വെള്ളിയാഴ്ചകള്‍ ....
ഒരാഴ്ചത്തെ ഉറക്കം മുഴുവന്‍ ഉറങ്ങി തീര്‍ക്കുന്ന ദിവസം. പതിവ് പോലെ ഇന്നും എഴുന്നേറ്റപ്പോ നട്ടുച്ച രണ്ടു മണി ...
വയറ്റില്‍ വിശപ്പിന്‍റെ വിളി ...
കുളിച്ച് ഫ്രഷ് ആയി വല്ലതും കഴിക്കാമെന്ന് കരുതി .. കുളിയും പല്ലുതേപ്പും ഒക്കെ കഴിഞ്ഞു വന്നപ്പോ ദാ ഫോണ്‍ അടിക്കുന്നു ... ഇതാരപ്പാ ഈ നട്ടുച്ചയ്ക്ക് എന്നും പറഞ്ഞ് നോക്കിയപ്പോ ഷാനുക്ക ..
എടുത്തപ്പോ പറയ്കാ വേഗം റെഡിയായി പുറത്തേക്കു വാ ..ഒരു അര മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ അവിടെയത്തും നമ്മള്‍ മിസൈദിന് പോകുന്നു എന്ന്... . ശെരിയിക്കാ എന്നും പറഞ്ഞ് വേഗം റെഡി ആയി... ഫേസ്ബുക്കും ഒന്ന് നോക്കി പെട്ടന്ന് തന്നെ ഇറങ്ങി... പറഞ്ഞതിലും അല്പം ലേറ്റ് ആയെങ്കിലും ഇക്ക എത്തി ... നോക്കിയപ്പോ വണ്ടിയില്‍ മന്‍സൂറും, മനുവും, ഇസ്മയിലും, അന്‍സാറും, അജ്മലും ഒക്കെ ...
ഒരു ചായയും ഒക്കെ കുടിച്ച് വണ്ടി നേരേ മിസൈദിലേക്ക്... ഒരു ചെറിയ തണുപ്പ് ഉണ്ടെങ്കിലും നല്ല കാലാവസ്ഥ .. പാട്ടും ബഹളവുമൊക്കെയായി നല്ലൊരു മൂഡില്‍ എല്ലാവരും ... പകലിന് ദൈര്‍ഘ്യം കുറവാണ് ..അതുകൊണ്ടാവണം ഞങ്ങള്‍ അവിടെ എത്തുമ്പോഴേക്കും സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു ... ഇരുട്ട് പരന്നു തുടങ്ങി...
മിസൈദ് ... ബീച്ചും മണല്‍ക്കൂനകളും ഒക്കെയുള്ള മരുഭൂമി... ഖത്തറിലെ ഒരു പ്രധാന ബീച്ച് ... ചെറിയ തണുത്ത കാറ്റ് വീശുന്നുണ്ടെങ്കിലും അത് ഞങ്ങളുടെ ആവേശം തകര്‍ത്തില്ല... ഒരു ഡെസേര്‍ട്ട് സഫാരിയായിരുന്നു മനസ്സില്‍. അതുകൊണ്ട് എല്ലാവരും ആവേശത്തില്‍ തന്നെ.. പക്ഷെ പ്രതീക്ഷകളെ തകിടം മരിച്ചു കൊണ്ട് വണ്ടിക്കൊരു ചെറിയ മിസ്സിംഗ്... പണി ചെറുതായൊന്നു പാളി... ആവേശം തണുത്തെങ്കിലും ഒരു ഒത്തുകൂടലിന്‍റെ സന്തോഷം എല്ലാവരിലും പ്രകടമായിരുന്നു. ആണും പെണ്ണും ഉള്‍പ്പടെ മറ്റു പല രാജ്യക്കാരും ആ മരുഭൂമിയിലെ ഡ്രൈവിംഗ് ആസ്വദിക്കുന്ന കണ്ടപ്പോ ഒരു വിഷമവും ..
അപ്പോളാണവിടെ കണ്ടത് ഖത്തര്‍ സമ്മര്‍ ക്യാമ്പ്. എങ്കില്‍ പിന്നെ അവിടെ കയറാമെന്നായി.. അവിടെയെങ്കിലും അര്‍മാദിക്കാം എന്നായിരുന്നു. പക്ഷെ അവിടെയും പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല. ഒട്ടകപ്പാലില്‍ ഉണ്ടാക്കിയ ഒരു കോഫിയും കുടിച്ച് അവിടെനിന്നും ഇറങ്ങി.... അപ്പോളേക്കും എല്ലാ ആവേശവും കെട്ടടങ്ങിയിരുന്നു....
പെട്ടന്നാണ് ഷാനുക്ക പറഞ്ഞത് ഖത്തറിലെ സംഗീതം പൊഴിക്കുന്ന മണല്‍ക്കൂനകളെക്കുറിച്ച് (singing sand dunes).. പലപ്പോഴും കേട്ടിട്ടുണ്ടെങ്കിലും ഞാനുള്‍പ്പടെ പലരും കണ്ടിട്ടുണ്ടായിരുന്നില്ല.... അത് കാണാനായി അടുത്ത യാത്ര ... നേരം ഇരുട്ടി.. വിജനമായ വഴിയിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു ... ചുറ്റിലും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമി മാത്രം. നിശബ്ദമായ ആ ഇരുട്ടിലൂടെ ഞങ്ങളുടെ വണ്ടി പാഞ്ഞു... ഇടയ്ക്ക് റോഡിലേക്ക് വീണുകിടക്കുന്ന മണലില്‍ വണ്ടിയൊന്നു പുതഞ്ഞു ... അതാണത്രേ അടയാളം... സംഗീതം പൊഴിക്കുന്ന മണല്‍ക്കൂനകള്‍ അതിനടുത്താണത്രേ ...
വണ്ടി തള്ളി കയറ്റി, ഒരു ചെറിയ ഇറക്കം ഇറങ്ങിയപ്പോള്‍ അതാ മുന്നില്‍ ഒരു വലിയ മണല്‍ക്കൂന... വണ്ടിയുടെ ഹെഡ് ലൈറ്റ്ന്‍റെ വെളിച്ചത്തില്‍ സ്വര്‍ണനിറമാര്‍ന്ന ആ മണല്‍ക്കൂനയ്ക്ക് പ്രത്യേക ഭംഗി.. കേട്ടറിഞ്ഞ ആ മണല്‍ക്കൂയുടെ സംഗീതം ആസ്വദിക്കാന്‍ എല്ലാവരും പെട്ടന്ന് തന്നെ അതിന്‍റെ മുകളിലേക്ക് ... ആ മണല്‍ക്കൂനയിലൂടെ നിരങ്ങി താഴേക്ക് ഇറങ്ങിയാല്‍ കേള്‍ക്കാം പലതരം വാദ്യോപകരണങ്ങളുടെ ശബ്ദങ്ങള്‍ ... മുകളിലേക്ക് കയറാന്‍ അല്പം പ്രയാസമാണ് ... എങ്കിലും താഴേക്ക് ഒഴുകിയിറങ്ങാന്‍ സുഖവും... അങ്ങനെ ഒഴുകി ഇറങ്ങുമ്പോള്‍ കേള്‍ക്കാം പലതരം ശബ്ദങ്ങള്‍ ...
ആ മണലിന് പോലുമുണ്ട് പ്രത്യേകത ...സാധാരണ കാണുന്ന മണലുപോലെ ശരീരത്തില്‍ പറ്റിപ്പിടിയ്ക്കില്ല.... തട്ടിക്കളഞ്ഞാല്‍ പെട്ടന്നുതന്നെ പോകുകയും ചെയ്യും... മുകളില്‍ നിന്നും താഴേയ്ക്ക് വരുമ്പോള്‍ തീരം തഴുകുന്ന തിരമാലകളെ പോലെ ആ മണല്‍ ഒഴുകി വരുന്നത്കാണാം ...
അത് കണ്ടപ്പോളെയ്ക്കും എല്ലാവരുടെയും ആവേശം അണപൊട്ടിയൊഴുകി... ആ മണ്ണില്‍ കിടന്നുരുണ്ടും മണല് വാരിക്കളിച്ചും എല്ലാവരും കൊച്ചുകുട്ടികളാവുകയായിരുന്നു അവിടെ. മരുഭൂമി നമുക്കായി കാത്തുവെച്ചിരിക്കുന്ന ആ അത്ഭുതം എത്രകണ്ടാലും മതിവരില്ല... നിശബ്ദമായ ആ മരുഭൂമിയില്‍ മണലില്‍ ആകാശം നോക്കി കിടക്കാന്‍ എന്തായിരുന്നു സുഖം. എത്രനേരം വേണമെങ്കിലും അങ്ങനെ കിടക്കാം. ആഗ്രഹമുണ്ടായിരുന്നു പക്ഷെ... രാത്രി ഇരുള്‍ മൂടിക്കഴിഞ്ഞു .. തിരികെ പോരണം ... മനസില്ലാമനസോടെ തിരിച്ചു...
രാത്രി ഇനിയും ബാക്കിയുണ്ട് ....അതുകൊണ്ട് സിറ്റിസെന്റര്‍ ഒന്ന് കറങ്ങാന്ന് വെച്ചു ... അവിടെ എത്തിയപ്പോ ആര്‍ക്കും താല്പര്യമില്ല ... വിശപ്പിന്‍റെ വിളി എല്ലാരേം ബാധിച്ചു എന്ന് തോന്നുന്നു.... വണ്ടി നേരെ ഗരാഫയ്ക്ക് ...ഹോട്ടല്‍ ബുഖാരി .അറബിക് സ്റ്റൈല്‍ ഹോട്ടല്‍...വട്ടത്തില്‍ ഇരുന്നിട്ട് വലിയ ഒരു പാത്രത്തില്‍ ബുഖാരി റൈസ് വിത്ത് മട്ടന്‍ കഴിച്ചത് വല്ലാത്തൊരു അനുഭവമായിരുന്നു. ഫോട്ടോയിലൊക്കെ കണ്ടിട്ടുള്ള പോലെ നിലതൊക്കെ ഇരുന്നിട്ട് ...
അവിടുന്ന് നേരെ പോയത് ...സാബിക്കിനെകാണാന്‍ ... മുഖപുസ്തകത്തില്‍ ഒരുപാട് സംസാരിക്കുന്ന പ്രിയ സുഹൃത്ത്.... ഇതുവരെ ആളെ നേരിട്ട് കണ്ടിട്ടില്ലായിരുന്നു ഞാന്‍. അവന്‍റടുത്തെക്ക്... നേരിട്ട് കണ്ടപ്പോ അവനും ആശ്ചര്യം .... പ്രതീക്ഷിക്കാത്ത ആളായിരുന്നല്ലോ ഞാന്‍...
അവനെയും കണ്ടിട്ട് തിരകെ റൂമില്‍ എത്തിയപ്പോ സമയം പന്ത്രണ്ടര ....
സൗഹൃദങ്ങളെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന എനിക്ക് ഇന്നലെ ഈ പ്രിയപ്പെട്ട സൗഹൃദങ്ങള്‍ സമ്മാനിച്ചത് എന്നെന്നും മനസ്സില്‍ സൂക്ഷിക്കാനുള്ള ഒരുപിടി ഓര്‍മകളാണ്... ഒരു യാത്രയെക്കാളും നമ്മളാഗ്രഹിച്ചത് സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ഒരു ഒത്തുകൂടല്‍ മാത്രമായിരുന്നു .. പക്ഷെ ഈ മിസൈദ് യാത്ര ഞങ്ങള്‍ക്ക് സമ്മാനിച്ചത് ആ ഒത്തുകൂടലിനൊപ്പം നല്ലൊരു യാത്രാനുഭവം കൂടെയാണ്.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ