വ്യാഴാഴ്‌ച, ജൂലൈ 23, 2015

ഒരു സ്വപ്നം

ഒറ്റയ്ക്കൊരു യാത്ര.
ലക്ഷ്യങ്ങളില്ലാതെ,
കാടും മേടും പുഴയും കടലും കായലും കണ്ട് 

തോളിലൊരു ബാഗും തൂക്കി വെറുതെയൊരു യാത്ര.

ഗ്രാമങ്ങളുടെ വിശുദ്ധിയെ തൊട്ടറിഞ്ഞ് ,
നഗരങ്ങളുടെ ശൂന്യതയെ കണ്ട്
കാടിന്‍റെ വന്യത കണ്ട്
കടലിന്‍റെ ഇരമ്പലുകള്‍ കേട്ട്
പുഴയുടെ ശാന്തത കണ്ട്
ശലഭമായിങ്ങനെ പറന്ന് നടക്കണം

നിലാവുള്ള രാത്രികളില്‍ കടലുകാണാനും
മഴയുള്ള നേരത്ത്‌ കാട് കയറാനും
വെയിലുള്ള നേരത്ത്‌ പുഴയിറങ്ങി നീന്താനും
ഒരു കൊതി,
ഭ്രാന്തമായ ഒരു കൊതി

അരുവികളില്‍ നീന്തിയും,
മലകളില്‍ കയറിയും
വള്ളികളില്‍ ഊഞ്ഞലാടിയും
കിളികളോടും മരങ്ങളോടും കിന്നാരം പറഞ്ഞ്
ഒരിടത്തും തങ്ങാതെ, ആരെയും കൂടെ കൂട്ടാതെ
തനിയേ നടക്കണം
നീണ്ട ഒരു യാത്ര

ഒടുവില്‍ ചെളി പുരണ്ട വസ്ത്രങ്ങളും, ജടപിടിച്ച മുടിയും നീണ്ടു വളര്‍ന്ന നഖങ്ങളുമായി വന്നുകയറണമെന്റെ വീട്ടില്‍.

ആ യാത്രയുടെ സ്വപ്‌നങ്ങള്‍ കണ്ടുറങ്ങാന്‍.