നിതിക്കുട്ടാ ഓടല്ലേ... ഈ കുട്ടി ഓടി എവിടെയെങ്കിലും വീഴുല്ലോ ന്റെ കൃഷ്ണാ.
പിന്നില്‍ നിന്ന് അമ്മയാണ് വിളിക്കുന്നത്.. അതൊന്നും കാര്യാക്കാതെ നിതി ഓടുകയാണ്.. ആദ്യായി മണ്ണും മരങ്ങളും കണ്ട സന്തോഷത്തില്‍ വീടിന് ചുറ്റും ഓടിക്കളിക്കുകയാണ്. തുളസിത്തറ വലംവെച്ചു വന്ന അവനെ പിടിച്ച് അമ്മ ശാസിക്കുന്നതിനിടയില്‍ മുറ്റത്തേക്ക് വന്ന അമ്മമ്മ തന്നിലേക്ക് ചേര്‍ത്ത് പിടിച്ചു.എന്നാലും ഇങ്ങനെ ഓടി വല്ലയിടത്തും വീണ് കയ്യോ കാലോ ഒക്കെ ഓടിഞ്ഞാലോ..
അതൊന്നും ഉണ്ടാവില്യ ..നീ വെറുതെ പേടിക്കണ്ടാ ...അവനോടി കളിക്കട്ടെ... എത്രദിവസത്തേക്കാ..
അമ്മയും അമ്മമ്മയും സംസാരിക്കുന്നതിനിടയില്‍ നിതി വീണ്ടും ഓട്ടം തുടങ്ങി. അവനങ്ങനെയാണ് കുസൃതി... ജാനകി വാര്യരുടെയും സെബാസ്റ്റ്യന്‍ ജോസഫിന്റെയും മകന് ...നാലാക്ലാസ്സുകാരന്. കണ്ടിട്ടില്ലാത്ത കാഴ്ചകള്‍ കാണുമ്പോഴും അറിഞ്ഞിട്ടിലാത്ത കാര്യങ്ങള്‍ അറിയുമ്പോഴും അവനെന്നും ആശ്ചര്യപ്പെടുന്നത് കണ്ടിട്ടുണ്ട്. അല്ല കുട്ടികള്‍ അങ്ങനെയാണല്ലോ.
താനും അങ്ങനെതന്നെയായിരുന്നു.. ജാനകി ഓര്‍ത്തു. ചെറുപ്പത്തില്‍ തനിക്കും കുറുമ്പ് കൂടുതലായിരുന്നു.മൂത്ത മൂന്ന് ചേച്ചിമാരും, രണ്ട് ഏട്ടന്മാരും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിലെ ഏറ്റവും ഇളയ കുട്ടി... അതുകൊണ്ട് തന്നെ ആവശ്യത്തിലധികം ലാളനയും പരിഗണനയും കിട്ടിയാണ് വളര്‍ന്നത്.അതിന്റെ കുറുമ്പ് ആവശ്യത്തിനുണ്ടായിരുന്നുതാനും. അമ്മ പറയും ആണ്‍കുട്ടിയായി ജനിക്കേണ്ടതായിരുന്നു താനെന്ന്. ഏട്ടന്മാരുമാരുമായിരുന്നു കൂട്ട്. അവരോടൊപ്പം ഓടി കളിക്കാനും പുഴയില്‍ പോകാനും മറ്റും എന്നും ആവേശമായിരുന്നു. അവര്‍ക്കും അനിയത്തിമാരില്‍ എട്ട്ടവും ഇളയ തന്നോടായിരുന്നു ഇഷ്ടക്കൂടുതലും. അമ്മയും ഏട്ടത്തിമാരും വീട്ടില്‍ കുളത്തില്‍ കുളിക്കുമ്പോ താന്‍ ഏട്ടന്മാരോടൊപ്പം പുഴയില്‍ പോകും. സ്കൂളില്‍ പോകുമ്പോ പാടവരമ്പത്ത് തന്നെയും എടുത്തുകൊണ്ട് പോകുമായിരുന്നു അവര്‍.
താന്‍ മുതിര്ന്നപ്പോ ഏട്ടന്മാര് ജോലിക്ക് പോകാന്‍ തുടങ്ങി, എട്ടത്തിമാരില് രണ്ടുപേരുടെ കല്യാണം കഴിഞ്ഞു. എങ്കിലും വൈകിട്ട് സ്കൂള്‍ വിട്ട് വരുമ്പോള്‍ ഏട്ടന്മാര് തനിക്കായി പീടികത്തിണ്ണയില്‍ കാത്തിരിക്കുമായിരുന്നു. അത്രയധികം തന്നെ സ്നേഹിച്ചിരുന്നതിനാലാവണം പത്താം തരം പാസായപ്പോ കോളേജില്‍ പോകണമെന്ന തന്റെ ആഗ്രഹത്തിനവര്‍ എതിരുനില്ക്കാഞ്ഞത്. പ്രീഡിഗ്രിക്ക് കോളേജില്‍ പോകുമ്പോഴും പഠിച്ച് നല്ലൊരു ജോലി നേടണമേന്നേ ആഗ്രഹിച്ചിരുന്നുള്ളൂ. താന്‍ പ്രീഡിഗ്രി കഴിഞ്ഞപ്പോഴേക്കും ഏട്ടന്മാരുടെ വിവാഹവും കഴിഞ്ഞു. നല്ല മാര്‍ക്കോടുകൂടി പാസ്സായതിനാല്‍ ഡിഗ്രിക്ക് പോകണമെന്ന ആഗ്രഹവും സഫലമായി. പട്ടണത്തിലെ കോളേജില്‍ അഡ്മിഷന് കിട്ടിയതും, കൂടെ പഠിച്ച പലരും കൂടെയുണ്ടെന്നുള്ളത് വല്ലാത്ത സന്തോഷമായിരുന്നു.
അവിടെവെച്ചാണ് സെബാസ്റ്റ്യനെ പരിചയപ്പെടുന്നത്. പട്ടണത്തില്‍ ജനിച്ചുവളര്‍ന്ന സുന്ദരനായ ചെറുപ്പക്കാരന്... സൗമ്യമായ പെരുമാറ്റം. അതാണ് തന്നെ ആകര്‍ഷിച്ചതും. ശാന്ത പ്രകൃതനായ അയാള്‍ ഒരിക്കല്‍ ഇടനാഴിയില്‍ വെച്ച് മറ്റാരും കേള്‍ക്കാതെ തന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ ചുവന്ന് തുടുത്ത കവിളുകളെയും പൊത്തിപ്പിടിച്ച് താനോടിമറഞ്ഞു. എങ്കിലും അയാളോടുള്ള ഇഷ്ടം പ്രകടിപ്പിക്കാന്‍ പേടിയായിരുന്നു. അയാള്ക്കുമതറിയാമായിരുന്നു, അതാവണം കോളേജിന്റെ അവസാന ദിവസം തന്റെ കൈ പിടിച്ച് ഞാനൊരിക്കല്‍ വരും. അപ്പോള്‍ തന്നോടൊപ്പം പോരണമെന്നയാള് പറഞ്ഞത്.
ജോലി കിട്ടി ബോംബെയ്ക്ക് പോകുന്നു, നീയും കൂടെ വരണമെന്ന് പറഞ്ഞപ്പോ മറ്റൊന്നുമാലോചിക്കാതെ അയാളോടൊപ്പം ഇറങ്ങി പോന്നത് എന്നോ മനസ്സില്‍ തോന്നിയ ഇഷ്ടം കൊണ്ടാണ്. അച്ഛനെയും അമ്മയെയും ഏട്ടന്മാരെയും കുടുംബത്തെയും ഒരു തുലാസിലും സെബാസ്റ്റ്യനെ മറ്റതിലും വെച്ച് സ്നേഹമളന്ന് നോക്കാതിരുന്നത് രണ്ടാമത്തെ തട്ടിന് തൂക്കക്കൂടുതലുണ്ടാവുമെന്ന് തോന്നിയിട്ടാണ്. അതങ്ങിനെ തന്നെ ആയിരുന്നുവെന്ന് മനസ്സിലായത് ജീവിതം തുടങ്ങിയപ്പോഴാണ്. എങ്കിലും നാടും വീടും വീട്ടുകാരും മനസ്സിലോടിയെത്തുമ്പോള് ആ മാറിലെ ചൂട് ആശ്വാസം പകരുന്നതറിഞ്ഞിട്ടുണ്ട് പലപ്പോഴും.
സന്തോഷകരമായ ജീവിത യാത്രയ്ക്കിടയില്‍ തങ്ങള്‍ക്ക് കൂട്ടായ് ജനിച്ച നിതിമോന് ലോകത്തിലെ എല്ലാ സൗഭാഗ്യങ്ങളും നല്‍കണമെന്നാഗ്രഹിച്ച ഒരച്ഛന്റെ സ്വപ്നങ്ങള്‍ ഒരാക്സിഡന്റില്തകര്ന്നടിഞ്ഞപ്പോള് നഷ്ടമായത് തന്റെ ജീവിതം കൂടിയാണ് എന്ന് മനസ്സിലാക്കാന്‍ കുറച്ച് സമയമെടുത്തു. ഉന്നത ഉദ്ദ്യോഗസ്ഥനായ സെബാസ്റ്റ്യന്റെ സമ്പാദ്യം മുഴുവന്‍ വിറ്റ്പെറുക്കി തിരികെ നാട്ടിലേക്ക് തിരിക്കുമ്പോള്‍ ഒരിക്കല്‍ ഉപേക്ഷിച്ചു പോയ വീട്ടുകാരും നാടും തന്നെ സ്വീകരിക്കുമോയെന്ന ചിന്തയായിരുന്നില്ല. ബോംബെ എന്ന മഹാ നഗരത്തില്‍ ഒട്ടപെട്ടുപോയ ഒരമ്മയുടെയും മകന്റെയും നിസ്സഹായാവസ്ഥ മുതലെടുക്കാന്‍ വന്ന കാപാലികന്മാരില്‍ നിന്നുള്ള ഒളിച്ചോട്ടമായിരുന്നത്.
പ്രക്ഷുബ്ധമായ മനസ്സുമായി കാറില്‍ നിന്നിറങ്ങുമ്പോള്‍ കണ്ടു പടിവാതില്ക്കല് വഴിക്കണ്ണുമായ് കാത്തിരിക്കുന്ന അമ്മയെ. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ മകളെ കാണുന്ന അമ്മയുടെ കണ്ണുകളില്‍ സന്തോഷമോ സങ്കടമോ എന്നറിയാത്ത വിധം കലങ്ങിയിരുന്നു അവ. അച്ഛനെവിടെയെന്ന ചോദ്യത്തിന് ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി.ഭിത്തിയില്‍ തൂക്കിയിരുന്ന അച്ഛന്റെ ഫോട്ടോയിലൊരു മുല്ലമാല തൂങ്ങിയാടിയിരുന്നു.
അമ്മയും മൂത്ത ഏട്ടനും കുടുംബവും മാത്രമേയുള്ളൂ തറവാട്ടില്‍. രണ്ടാമത്തെ ഏട്ടന് ഭാര്യവീട്ടിലാണ് താമസം. ഏട്ടത്തിമാരെല്ലാം ഭര്ത്താക്കന്മാരോടൊപ്പം അവരുടെ വീട്ടില്‍. തന് വന്നതറിഞ്ഞ് കാണാന്‍ വന്നിരുന്നു. ജീവിതത്തിലൊറ്റപ്പെട്ടു പോയ തന്നെ ഇനിയും വേദനിപ്പിക്കണ്ടന്ന് കരുതിയാവും അവരെല്ലാം സ്നേഹം കാണിക്കുന്നത്.
“അമ്മേ അമ്മയെന്തിനാ കരയുന്നത്” ചോദ്യം കേട്ടാണ് ചിന്തയില്‍ നിന്നുണര്‍ന്നത്. നിതിയാണ്. ഓടി തളര്‍ന്ന അവന് മടിയില്‍ തല ചായ്ച് കിടക്കുകയാണ്. അമ്മേ തിരികെ പോകുമ്പോള്‍ കുറച്ച് ചിത്രശലഭങ്ങളെ കൂടെ കൊണ്ടുപോകണം നമുക്ക്, അവിടെ കൂട്ടുകാര്‍ക്ക് കാട്ടിക്കൊടുക്കാലോ. കയ്യിലിരുന്ന ശലഭത്തെ കാട്ടിയവന് പറഞ്ഞു. നിതിയാകെ സന്തോഷത്തിലാണ്. പുതിയ നാടും കാഴ്ചകളും കൂട്ടുകാര്‍ക്ക് വിവരിക്കാനുള്ള സന്തോഷത്തില്‍.
പക്ഷെ ആ ശലഭങ്ങളോ അവനോ അറിഞ്ഞിരുന്നില്ല ഇനിയൊരു തിരിച്ചുപോക്ക് അവര്ക്കുണ്ടാവില്ലന്ന്.
അടിപൊളി മച്ചാ ...... സൂപ്പര്‍ <3
മറുപടിഇല്ലാതാക്കൂആല്ബിച്ചോ ..........താങ്ക്യു <3
ഇല്ലാതാക്കൂ