“മോളേ ഇതാ ഈ പാലുകൊണ്ടുപോയി അവനു കൊടുക്ക്”.
അമ്മയുടെ ശബ്ദമാണ് അവളെ ചിന്തയില്‍ നിന്നുണര്‍ത്തിയത്. വൈകിട്ട് വീട്ടില്‍ വന്നു കയറിയപ്പോള്‍ മുതലുള്ള ചിന്തയാണ് രശ്മിക്ക്.പുതുപ്പെണ്ണിനെയും ചെക്കനെയും കാണാനുള്ള അയല്പക്കക്കാരുടെ മുന്നിലും ബന്ധുക്കളുടെ മുന്നിലും ചിരി അഭിനയിച്ച് നിന്നത് ചിന്തകള്‍ അലട്ടുന്ന മുഖമവര്‍ കാണാതിരിക്കുവാന്‍ വേണ്ടിയാണ്.
ഇടയ്ക്ക് ബാത്ത്റൂമില്‍ കയറി കുറച്ചുനേരം നില്‍ക്കും, അപ്പോളേക്കും ആരെങ്കിലുമൊക്കെ വിളിക്കും മോളേ നീയെന്തെടുക്കുവാ എന്നും ചോദിച്ച്, മുഖത്തല്പം വെള്ളം തളിച്ച് വീണ്ടും ആള്‍ക്കാര്‍ക്കിടയിലേക്ക് ഇറങ്ങും, സതീശന്‍ അപ്പുറത്ത് കൂട്ടുകാരുടെ കൂടെ സൊറ പറഞ്ഞിരിക്കുകയാണ്. കുപ്പികള്‍ കിലുങ്ങുന്ന ശബ്ദം കേള്‍ക്കാം, ബാച്ചിലര്‍ പാര്‍ട്ടി ആണെന്ന് തോന്നുന്നു. ആണും പെണ്ണും എല്ലാമുണ്ട് അവിടെ. കൂടെ ജോലിചെയ്യുന്നവര്‍. ഐടി കമ്പനിയില്‍ ജോലിചെയ്യുന്ന എല്ലാവരും ആണും പെണ്ണും ഒക്കെ ഇങ്ങനെ പാര്‍ട്ടികളില്‍ കൂടും എന്ന് കേട്ടിട്ടുണ്ട്.
ചേച്ചിയും, അമ്മയും, ചേച്ചിയുടെ മക്കളും തന്റെ പിറകെ വിടാതെയുണ്ട്. എന്തോ പ്രദര്‍ശന വസ്തുപോലെ ചുറ്റിലുമുള്ള എല്ലാവരും തന്നെ നോക്കുന്നു. എന്തോ അരോചകമായി തോന്നി രശ്മിക്ക്. സതീശേട്ടന്‍ ഒന്ന് വന്നിരുന്നങ്കില്‍. രാവിലെ ഏഴു മണിക്ക് കെട്ടി ഒരുങ്ങി സ്വര്‍ണവും പൂവും സാരിയും എല്ലാമായി നില്‍ക്കുന്നതാ, ഇപ്പൊ രാത്രി എട്ടര ആയി. വിയര്‍പ്പും, ഭാരവും ശരീരത്തില്‍, ഫോട്ടോഗ്രാഫര്‍ മാരുടെ കൂടെ അങ്ങട്ടും ഇങ്ങട്ടും നടന്നും, നിന്നും ശരീരം ആകെ തളര്‍ന്നു. ഈ ഭാരമെല്ലാം ഒന്നഴിച്ച് വെയ്ക്കാന്‍ തോന്നുന്നു. അതെങ്ങനാ ആള്‍ക്കാരുടെ ഇടയില്‍ അതിനൊന്നും പറ്റില്ലല്ലോ.
ശരീരത്തിലെ ക്ഷീണത്തോടൊപ്പം മനസ്സിലും ചിന്തകള്‍ നിറയുകയാണ്. ആദ്യ രാത്രിയെക്കുറിച്ചുള്ള ചിന്തകള്‍. നിശ്ചയം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് കല്യാണം ഈ ഒരു വര്‍ഷക്കാലം ഫോണിലൂടെ എന്നും സംസാരിക്കുമായിരുന്നു എങ്കിലും പരസ്പരം അറിയാത്ത ഒരാളുടെ കൂടെ പെട്ടന്നൊരു ദിവസം കഴിയുക എന്ന് വെച്ചാല്‍, വിവാഹം കഴിഞ്ഞ കൂട്ടുകാരികള്‍ പറഞ്ഞുതന്ന കഥകള്‍. എല്ലാം മനസ്സില്‍ കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു.
“എന്താടോ ബോറടിച്ചോ” .... സതീശേട്ടനാണ്.
ഇവരെല്ലാം യാത്രപറയാന്‍ വന്നതാണ്. രാത്രിയായില്ലേ ഇനിയും നമ്മളെ ശല്യപ്പെടുത്തുന്നത് ശരിയല്ലത്രേ. അതും പറഞ്ഞ് ഓരോരുത്തരെയായി പരിചയപ്പെടുത്തിക്കൊണ്ടിരുന്നു. ഓരോരുത്തരുടെയും മുഖത്തുനോക്കി ചിരി വരുത്തി. പത്തുമുപ്പതു പേരുണ്ടായിരുന്നു. ഒരാളുടെ പേര് പോലും തലയില്‍ നിന്നില്ല എന്ന് മാത്രം.
തനിക്കൊന്നു കുളിക്കാമായിരുന്നില്ലേ രാവിലെ മുതല്‍ നില്‍ക്കുന്നതല്ലേ ഈ വേഷത്തില്‍. സതീശന്റെ ആ ചോദ്യം രശ്മിയ്ക്ക് നല്‍കിയ സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു. എത്ര നേരമായി ആഗ്രഹിക്കുന്നതാ.
മുറിയില്‍ കയറി, അതില്‍ ചേച്ചിയും അമ്മയും അമ്മുവും മണിയറ ഒരുക്കുന്ന തിരക്കിലായിരുന്നു.
“മോളെന്തിനാ ഇപ്പൊ വന്നെ”
“ഒന്ന് കുളിക്കാന്‍ പറഞ്ഞ് സതീശേട്ടന്‍”
“അത് ശെരിയാ ഞാനും പറയണമെന്ന് കരുതിയതായിരുന്നു. മോള് കുളിച്ചോ”
അത്രയും പറഞ്ഞ് അമ്മ അവരെയും കൂട്ടി പുറത്തേക്ക് പോയി. രശ്മി മുറിയിലൊന്ന് കണ്ണോടിച്ചു. വൃത്തിയായി അടുക്കി വെച്ചിരിക്കുന്ന മുറി, അത്യാവശ്യം കബോര്‍ഡുകളും, ലാപ്‌ടോപ്പ് ടേബിളും എസിയും ഒക്കെയുണ്ട്. നടുവില്‍ കട്ടില്‍.വെള്ള ഷീറ്റ് വിരിച്ചിരിക്കുന്നു, അതിലങ്ങിങ്ങായി ചിതറി കിടക്കുന്ന മുല്ലപ്പൂക്കള്‍. വീട്ടില്‍ നിന്നും അനിയത്തി കൊണ്ട് വന്ന പെട്ടി മൂലയില്‍ ഇരിക്കുന്നത് കണ്ടു. അതിലുണ്ട് അത്യാവശ്യം തുണികളും മറ്റും.
രശ്മി കുളിച്ചു വന്നിട്ടും സതീശന്‍ വന്നില്ല. അവള്‍ അമ്മയുടെ അടുത്തേക്ക് പോയി. സോഫയില്‍ അമ്മയും ചേച്ചിയും മറ്റു ഒന്നുരണ്ട് ചേച്ചിമാരും ഇരുന്ന് കഥ പറയുന്നുണ്ട്.
“ആ മോളുടെ കുളി കഴിഞ്ഞോ”
“ഉം കഴിഞ്ഞമ്മേ”
“എന്നാല്‍ ഇവിടെ വന്നിരിക്കൂ”
രശ്മി ചേച്ചിയുടെ അടുത്തു ചെന്നിരുന്നു. അവര്‍ വിശേഷങ്ങള്‍ ചോദിക്കാനും പറയാനും തുടങ്ങി. ഇടയ്ക്ക് ക്ലോക്കില്‍ സമയം ഒന്‍പതര ആയെന്നു കണ്ടു.മനസ്സില്‍ ഭീതി കൂടി കൂടി വരുന്നു. അവരുടെ ചോദ്യങ്ങള്‍ക്ക് എന്തൊക്കെയോ മറുപടി പറഞ്ഞു. ആ ചേച്ചിമാരും രാതിയായി ഇനി നില്‍ക്കുന്നില്ല എന്നുംപറഞ്ഞു അവരവരുടെ വീടുകളിലേക്ക് പോയി. അമ്മ അടുക്കളയിലേക്കും.അമ്മു ഉറങ്ങിയത് കാരണം ചേച്ചി അവളെയും എടുത്തുകൊണ്ട് ചേച്ചിയുടെ മുറിയിലേക്ക് പോയി. സോഫയിലവള്‍ തനിച്ച്.
അമ്മയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോ കയ്യിലൊരു ഗ്ലാസ്സ് പാലുമായി നില്‍ക്കുന്നു. ‘
“സമയം പത്തായി മോളേ ഇനി ചെല്ലാന്‍ നോക്ക്”
അമ്മയുടെ കയ്യില്‍ നിന്നും ഗ്ലാസ്സും വാങ്ങി പതിയെ മണിയറയിലേക്ക് നടന്നു. മനസ്സില്‍ നാണവും, പേടിയും, ക്ഷീണിതമായ ശരീരവും.
മുറിയില്‍ ലാപ്‌ടോപ്പിന് മുന്നില്‍ റിലേഷന്‍സ്ഷിപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുകയായിരുന്ന സതീശന്‍ ശബ്ദം കേട്ട് എഴുന്നേറ്റു.
രശ്മി വരൂ എന്നും പറഞ്ഞ് സതീശന്‍ വാതില്‍ കുറ്റിയിട്ടു.
കിടക്കയില്‍ പോയിരുന്നു. അടുത്തേക്ക് ചെന്ന് പാല് നീട്ടി. അത് വാങ്ങി അടുത്തിരുന്ന മേശമേല്‍ വെച്ചിട്ട് തന്നെ പിടിച്ച് കട്ടിലില്‍ ഇരുത്തി.
സതീശന്‍ സംസാരിച്ചു തുടങ്ങുകയായിരുന്നു.
“ഇവിടെ ഈ രാത്രിയില്‍ തുടങ്ങുകയാണ് നമ്മുടെ ജീവിതം. സുഖത്തിലും ദുഖത്തിലും കൂടെ നില്‍ക്കാന്‍, ആശ്വസിപ്പിക്കാന്‍ ഒരു തുണയെയാണ് ഞാന്‍ ആഗ്രഹിച്ചത്, സൌന്ദര്യമോ പണമോ പഠിപ്പോ ഒന്നും പ്രതീക്ഷിച്ചിട്ടില്ല. ആഗ്രഹത്തിനൊത്ത തുണയായിരിക്കും നീയെന്നാണ് എന്‍റെ വിശ്വാസം.”
എല്ലാം മൂളിക്കേട്ടുകൊണ്ട് അവള്‍ കുനിഞ്ഞിരിക്കുകയാണ്. കണ്ണില്‍ ഉറക്കം തളം കെട്ടുന്നു. കവിളില്‍ പിടിച്ചവന്‍ മുഖം ഉയര്‍ത്തി. കണ്ണിലേക്ക് നോക്കി കുറച്ചു നേരം. മൂര്‍ദ്ധാവിലൊരു ചുംബനം. പതിയുടെ ആദ്യ ചുംബനത്തെ മനസ്സിലും മൂര്‍ദ്ധാവിലും ഏറ്റുവാങ്ങിയവള്‍.
അവന്‍ വീണ്ടും സംസാരിച്ചുകൊണ്ടിരുന്നു
“പുതിയ ലോകം, പുതിയ ആള്‍ക്കാര്‍, പുതിയ സാഹചര്യം. അഡ്ജസ്റ്റ് ചെയ്യാന്‍ നിനക്ക് കുറച്ച് സമയമെടുക്കും, എനിക്ക് മനസ്സിലാവുമത്. ആവുന്നിടത്തോളം വേഗം ഇവിടുത്തെ സാഹചര്യങ്ങളെ തന്‍റെതാക്കുക, കാരണം ഇതാണിനി നിന്റെയും എന്‍റെയും ലോകം.”
“ഞാന്‍ മാത്രമിങ്ങനെ സംസാരിച്ചുകൊണ്ടിരുന്നാലോ നീ എന്തെങ്കിലും പറയൂ”
“ഞാന്‍ എന്ത് പറയാനാ, സതീശേട്ടന്‍ പറഞ്ഞോളൂ”
“എങ്കില്‍ ശെരി സംസാരിച്ചു സമയം കളയണ്ടാ നമുക്ക് കിടന്നാലോ”
“ഉം”
ഒന്ന് തല ചായ്ക്കാന്‍ ആഗ്രഹിച്ച അവളുടെ മനസ്സ് അറിഞ്ഞിട്ടെന്നവണ്ണമായിരുന്നു അവന്‍റെ ചോദ്യം.
കിടക്കയില്‍ തൊട്ടടുത്ത് കിടക്കുമ്പോഴും മനസ്സില്‍ ഇനി സംഭവിക്കാന്‍ പോകുന്ന വേദനയുടെ ആകുലതകളായിരുന്നു. ചുടു നിശ്വാസം കവിളിലടിച്ചപ്പോള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. അവന്‍റെ ശബ്ദമാണ് കണ്ണ് തുറപ്പിച്ചത്. അവന്‍ സംസാരിക്കുകയായിരുന്നു
നിന്‍റെ കണ്ണുകളിലെ ക്ഷീണം എനിക്ക് കാണാം. താങ്ങാവുന്നതിലുമധികം വസ്ത്രങ്ങളും ആഭരണങ്ങളും താങ്ങി ഒരു ദിവസം മുഴുവന്‍ നില്‍ക്കേണ്ടി വരുന്ന പെണ്‍കുട്ടികളുടെ അവസ്ഥ മനസ്സിലാവും. ക്ഷീണം കാരണം കിടക്കാനാഗ്രഹിച്ചിട്ടും മരപ്പാവ പോലെ പുരുഷന്‍റെ ആഗ്രഹത്തിന് വഴങ്ങിക്കൊടുക്കുന്ന സ്ത്രീകളാണധികവും. അത് മനസ്സിലാക്കാത്ത പുരുഷന്മാരും. ഒരു വേദനയോടു കൂടി നമ്മുടെ ജീവിതം ആരംഭിക്കുവാന്‍ പാടില്ല. അതുകൊണ്ട് മനസ്സ് സ്വസ്ഥമാക്കി നീയുറങ്ങ്.
ആഗ്രഹിച്ചത് അപ്പാടെ അവനില്‍ നിന്ന് കേട്ടപ്പോള്‍ എന്താന്നില്ലാത്ത ആശ്വാസം, കേട്ടുമറന്ന കഥകളില്‍ നിന്നും വ്യത്യസ്തനാണ് തന്‍റെ പ്രിയന്‍. തന്നെ മനസ്സിലാക്കിയ പെരുമാറ്റം. ഭാഗ്യവതിയാണ് താന്‍. ആ ചിന്ത അവളെ കൂടുതല്‍ പ്രസന്നവതിയാക്കി. അവന്‍റെ മാറിലേക്ക് ചേര്‍ന്നുകൊണ്ട് ആ ഇളം ചൂടില്‍ അന്നവളുറങ്ങി.
ശെ, ഇതൊരുമാതിരി... ഇതാണോ ആദ്യരാത്രി? ബിരിയാണി പ്രതീക്ഷിച്ചിട്ട് പഴങ്കഞ്ഞി കിട്ടിയതു പോലെ :/
മറുപടിഇല്ലാതാക്കൂഹ ഹ .. ഒരുപാട് പ്രതീക്ഷിച്ചു ല്ലേ.
ഇല്ലാതാക്കൂആദ്യരാത്രിയെ കുറിച്ച് പെണ്‍കുട്ടികള്‍ക്ക് ഉണ്ടായേക്കാവുന്ന ചിന്ത, പേടി. ഒരു പുരുഷന് ചെയ്യാവുന്നത് അങ്ങനെയുള്ള ചിന്തകളില്‍ നിന്നും ഉരുത്തിരിഞ്ഞ് വന്നതാ.
ഇഷ്ട്ടമായ് സുഹൃത്തേ ഈ ആദ്യരാത്രി ... എല്ലായിടവും ഇതൊക്കെ തന്നയാ ഇപ്പോൾ നടക്കുന്നെ ഹി ഹി ഹി .
മറുപടിഇല്ലാതാക്കൂനന്ദി മാനവന്‍ .......ഒരു പെണ്‍കുട്ടിയുടെ സ്ഥാനത്ത് നിന്ന്‍ ഒന്ന്‍ ചിന്തിച്ച് നോക്കിയതാ ......
ഇല്ലാതാക്കൂഎന്തു വാടേ
മറുപടിഇല്ലാതാക്കൂ