തിങ്കളാഴ്‌ച, മേയ് 12, 2014

ദൂഖാന്‍ യാത്ര

ആഘോഷങ്ങളുടെ വെള്ളിയാഴ്ച...ഈ ആഴ്ചത്തെ യാത്ര ഖത്തറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ദൂഖാനിലേക്കായിരുന്നു.

ദൂഖാന്‍ ...
ഖത്തറിന്‍റെ ചരിത്രമുറങ്ങുന്ന മണ്ണ്
ഖത്തര്‍ എന്ന രാജ്യത്തിന്‍റെ പ്രതിച്ഛായ തന്നെ മാറ്റിയെഴുതിയ മണ്ണ്.


വ്യാഴാഴ്ച രാത്രിയിലെ സാധാരണ കറക്കം. പക്ഷെ ഈ ആഴ്ച ഒരു ഗസല്‍ സന്ധ്യ ഉണ്ടായിരുന്നു. മെഹഫില്‍ - ഇ - ഗസല്‍. അതും ഖത്തറിലെ കോണ്‍ കോര്‍ഡ് ഹോട്ടലില്‍. അല്പം ലേറ്റ് ആയി ഞങ്ങള്‍ എത്താന്‍ എങ്കിലും ഉള്ളത്രെയും പാട്ടുകള്‍ നന്നായി ആസ്വദിച്ചു. അവിടുത്തെ ചെറിയ ഹാളില്‍, വെളിച്ചം പോലും ക്രമീകരിച്ച് നല്ലൊരു മൂട് ക്രിയേറ്റ് ചെയ്തു നടത്തിയ ഗസല്‍ വല്ലാത്തൊരു അനുഭവമായി. പുറത്തുനിന്നും വന്ന കലാകാരന്മാരും, ഖത്തറിലെ ഗായകരും ചേര്‍ന്ന് അവതരിപ്പിച്ച പുതുമയാര്‍ന്ന ഒരു ഗസല്‍ സന്ധ്യ.

അത് കഴിഞ്ഞ് ഇറങ്ങി നേരേ പോയത് സാബിയെ കാണാന്‍. അവിടെ ചെന്ന് കുറെ നേരം സംസാരിച്ച് അടിയൊക്കെ ഇട്ട് കഴിഞ്ഞ് ഷമീര്‍ ഇക്കയോടും ഫാമിലിയോടും കൂടെ ഡിന്നര്‍. ഇക്ക ആന്‍ഡ്‌ ഫാമിലി എന്നല്ല , ഞങ്ങളുടെ ഫാമിലി എന്ന് തന്നെ പറയണം അവരെ. ഇക്കയും ഇത്തയും കുട്ട്യോളും അത്രെയും മനസ്സോട് ചേര്‍ന്ന് നില്‍ക്കുന്നവരാണ്. പന്ത്രണ്ടരയ്ക്ക് ഭക്ഷണം കഴിഞ്ഞ് ഇറങ്ങി, ഇനിയെന്ത് പ്ലാന്‍ എന്ന് ചോദിച്ചപ്പോളാണ് ഷാനുക്ക ചോദിക്കുന്നത് വണ്ടി എന്തായാലും ലെക്സസ് ഉണ്ട് നമുക്ക് ദൂഖാന് വിട്ടാലോ എന്ന്. ദൂഖാന്‍ എന്ന് പറയുമ്പോ തന്നെ ഉദ്ദേശിച്ചു ബീച്ചിലേക്കാണ് എന്ന്. കടല്‍ക്കുളി നമുക്ക് പണ്ടേ ഇഷ്ടമുള്ള കാര്യായതുകൊണ്ട് നൂറു വട്ടം സമ്മതം. ഒറ്റ കാര്യമേ ഉള്ളൂ, റൂമില്‍ പോണം, കുറച്ചു തുണികളും, ക്യാമറയും മറ്റും എടുക്കണം.

അങ്ങനെ ന്റെം മനുന്‍റെയും റൂമില്‍ പോയി, സാധനങ്ങളും മറ്റും എടുത്തു നേരേ ഷമീര്‍ ഇക്കാടെ വീട്ടിലേക്ക്. അവിടെ ഷാനുക്കയും ഇച്ചുവും റെഡി ആയി, വെളുപ്പിനേ മൂന്ന് മണിക്ക് ഞങ്ങള്‍ ഇറങ്ങി ദൂഖാനിലേക്ക്. ദോഹയില്‍ നിന്നും നല്ല ദൂരമുണ്ട് ...ഏകദേശം ഒന്നര മണിക്കൂര്‍ യാത്ര. വെളുപ്പിനെ നാലരയോടെ കൂടെ അവിടെയെത്തി. ക്യു പി എന്ന ഖത്തര്‍ പെട്രോളിയത്തിന്റെ അധീനതയിലാണ് ആ പ്രദേശം മൊത്തം. സുപ്രധാന സ്ഥലം ആയതുകൊണ്ട് സെക്യുരിറ്റി അത്രെയും
കര്‍ശനമാണവിടെ. സെക്യുരിറ്റി ചെക്ക്‌ കഴിഞ്ഞ് നേരെ ഉള്ളിലേക്ക്.

ആദ്യം പോയത് പാര്‍ക്കിലേക്കാണ്. നന്നായി പരിപാലിക്കുന്ന, കിളികളും മറ്റും സ്വൈര്യമായി വിരാജിക്കുന്ന ശാന്തമായ ഒരു പാര്‍ക്ക്. എണ്ണയുടെയും ഗാസിന്റെയും പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാവും ഈ പ്രദേശം മുഴുവനും ധാരാളം മരങ്ങളും ചെടികളും വെച്ച് പിടിപ്പിച്ച് നന്നായി പരിപാലിക്കുന്നു. ഓക്സിജന്‍ അളവ് കൂട്ടാനും മറ്റുമായി പ്രകൃതിദത്തമായ രീതി. വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ എണ്ണ നിക്ഷേപം കണ്ടെത്തി ഇംഗ്ലീഷ്കാര്‍ വന്നിറങ്ങിയത് ഈ മണ്ണിലാണ്. ഖത്തറിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ പ്രദേശം . ഇന്ന് ഏകദേശം 700 ഓളം എണ്ണക്കിണറുകള്‍ ഉണ്ടിവിടെ ... ഇപ്പോളും പുതിയവ കുഴിച്ചുകൊണ്ടിരിക്കുന്നു. ഖത്തറിലെ ഏറ്റവും ഉയരം കൂടിയ ഭൂ പ്രദേശവും ഇത് തന്നെ. കുന്നുകളും പാറക്കെട്ടുകളും മറ്റുമുള്ള ഈ പ്രദേശം പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്നേ കടല്‍ ഇറങ്ങി രൂപപ്പെട്ടതാണത്രേ. കുന്നുകളിലും പാറകളിലും വെള്ളം ഇറങ്ങി പോയതിന്‍റെ തെളിവുകള്‍ നമുക്ക് കാണാം .

പാര്‍ക്കിലും മറ്റും കുറച്ചുനേരം കറങ്ങിയ ശേഷം ഞങ്ങളുടെ പ്രിയപ്പെട്ട സന്യാസിയുടെ വീട്ടിലേക്കു വണ്ടി വിട്ടു. ഹിമാലയ സന്യാസി എന്ന ഞങ്ങളുടെ സൈഫുക്ക. അവിടെ ഇക്കയുടെ വീട്ടില്‍ കിടന്നുറങ്ങി എല്ലാരും. നല്ല ക്ഷീണം ഉണ്ടായിരുന്നല്ലോ. പത്തു മണി കഴിഞ്ഞു എല്ലാരും എഴുന്നേറ്റപ്പോ. പള്ളിയില്‍ പോകണ്ടത് കൊണ്ട് എല്ലാരും കുളിച്ചു റെഡി ആയി ഭക്ഷണവും കഴിഞ്ഞു പോയി. ഞാനും മനുവും വീട്ടില്‍ തന്നെ ഇരുന്നു. അവര് വന്നപ്പോ ഊണ് സമയമായി. എങ്കിലും ഞങ്ങള്‍ ഇക്കയും കൂട്ടി ഒന്ന് കറങ്ങി. ഇക്ക ക്യു പി യിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആ പ്രദേശം നല്ല പരിചയമാണ്. എണ്ണക്കിണറുകളും മറ്റും കൊണ്ട് പോയി കാണിച്ചു തന്നു.

എണ്ണ എടുത്തുകൊണ്ടിരിക്കുന്ന കിണറും, പുതിയതായി കുഴിച്ച് വര്‍ക്ക്‌ തുടങ്ങാത്ത കിണറുകളും, പുതിയതായി കുഴിക്കുന്ന കിണറുകളും ഒക്കെയും കണ്ടു. എണ്ണക്കിണര്‍ എന്ന സംഭവം അടുത്ത് കാണുക എന്നത് തന്നെ അധികമാര്‍ക്കും കിട്ടാത്ത ഭാഗ്യം. ഫോട്ടോ എടുക്കാന്‍ അനുവാദമില്ല. പിന്നീട് ഖത്തറിലെ ആദ്യത്തെ എയര്‍പോര്‍ട്ട്‌ കാണാന്‍ പോയി. എയര്‍പോര്‍ട്ട് എന്ന് പറയുമ്പോ റണ്‍വേ ഒന്നൂല, ചെറിയ രണ്ടു കെട്ടിടങ്ങളും, ടാര്‍ ഇട്ട എയര്‍ സ്ട്രിപ്പ് എന്ന് പറയുന്ന ഭാഗവും മാത്രം. വര്‍ഷങ്ങള്‍ക്കു മുന്നേ ഉള്ള ചെറിയ എയര്‍പോര്‍ട്ട്. ഇന്നത്‌ പൈതൃക പ്രദേശമായി പ്രഖ്യാപിച്ച് ഖത്തര്‍ ഗവണ്മെന്റ് സംരക്ഷിക്കുന്നു.

ഓരോ ഭാഗത്ത്‌ ചെല്ലുമ്പോഴും ഒരു ഗൈഡിനെപ്പോലെ എല്ലാ കാര്യങ്ങളും പറഞ്ഞു തരാന്‍ സൈഫുക്ക ശ്രദ്ധിച്ചു.മന്‍സൂര്‍ അവിടെയാണ് ജോലി ചെയ്യുന്നത്. അവനും അവനു അറിയാവുന്ന കാര്യങ്ങള്‍ ഒക്കെയും പറഞ്ഞു തന്നു. വയറ് വിശന്നു തുടങ്ങിയപ്പോ തിരിച്ച് വീട്ടിലേക്ക്. ബിരിയാണിയും മറ്റും എടുത്തു വെച്ച് ഇത്ത ഞങ്ങളെ കാത്തിരിക്കുന്നു. ആഹാരശേഷം ചെറിയൊരു വിശേഷം . സൈഫുക്കയുടെ ജന്മദിനമാണ്. കേക്ക് മുറിക്കലും മറ്റുമായി ചെറിയൊരു ആഘോഷം. ആരെയും അറിയിക്കാതെ വെച്ചിരുന്ന ജന്മദിനം ഞങ്ങള്‍ കണ്ടുപിടിച്ചു. ബികോസ് ഖത്തര്‍ ബോയ്സ് ആര്‍ ദി ബെസ്റ്റ്‌ .

ആഘോഷം കഴിഞ്ഞ് നേരെ ബീച്ചിലേക്ക്. ദൂഖാന്‍ ബീച്ച്. സുന്ദരമായ ഒരു ബീച്ച്. ഗവണ്മെന്റ് അധീനതയിലുള്ള പ്രദേശമാണെങ്കിലും ബീച്ച് പൊതു ജനങ്ങള്‍ക്കായ്‌ തുറന്നു കൊടുത്തിരിക്കുകയാണ്. ധാരാളം ആള്‍ക്കാര്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ചും ഫാമിലി. വെള്ളത്തിന്‌ ചൂടും തണുപ്പും കൂടെക്കലര്‍ന്ന സുഖം. ഉപ്പുരസം കൂടുതലാണ് ഇവിടുത്തെ കടല്‍ വെള്ളത്തിന്‌. തിര ഒട്ടുമില്ല എന്നത് കടലിന്‍റെ ഒരു കുറവായി നമുക്ക് അനുഭവപ്പെട്ടേക്കാം. പരസ്പരം വെള്ളം തെറിപ്പിച്ച് കളിച്ചും, നീന്തിയും ചാടിയും മറിഞ്ഞും അവിടെ നമ്മള്‍ ഓളമുണ്ടാക്കി. നമ്മളങ്ങനെയാണല്ലോ ...

ഇരുള്‍ വീണു തുടങ്ങിയപ്പോള്‍ അവിടെ നിന്നും തിരിച്ചു. വീട്ടിലെത്തി ഒന്ന് ഫ്രഷ്‌ ആയി, തിരികെ ദോഹയ്ക്ക്. കൂട്ടത്തില്‍ മന്‍സൂര്‍ ന്‍റെ റൂമിലും കയറി.അവന്‍ താമസിക്കുന്നത് അവിടെ ദൂഖാനില്‍ തന്നെയാണല്ലോ. അവനെ അവിടെ വിട്ട് തിരികെ.

ഒരു രാവും, പകലും അങ്ങനെ അവസാനിക്കുന്നു. യാത്രകള്‍ ഇഷ്ടപ്പെടുന്ന എനിക്ക് എല്ലാ വെള്ളിയാഴ്ചകളിലും എന്‍റെ പ്രിയപ്പെട്ടവര്‍ സമ്മാനിക്കുന്നത് ഇതുപോലെയുള്ള സര്‍പ്രൈസ് യാത്രകളാവും. ഈ യാത്രയും അതുപോലെയൊന്നായിരുന്നു. കൂട്ടത്തില്‍ സൈഫുക്കയുടെ ജന്മദിനാഘോഷവും .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ