തിങ്കളാഴ്‌ച, മേയ് 18, 2015

അരുണ ഷാന്‍ബാഗ്

നാല്‍പ്പത്തി രണ്ട് വര്‍ഷം, 
നാല് പതിറ്റാണ്ടുകളാണവള്‍,
മുംബൈയില്‍ സ്വകാര്യ ആസ്പത്രിയില്‍ നേഴ്സ് ആയിരുന്ന ഇരുപത്തിയാറ് വയസ്സുകാരി അരുണ എന്ന പെണ്‍കുട്ടി അതി ക്രൂരമായ ബലാല്‍സംഗത്തിനിരയായി അബോധാവസ്ഥയില്‍ കോമയില്‍ കഴിഞ്ഞത്. വേദനകള്‍ക്കു വിരാമമിട്ട് അവള്‍ യാത്രയായി, വേദനകളില്ലാത്ത ലോകത്തേക്ക്.


1973 നവംബര്‍ 27 നാണ് സഹജീവനക്കാരന്‍ അരുണയെ ആക്രമിച്ച് ബലാല്‍സംഗം ചെയ്തത്. ചങ്ങല കൊണ്ട് കഴുത്ത് മുറുക്കിയതിനാല്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. ആതുര ശുശ്രൂഷ സംവിധാനം ഇന്നത്തെ പോലെ വിപുലമല്ലാതിരുന്ന ആ കാലത്ത് അവള്‍ക്കുള്ള ചികിത്സ പരിമിതമായിരുന്നു. ഒരുപാട്‌ ശ്രമിച്ചിട്ടും അരുണയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം പുനര്‍സ്ഥാപിക്കാന്‍ കഴിഞ്ഞില്ല, മരിച്ചുവെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതെയെങ്കിലും ഉള്ളില്‍ ജീവന്‍റെ ഒരു കൊച്ചു തുടിപ്പ് അവശേഷിക്കുന്നതവര്‍ തിരിച്ചറിഞ്ഞു.

കോമാ സ്റ്റേജില്‍ കിടക്കുന്ന പ്രതികരിക്കാനാവാത്ത അവളെ ഉപേക്ഷിക്കാന്‍ ആസ്പത്രി അധികാരികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സാധിക്കുമായിരുന്നില്ല. അവളെ ശുശ്രൂഷിക്കുവാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. അവള്‍ക്കായി പ്രത്യേക മുറിയൊരുക്കി, ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കി അവര്‍ അവളെ സ്വന്തം കുഞ്ഞിനെ പോലെ പരിപാലിച്ചു. അന്നത്തെ അവളുടെ സഹപ്രവര്‍ത്തകര്‍ എല്ലാം റിട്ടയര്‍ ആയി പോയെങ്കിലും പിന്നീട് വന്നവരും മുന്‍ഗാമികളുടെ പാത പിന്തുടര്‍ന്നു അവളുടെ ശുശ്രൂഷ ഏറ്റെടുത്തു. നാല് പതിറ്റാണ്ട് കഴിഞ്ഞ് ഇന്നവള്‍ വിധിക്ക് കീഴടങ്ങുമ്പോള്‍ മുംബയിലെ കെ ഇ എം ആസ്പത്രി അധികാരികളുടെയും അവളെ ശുശ്രൂഷിച്ച എല്ലാവരുടെയും വിശാലമനസ്സിനുമുന്നില്‍ നാം കൈ കൂപ്പണം.

സോഹര്‍ലാല്‍ ഭര്‍ത്ത വാല്മീകി എന്ന നരാധാമന്റെ രൂപത്തില്‍ വിധി അവളെ വേട്ടയാടിയത് അവളുടെ വിവാഹത്തിന്‍റെ തലേ നാള്‍ ആണ്. കര്‍ണ്ണാടകത്തില്‍ നിന്നും മുംബൈയില്‍ വന്ന് ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ചവള്‍. നേഴ്സിംഗ് കഴിഞ്ഞ് കെ ഇ എം ഹോസ്പിറ്റലില്‍ ജൂനിയര്‍ നേഴ്സായി ജോലി നോക്കുന്നതിനിടയില്‍ അവിടുത്തെ ഒരു ഡോക്ടറുമായി ഇഷ്ടത്തിലാവുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഡ്യൂട്ടി അവസാനിപ്പിച്ചു വിവാഹിതയാവാന്‍ പോകുന്നതിന്‍റെ തലേന്നാള്‍ ആണ് ക്രൂരമായി ബലാത്സംഗപ്പെട്ടത്. ഹോസ്പിറ്റലിലെ തന്നെ ക്ലീനിംഗ് സ്റ്റാഫ്‌ ആയ സോഹര്‍ലാല്‍ ഭര്‍ത്ത വാല്മീകി, എന്നും താമസിച്ചു വരുന്ന അയാളെ വഴക്ക് പറഞ്ഞിരുന്ന അരുണയോടുള്ള പക തീര്‍ത്തതാണ്. അതവളുടെ ജീവിതമാണ് നശിപ്പിച്ചത്.

പോലീസ്‌ കേസേടുത്തങ്കിലും ആ നരാധമന് കിട്ടിയത് വെറും ഏഴു കൊല്ലത്തെ ശിക്ഷമാത്രം.അരുണ അവിടെ മരണത്തിനും ജീവിതത്തിനുമിടയില്‍ കഴിയുമ്പോള്‍ അവന്‍ പുറത്ത് ഭാര്യയും കുട്ടികളുമായി സുഖിച്ചു കഴിഞ്ഞു. ഇന്നവള്‍ മരണത്തിന് കീഴടങ്ങുമ്പോഴും അവന്‍ വിലസുന്നുണ്ടാവാം താന്‍ ചെയ്ത തെറ്റിന്‍റെ ലവലേശം മനസാക്ഷിക്കുത്ത് പോലുമില്ലാതെ.

അരുണയ്ക്ക് നീതി ലഭിച്ചിരുന്നില്ല, ഇനി ലഭിക്കാനും പോകുന്നില്ല. നീതിയും ന്യായവും ആവശ്യമില്ലാത്ത ലോകത്തേക്കവള്‍ യാത്രയായിക്കഴിഞ്ഞു. എങ്കിലും ഓര്‍ക്കേണ്ടതുണ്ട് നാം ഒരു അരുണ മാത്രമല്ല ഒരുപാട് ഒരുപാട് സഹോദരിമാരുടെ കഥകളുണ്ട് നമുക്ക് ചുറ്റും, നീതി നിഷേധിക്കപ്പെട്ടവര്‍. ഓരോ കഥകളും നീതി വ്യവസ്ഥിതിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നവ.

ടൈംസ് ഓഫ് ഇന്ത്യയിലെ പത്രപ്രവര്‍ത്തകയായ പിങ്കി വിരാനിയാണ് അരുണയുടെ കഥ ലോകത്തിനു മുന്നില്‍ കൊണ്ടുവന്നത്. അരുണയുടെ അവസ്ഥ കണ്ടു ദയാവധത്തിനായി കോടതിയെ സമീപിച്ചിരുന്നു അവര്‍. പക്ഷെ മെഡിക്കല്‍ ടീമിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ആ കേസ് തള്ളിക്കളയപ്പെട്ടു. ക്രൂരമായ അവളുടെ വിധിയില്‍ നിന്നും മോചനമായിരുന്നെനെ ആ ദയാവധം. ഒരു അരുണയുടെ കഥ പുറത്ത് വന്നുവെങ്കിലും പുറത്തറിയാത്ത എത്രയെത്ര കഥകള്‍ നമുക്ക് ചുറ്റുമുണ്ടാവും.

ഒരത്യാഹിതം നടന്നിട്ട് നീതിക്ക് വേണ്ടി വിലപിക്കുന്നതിലും നല്ലത് അത് സംഭവിക്കാതിരിക്കാന്‍ ശ്രമിക്കുകയാണ്. അതിനായി നിയമങ്ങളില്‍ ഭേദഗതികള്‍ വരണം, പിടിക്കപ്പെടുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണം, ഇനിയോരാളും ആവര്‍ത്തിക്കാതിരിക്കത്തക്ക കഠിനമായ ശിക്ഷ. അതിനായി ഭരണകൂടമാണ് മുന്‍കൈ എടുക്കേണ്ടത്. ഗോവിന്ദച്ചാമിയെ പോലുള്ളവര്‍ സര്‍ക്കാര്‍ ചിലവില്‍ ജയിലില്‍ സുഖിച്ച് കഴിയുന്ന നാടാണ്, അജ്മല്‍ കസബിനു വേണ്ടി പോലും മുറവിളി കൂട്ടിയ ആള്‍ക്കാരുള്ള നാടാണ് നമ്മുടേത്. ബലാല്‍സംഗവും കൊലപാതകവും വരെ ചെയ്യുന്നവര്‍ക്ക് മുന്നില്‍ ഉള്ള ഉദാഹരങ്ങളാണ് അവരൊക്കെ, അവര്‍ക്ക് കിട്ടാത്ത ശിക്ഷ തങ്ങള്‍ക്കും കിട്ടില്ല എന്ന ചിന്തയാണ് അത്തരക്കാരുടെ പ്രചോദനം.

മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലങ്കില്‍ മാറ്റുമതുകളീ നമ്മളെത്താന്‍.

വിവരങ്ങള്‍ക്ക് കടപ്പാട് : മാതൃഭൂമി.

2 അഭിപ്രായങ്ങൾ:

  1. മനസ്സിലവര്‍ മായാതെ കിടക്കുന്നു, അന്നേ മരിക്കായിരുന്നു നന്നെന്ന് തോന്നിയിരുന്നു..ആ പത്രപ്രവര്‍ത്തക തന്നെയായിരുന്നു ദയാവധത്തിനു വേണ്ടി കേസ് ഫയല്‍ ചെയ്തത്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ ആ പ്രവര്‍ത്തക തന്നെയായിരുന്നു ദയാ വധത്തിനായി ശ്രമിച്ചത്. എന്ത് ചെയ്യാന്‍ അന്നത് നടന്നില്ല. നരകയാതനയില്‍ നിന്നുള്ള മോചനമായി മാറുമായിരുന്നു അത്.

      ഇല്ലാതാക്കൂ