അവളിന്ന്‍ നമ്മുടെ ദുഃഖമായി മാറുമ്പോള്‍ മരണത്തിന്‍റെ അഗാധതയിലേക്ക് അവള്‍ തനിയെ ഇറങ്ങി പോയതോ ...അതോ അതിലേക്ക് വലിച്ചെറിഞ്ഞതോ ?
ദുരൂഹതകള്‍ മാത്രം ബാക്കി നില്‍ക്കുന്നു.
എല്ലാമൊരു തിരക്കഥ പോലെ തോന്നുന്നു. ഒരു വിദ്യാഭാസ സ്ഥാപനത്തിന്‍റെ മുകളില്‍ നിന്ന്‍ വീണു മരിച്ച ഒരു പെണ്‍കുട്ടി ഒറ്റവരി വാര്‍ത്തയിലൊതുങ്ങി പോയത് ദൌര്‍ഭാഗ്യകരമാണ്. അത്രെയ്ക്ക് പ്രാധാന്യമില്ലാത്ത വാര്‍ത്തയായി മാറിയതെന്തുകൊണ്ടാണ് ?? ഇത്രയും വലിയൊരു സ്ഥാപനത്തെ പ്രതി സ്ഥാനത്തു നിര്‍ത്തുമ്പോഴും , ആ വാര്‍ത്തയെ പ്രാധാന്യമില്ലാതെയാക്കി കളഞ്ഞ മാധ്യമങ്ങളെ വിമര്‍ശിക്കുമ്പോഴും, ഇത് വെറുമൊരു റാഗിംഗ് പ്രശ്നത്തിന്‍റെ പേരിലുള്ള മരണമായി തള്ളിക്കളയാന്‍ സാധിക്കില്ല..
റോജി പഠിച്ചിരുന്നത് കിംസ് ന്‍റെ ക്യാംപസിലല്ല. കിംസിന്റെ തന്നെ കീഴിലുള്ള മറ്റൊരു സ്ഥാപനത്തിലാണ്. ഒരു ജൂനിയര്‍ വിദ്യാര്‍ത്ഥിയെ കളിയാക്കിയ പ്രശ്നത്തിന്റെ പേരില്‍ വിശദീകരണം നേടാന്‍ കിംസിന്റെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയത് തന്നെ സംശയിക്കത്തക്കതാണ്. കഷ്ടപ്പാടുള്ള ജീവിതസാഹചര്യങ്ങളില്‍ നിന്നും വരുന്ന പഠിക്കാന്‍ മിടുക്കിയായ ഒരു പെണ്‍കുട്ടി റാഗിംഗ് പോലൊരു കാര്യത്തിലേക്ക് പോകുമെന്നത് വിശ്വസിക്കാന്‍ പ്രയാസം. അത് ആ കുട്ടി തെറ്റ് ചെയ്തു എന്ന് വരുത്തി തീര്‍ക്കാനുള്ള അധികാരികളുടെ ഗൂഡതന്ത്രമായിക്കൂടെ ??? കുട്ടിയുടെ മരണ ശേഷം ജൂനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും റോജിക്കെതിരെ പരാതി എഴുതി വാങ്ങിയതും ആ തന്ത്രത്തിന്റെ ഭാഗമല്ലേ ??
പതിനൊന്ന് മണിക്ക് വീടിനടുത്തുള്ള ബന്ധുവീട്ടിലേക്ക് വിളിച്ച് സംസാരിച്ച്, ആരെങ്കിലും ഹോസ്പിറ്റലിലേക്ക് വരണമെന്ന് പറഞ്ഞ പെണ്‍കുട്ടി പന്ത്രണ്ട് മണിക്ക് ചാടി മരിക്കണമെങ്കില്‍ ( അങ്ങനെ ചിന്തിച്ചാല്‍ ) ആ ഒരു മണിക്കൂറിനുള്ളില്‍ അവിടെ എന്താവും നടന്നിട്ടുണ്ടാവുക ?? അതിനുത്തരം തരേണ്ടത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ്. കിംസ് പോലൊരു സ്ഥാപനത്തിന് റിപ്പോര്‍ട്ട് തിരുത്താന്‍ വല്യ പാടില്ല എന്നതും വിസ്മരിച്ചു കൂടാ.
പന്ത്രണ്ട് മണിക്ക് മുകളില്‍ നിന്നും വീണ അവളുടെ മരണം അധികൃതര്‍ സ്ഥിരീകരിക്കുന്നത് ആറുമണിക്കൂറുകള്‍ക്ക് ശേഷമാണ്. മാത്രമല്ല ആ ബോഡി അവിടെനിന്നും പെട്ടന്ന് മാറ്റാനും, അവിടം വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കി അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുവരാന്‍ അവിടുത്തെ അധികാരികള്‍ ധൃതി കാട്ടിയതെന്തിന് ?? ബന്ധുക്കളുടെ അനുവാദമില്ലാതെ ബോഡി മെഡിക്കല്‍കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചത് സംശയങ്ങള്‍ക്ക് ബലം കൂട്ടുന്നു.
റോജിയെ വിളിച്ചു വരുത്തിയ വിദ്യാഭാസ സ്ഥാപനത്തിന്‍റെ പ്രിന്‍സിപ്പല്‍ ഇപ്പൊ ലീവിലാണ് എന്നതും ശ്രേദ്ധെയമായ ഒരു കാര്യമാണ്. അവളുടെ കൂടെ പഠിക്കുന്ന കുട്ടികളെയും പഠിപ്പിക്കുന്ന അധ്യാപകരെയും റോജിയുടെ ബോഡി കാണാനോ അവളുടെ മാതാപിതാക്കളെ കാണാനോ പോകാന്‍ പാടില്ല എന്ന്‍ കര്‍ശനമായി നിര്‍ദ്ദേശം നല്‍കിയ ആ പ്രിന്‍സിപ്പാള്‍ എന്താണ് മറയ്ക്കാന്‍ ശ്രെമിക്കുന്നത്. കൂടെ പഠിക്കുന്ന കുട്ടികള്‍ക്ക് എന്തോ പറയാനുണ്ട്, അത് പുറത്ത് വരാതിരിക്കാനാവില്ലേ അവരെ വിലക്കിയത് ?? ആ സ്ഥാപനത്തിന്‍റെ ഭാഗത്ത് നിന്നും ആരും ഇതുവരെ റോജിയുടെ വീട്ടിലേക്ക് വന്നിട്ടില്ല എന്നതും ദുരൂഹതയുണര്‍ത്തുന്ന കാര്യങ്ങളാണ്.
റോജിയുടെ ബോഡി എത്രയും പെട്ടന്ന്‍ മറവ് ചെയ്യാന്‍ കാണിച്ച ധൃതി പെട്ടന്ന്‍ ഇത് തെയ്ച്ച് മായ്ച്ച് കളയാന്‍ വേണ്ടിയല്ലേ ...
ഇത്തരം വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുക്കാത്ത മാധ്യമങ്ങള്‍. അവര്‍ക്കീ സമൂഹത്തിനോടുള്ള പ്രതിപത്തിയെന്ത് ? വാര്‍ത്തകള്‍ അറിയാനും തങ്ങളുടെ പ്രതിക്ഷേധം അറിയിക്കാനും ജനങ്ങള്‍ ആശ്രയിക്കുന്ന മാധമങ്ങള്‍ക്ക് അവരോട് നീതി പുലര്‍ത്താന്‍ കഴിയാത്തതെന്തേ ?? സംഭവസ്ഥലത്ത് എത്തിയ മാധയമ പ്രവര്‍ത്തകര്‍ എടുത്ത ഫോട്ടോകളും വീഡിയോകളും എന്തേ പുറത്ത് വരുന്നില്ല. അവര്‍ ഭയക്കുന്നതാരെയാണ്??
ഇവിടെ പ്രതി സ്ഥാനത്ത് നില്‍ക്കുന്നതൊരു കോര്‍പ്പറേറ്റ് ഭീമനാണ്. സഹായിക്കാന്‍ ധാരാളം ആളുകളുണ്ടാവും. റോജി എന്ന പെണ്‍കുട്ടിക്ക് ആരുമില്ല. സംസാരിക്കാന്‍ വയ്യാത്ത അച്ഛനും അമ്മയും, ഒരു സഹോദരനും മാത്രം. നമ്മുടെ സഹായം അവള്‍ക്ക് വേണം, മറ്റൊന്നിനുമല്ല, നീതിക്ക് വേണ്ടി.
ആരൊക്കെയോ ആടി തീര്‍ത്ത ഈ തിരക്കഥയുടെ അവസാനമെങ്കിലും അവര്‍ ഉദ്ദേശിച്ച പോലെയാവാതിരിക്കാന്‍ കൈ കോര്‍ത്തു പിടിക്കാം നമുക്ക് ...... റോജിക്ക് നീതി ലഭിക്കാന്‍.
ഇതൊക്കെയും ഒരു സാധാരണക്കാരന്‍റെ സംശയങ്ങള്‍ മാത്രം. ഉത്തരം തരാന്‍ റോജി ഇന്നില്ല. ഇനിയുള്ളത് അവള്‍ മരിച്ച സ്ഥാപനവും, അവിടുത്തെ അധികാരികളും മാത്രമാണ്. സ്വാഭാവികമായും അവര്‍ക്കുമേല്‍ തന്നെ സംശയത്തിന്‍റെ കരിനിഴല്‍ വീഴും. അവരോടാണീ ചോദ്യങ്ങള്‍. കാരണം അവസാനമായവളെ കണ്ടതും സംസാരിച്ചതും അവര്‍ മാത്രമാണ്. അപ്പോള്‍ ഉത്തരം തരാനവര്‍ ബാധ്യസ്ഥരാണ്.
വിവരങ്ങള്‍ക്ക് കടപ്പാട് : പലരോടും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ