തിങ്കളാഴ്‌ച, മാർച്ച് 28, 2016

കരിമുഖങ്ങള്‍

ഇന്നലെയായിരുന്നു (മാര്‍ച്ച് 27) വേള്‍ഡ് ഡ്രാമ ഡേ. അന്യമായിക്കൊണ്ടിരിക്കുന്ന നാടകം എന്ന കലാരൂപത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലോക നാടകദിനത്തിന്‍റെ ഉദ്ദേശം. ഒരുകാലത്ത് നമ്മുടെ ആസ്വാദനകലയുടെ പ്രതിരൂപമായിരുന്നു നാടകങ്ങള്‍. എന്നാല്‍ ഇന്ന് അവ അന്യംനിന്ന് പോകുന്ന അവസ്ഥയിലൂടെയാണ്‌ കടന്നുപോകുന്നത്. വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ തന്നെ പല സംസ്ഥാനങ്ങളിലും മാന്യമായ തൊഴില്‍ തന്നെയാണ് നാടകം ഇന്നും. എന്നാല്‍ നമ്മുടെ കേരളത്തില്‍ അവസ്ഥ മറ്റൊന്നാണ്. നിരവധിയനവധി നാടക സമിതികളിലൂടെ വളരെയധികം കുതിച്ചുചാട്ടം നടത്തിയ നാടകം എന്ന കലാരൂപം ഇന്ന് വിരലില്‍ എണ്ണാവുന്നത്ര മാത്രമേയുള്ളൂ. ഉള്ളവയ്ക്കുപോലും നിലനില്‍പ് ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു എന്നത് സങ്കടകരമാണ്. കെപിഎസി പോലെയുള്ള അതികായന്മാര്‍ പോലും പേരിനു മാത്രം നാടകങ്ങള്‍ രംഗാവിഷ്കരിക്കുന്നു. ഇന്നത്തെ കാലത്ത് എന്തുകൊണ്ട് പ്രവാസികള്‍ക്കിടയില്‍ കലാ പ്രവര്‍ത്തനങ്ങള്‍ ഒതുങ്ങുന്നു എന്ന് കൂടെ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നാടകങ്ങള്‍ നാട്ടില്‍ പലപ്പോഴും ഒഴിവാക്കപ്പെടുന്നു, എന്തുകൊണ്ടായിരിക്കാം അത്? തന്നിലേക്ക് തന്നെ നാം ഒതുങ്ങുന്നുന്നു എന്നതായിരിക്കാം അതിന്‍റെ കാരണം. അവനവനിസത്തിലേക്ക് മാത്രം ഒതുങ്ങുന്ന സമൂഹമാണ് അതിന് കാരണക്കാര്‍.