ചൊവ്വാഴ്ച, ജൂൺ 09, 2015

പെങ്ങള്‍


എനിക്ക് മൂന്നു വയസ്സുള്ളപ്പോ അമ്മ അനിയനെ പ്രസവിച്ചു കിടക്കുന്ന സമയം. അന്ന് ഹോസ്പിറ്റലില്‍ പോയ ഞാന്‍ അമ്മയോട് പറഞ്ഞൂത്രേ ഈ കുട്ടീനെ കൊടുത്തിട്ട് അപ്പുറത്തെ ബെഡ്ഡില്‍ കിടക്കണ പെണ്‍കുട്ടീനെ നമുക്ക് കൊണ്ടുപോകാം എന്ന്. ബുദ്ധിയുറയ്ക്കാത്ത ആ പ്രായത്തില്‍ തുടങ്ങിയതാ ഒരു പെങ്ങള്‍ വേണം എന്ന ആഗ്രഹം.


സ്കൂളില്‍ പോയിത്തുടങ്ങുമ്പോ കൂട്ടുകാരുടെ ബാഗും ചോറ്റുപാത്രവും ഒക്കെ തൂക്കി ചേച്ചിമാരും, അനിയത്തിമാരുടെ സാധനങ്ങള്‍ ചുമക്കുന്ന കൂട്ടുകാരും നിത്യ കാഴ്ച ആയപ്പോള്‍ പഴയ ആഗ്രഹം വളര്‍ന്നു. കൂട്ടുകാരിയെ പുസ്തകങ്ങള്‍ ഏല്‍പ്പിച്ചു ഞാനും അവളുടെ കൂടെ നടക്കും. പാടവരമ്പത്തുകൂടി എന്റെയും അവളുടെയും പുസ്തകങ്ങളും ചോറു പാത്രവും ചുമന്ന് വീഴാതെ നടക്കുന്ന അവളോട്‌ പിന്നീട് ഇഷ്ടം വളര്‍ന്നത്‌ വേറെ.

മുതിര്‍ന്നപ്പോ കൂട്ടുകാര്‍ ചേച്ചിമാരുടെ കല്യാണത്തിനു വിളിക്കും. കലവറയിലും പന്തലിലും ഒക്കെ അവരിങ്ങനെ ഓരോ കാര്യങ്ങള്‍ക്കായി കറങ്ങി നടക്കുന്ന കാണുമ്പോ ആലോചിച്ചിട്ടുണ്ട് ഒരിക്കലും എനിക്കിങ്ങനെ ഒരു പെങ്ങളുടെ കല്യാണത്തിന് കൂട്ടുകാരെ ഒക്കെ വിളിച്ചു കൂട്ടി അവരുടെ മുന്നില്‍ ഷൈന്‍ ചെയ്യാനാവില്ലല്ലോന്നു.

പെങ്ങളുടെ കല്യാണത്തിനു അളിയന്‍റെ കാല് കഴുകി മണ്ഡപത്തിലേക്ക് കൊണ്ടുപോകുന്ന ഒരു ചടങ്ങുണ്ട്. അത് ചെയ്യണ്ടത് പെണ്ണിന്‍റെ ആങ്ങളയാണ്. അങ്ങനെ ചെയ്യുമ്പോ കല്യാണചെക്കന്‍ അളിയന് എന്തെങ്കിലും സമ്മാനം കൊടുക്കും, പണമോ ഗിഫ്റ്റോ എന്തെങ്കിലും. ചെറുപ്പത്തില്‍ അതൊക്കെ കാണുമ്പോ വല്യ ആഗ്രഹാ അങ്ങനെ ഒരു പെങ്ങളുടെ കല്യാണം നടത്തിക്കാന്‍ പറ്റിയിരുന്നങ്കില്‍ എന്ന്.

കൂട്ടുകാരൊക്കെ പെങ്ങന്‍മാരുടെ വിശേഷം പറയുമ്പോ ഇങ്ങനെ കേട്ടുകൊണ്ടിരിക്കും, അവരുമൊത്തുള്ള തമാശകളും, പിണക്കങ്ങളും മറ്റും കേള്‍ക്കുമ്പോ മനസ്സിലൊരു ഭാരമായിരുന്നു. കുടുംബത്തിലെ കസിന്‍സിനെ പെങ്ങളാക്കിക്കൊണ്ടായിരുന്നു ഒരു പരിധി വരെ ആ വിഷമം മറന്നിരുന്നത്.

ഇന്നീ പ്രവാസ ലോകം എനിക്കൊരു പെങ്ങളെ സമ്മാനിച്ചു. Ashtamy (അഷ്ടമി). രക്ത ബന്ധമല്ലങ്കിലും കര്‍മ്മം കൊണ്ട് പെങ്ങളായവള്‍. അവളോട് ഞാന്‍ തല്ലു കൂടും, ഇണങ്ങും, പിണങ്ങും, കൊഞ്ചും, തമാശ പറയും, കളിക്കും ചിരിക്കും. ചെറുപ്പത്തില്‍ എനിക്ക് കിട്ടിയിട്ടില്ലാത്ത പെങ്ങളുടെ സ്നേഹം ഇന്ന് നല്‍കുന്നത് അവളാണ്. സ്നേഹം മാത്രല്ല നല്ല പിച്ചും ചവിട്ടും കടിയും ഒക്കെ ഇടയ്ക്ക് കിട്ടാറുണ്ട്. അവളുമൊത്തുള്ള ഓരോ നിമിഷവും ആസ്വദിക്കുകയാണ് ഞാനിന്ന്.

രക്തബന്ധം മാത്രമല്ല ബന്ധങ്ങളില്‍ ശക്തമായത് എന്ന തിരിച്ചറിവ് തന്ന ഒരുപാട് പേരുണ്ട് എനിക്കിവിടെ.ചിലപ്പോള്‍ ഭാഗ്യമാകും, ഏതോ മുജ്ജന്മ ഭാഗ്യം. ഒട്ടും ഇഷ്ടമില്ലാതെ പ്രവാസം സ്വീകരിച്ച എനിക്കിന്ന് മടുക്കുന്നത് നാടാണ്, കാരണം ഇവിടെ കിട്ടിയ നല്ല ബന്ധങ്ങളാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ