ഞായറാഴ്‌ച, ജൂലൈ 31, 2016

എന്‍റെ യാത്രകള്‍- 2

ഹൈറേഞ്ചിലേക്ക്

ഹൗസ്ബോട്ടിലെ മനോഹരമായ യാത്രയും കഴിഞ്ഞ് വണ്ടിയുമെടുത്ത് ആലപ്പുഴയുടെ തിരക്കിലൂടെ റാന്നിയ്ക്ക്. അവിടെയൊരു കൂട്ടുകാരനുണ്ട് ..ലിബി. അവന്‍റെ വീട്ടിലേക്കാണ് യാത്ര. പകല്‍ ആലപ്പുഴ നഗരത്തില്‍ തിരക്ക് വളരെ കൂടുതലാണ്‌. നാഷണല്‍ ഹൈവേ കടന്നുപോകുന്ന പട്ടണമായത് കൊണ്ട് ചരക്കു വണ്ടികളും മറ്റ് സ്വകാര്യ വാഹനങ്ങളും കൊണ്ട് റോഡുകള്‍ നിറഞ്ഞിരിക്കും. അതില്‍ നിന്ന് പുറത്ത് വരിക ശ്രമകരമാണ്. റാന്നിയ്ക്ക് ഞങ്ങള്‍ക്ക് മുന്നില്‍ ഗൂഗിള്‍ മുത്തശ്ശി കാട്ടിത്തന്ന റൂട്ട് ആലപ്പുഴ- ചങ്ങനാശേരി – തിരുവല്ല – കോഴഞ്ചേരി റാന്നി എന്നിങ്ങനെയാണ്. ഒരുപാട് സന്തോഷം തോന്നി. കാരണം ആലപ്പുഴ ചങ്ങനാശ്ശേരി റൂട്ട് അത്രയും മനോഹരമാണ്.