവമായിരുന്നു. ഈദിനോട് അനുബന്ധിച്ച് ഒരു യാത്ര ആവാം എന്ന് പ്ലാന്‍ ചെയ്ത് തുടങ്ങിയപ്പോഴേ ഞാനുണ്ടാവും എന്ന് പറഞ്ഞ് എത്തിയവരുണ്ട്. വളരെ ചെറിയ ഒരു രാജ്യമായ ഖത്തറില്‍ കാണാനുള്ള സ്ഥലങ്ങള്‍ കുറവാണ് എന്ന് എല്ലാവര്‍ക്കും അറിയാം പക്ഷെ എവിടേക്കാണങ്കിലും എത്ര ചെറുതാണങ്കിലും യാത്രകള്‍ അതിനെ സ്നേഹിക്കുന്നവര്‍ക്ക് പോകാതിരിക്കാനാവില്ലല്ലോ. ഇപ്പോളത്തെ കാലാവസ്ഥ വില്ലനാണ്. പക്ഷെ യാത്രയുടെ ആവേശത്തെ തളര്‍ത്താന്‍ മാത്രം ശക്തനല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഒരു സമുദ്രയാത്രയെക്കുറിച്ച് ആലോചിക്കുന്നത്. എന്തിനും ഏതിനും ഒരു തുടക്കം ഉണ്ടാവാന്‍ മുന്നിട്ടിറങ്ങാന്‍ കുറച്ചുപേര്‍ ആവശ്യമുണ്ടല്ലോ. സഞ്ചാരി ഖത്തര്‍ന്‍റെ തുടക്കം മുതല്‍ കൂടെയുള്ളവരെ ഉള്‍ക്കൊള്ളിക്കുന്ന കോര്‍ ഗ്രൂപ്പില്‍ സംസാരിച്ചു തുടങ്ങിയപ്പോഴേക്കും എല്ലാവര്‍ക്കും ആവേശമായി. അങ്ങനെ ദോഹയില്‍ നിന്നും ഒരു അരമണിക്കൂര്‍ ദൂരത്തിലുള്ള സഫ് ലിയ ദ്വീപിലേക്കുള്ള ഒരു ബോട്ട് യാത്ര തീരുമാനിച്ചു.