ഞായറാഴ്‌ച, ഏപ്രിൽ 20, 2014

ക്യു സഞ്ചാരം 2014





ഖത്തറിലെ അറിയപ്പെടുന്ന മലയാളി കൂട്ടായ്മയായ ക്യു മലയാളം സംഘടിപ്പിച്ച ടൂര്‍ പ്രോഗ്രാം....ക്യു സഞ്ചാരം 2014. ജുമൈലിയ ഫാമിലി പാര്‍ക്കിലേക്കായിരുന്നു ആ യാത്ര.

നഗരത്തിന്‍റെ തിരക്കുകളില്‍ നിന്നൊക്കെ ഒഴിഞ്ഞ് അല്പം ദൂരെ മരുഭൂമിയില്‍ കൃത്യമായ പ്ലാനിങ്ങോട് കൂടി ചെയ്ത സുന്ദരമായ, ശാന്തമായ, കുട്ടികള്‍ക്ക് വിനോദത്തിനായുള്ള എല്ലാ സജ്ജീകരണങ്ങളും ഉള്ള നന്നായി പരിപാലിക്കുന്ന ഒരു പാര്‍ക്ക്... വിവിധങ്ങളായ മരങ്ങളും, പൂച്ചെടികളും പുല്‍മെത്തയും ഒക്കെയുള്ള അവിടം അതി മനോഹരമാണ്

യാത്രയെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ എല്ലാവര്‍ക്കും ആവേശമായി. ഒരു യാത്ര പോകുന്നതിലല്ല, ക്യു മലയാളത്തിലെ അംഗങ്ങളോടൊപ്പം ഒരു ദിവസം ചിലവഴിക്കുന്നതിന്റെ സന്തോഷം. കാരണം അവിടെ എല്ലാവരും സമന്മാരാണ്. പഴയ ആള്‍ക്കാര്‍, പുതിയ ആള്‍ക്കാര്‍ എന്ന വ്യത്യാസമില്ലാതെ എല്ലാവരേയും ഒരുപോലെ കാണുന്ന ഒരു കൂട്ടായ്മയാണിത്. കുടുംബവും കുട്ടികളുമായി കഴിയുന്ന ആള്‍ക്കാര്‍ ഞങ്ങളെപ്പോലെയുള്ള ഒറ്റത്തടിയായി കഴിയുന്ന ആള്‍ക്കാരെ സ്വന്തക്കാരായി കണ്ട് കൂടെ കൂട്ടുക എന്നത് വല്യൊരു കാര്യാണ്. സാധാരണ ഗള്‍ഫില്‍ അങ്ങനെ സംഭവിക്കാറില്ല. അവിടെയാണ് ക്യു മലയാളം വ്യതസ്തമാവുന്നത്.

പതിനെട്ടാം തീയതി, വെള്ളിയാഴ്ച്ചക്കായുള്ള കാത്തിരിപ്പായിരുന്നു. അത്രെയേറെ ആഗ്രഹിച്ചിരുന്നു ഈ യാത്ര. വ്യാഴാഴ്ച വൈകിട്ട് റൂമിലെത്തിയപ്പോ മുട്ടന്‍ സന്തോഷം. ഒന്ന് റെഡി ആയപ്പോഴേക്കും ഇച്ചുന്‍റെ വിളി വന്നു. റെഡി ആയി ഇരുന്നോ ഞങ്ങളിതാ എത്തി ന്ന്. ഡ്രസ്സ്‌ ചെയ്തപ്പോഴേക്കും അവരെത്തി. ഷാനുക്കയും അന്‍സാറും ഇച്ചുവും മന്‍സൂറും. അവിടെ തുടങ്ങുകയായി ഞങ്ങളുടെ വീക്ക്‌ ഏന്‍ഡ്.
ആദ്യം പോയത് സ്നോവൈറ്റ് എന്ന ഷോപ്പിലേക്ക്. ടൂറിന് എല്ലാവരും ഒരേ പോലുള്ള ഡ്രസ്സ്‌ ധരിക്കണം എന്ന് ഞങ്ങള്‍ ക്യു ബോയ്സ് നേരത്തേ തീരുമാനിച്ചതാ. അവിടെ ചെന്ന് നോക്കിയപ്പോ ഒരുപാട് എണ്ണം ഇഷ്ടായി, പക്ഷെ ഷാനുക്കയുടെ സൈസ് കിട്ടുമ്പോ ന്‍റെയും മന്‍സൂറിന്‍റെയും സൈസ് കിട്ടൂല. അവസാനം തപ്പി തപ്പി കിട്ടി എന്തായാലും. എല്ലാവരും ഒരേ പോലുള്ള ഡ്രസ്സ്‌ ഇട്ട് അല്പം വ്യത്യസ്തരാവണം എന്നതായിരുന്നു ഉദ്ദേശം. അതേതായാലും നടന്നു. ന്‍റെയും മന്‍സൂറിന്റെയും ടി ഷര്‍ട്ട്‌ ഒന്ന് സ്റ്റിച്ച് ചെയ്യേണ്ടി വന്നു.. സൈസ് ഒക്കണ്ടേ, ഞങ്ങള് സ്ലിംബ്യുട്ടി അല്ലേ.

ഷാനുക്കയും മറ്റും ടൂറിന്‍റെ ഭാരവാഹി ആയിരുന്നത്കൊണ്ട് അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കൂടെ ഉണ്ടായിരുന്നു. എല്ലാം തീര്‍ത്ത്‌ നേരെ വണ്ടി വിട്ടു. സാബിക്കിന്‍റെ അടുത്തേക്ക്. അവനെയും കണ്ട് അവന്‍റെ പേരില്‍ അടുത്തുള്ള ഹോട്ടലില്‍ നിന്ന് ഫുഡും വാങ്ങി ഞങ്ങള്‍ തിരിച്ചു പോന്നു. ഷമീര്‍ക്കയുടെ വീട്ടിലേക്ക്.

രാവിലെ തന്നെ റെഡി ആയി എല്ലാവരും. എട്ടരയ്ക്ക് എത്തി ചേരണം എന്നാണ് പറഞ്ഞിരുന്നത്. ന്നാലും ഞങ്ങള് അല്പം ലേറ്റ് ആയി. ഞങ്ങള് വന്നപ്പോഴേക്കും ബുക് ചെയ്ത രണ്ട് ബസിലും ആള്‍ക്കാരു ഏകദേശം നിറഞ്ഞു. ഏതാണ്ട് നൂറ്റി ഇരുപത് പേരോളം ഉണ്ടായിരുന്നു. യാത്ര തുടങ്ങി. ആദ്യമൊക്കെ എല്ലാരും പരസ്പരം സംസാരിച്ചും മറ്റും പക്കാ ഡീസന്റ്. കുറച്ചങ്ങോട്ടു കഴിഞ്ഞപ്പോഴേക്കും ആട്ടവും പാട്ടും ഒക്കെ തുടങ്ങി. അര്‍മാദിച്ചുകൊണ്ട് ഒരു യാത്ര. കോളേജ് ടൂര്‍ന്‍റെ ഒക്കെ പ്രതീതി ഉണര്‍ത്തുന്ന യാത്ര. പ്രായം മറന്ന് സിറുക്കയും, ഇസ്മയില്‍ഇക്കയും അബ്ബാസിക്കയും തുടങ്ങി കുറേ പേര്‍ ഞങ്ങള്‍ പയ്യന്മാരോട് കൂടെ കൂടിയപ്പോ അക്ഷരാര്‍ത്ഥത്തില്‍ അതൊരു വേറിട്ട അനുഭവമായി മാറുകയായിരുന്നു.

ആട്ടത്തിനും പാട്ടിനും ഇടയില്‍ പാര്‍ക്ക് എത്തി. ആദ്യം തന്നെ പരിചയപ്പെടല്‍ ആയിരുന്നു. പുതിയ ആള്‍ക്കാര്‍ക്ക് പഴയ ആള്‍ക്കാരെ അറിയാനും, തിരിച്ചും. അതിനിടയില്‍ പലരുടെയും പാട്ടുകളും മറ്റുമായി ഒരു പരിചയപ്പെടല്‍. മാമ്പഴം കവിതയുടെ ദൃശ്യാവിഷ്കാരവുമായി ഒരു മോള് വന്നപ്പോ സദസ്സില്‍ നിര്‍ത്താത്ത കയ്യടി. കുട്ട്യോളെല്ലാം പാര്‍ക്കിലെ കളിക്കോപ്പുകളില്‍ വ്യാപൃതരായി. അസഹനീയമായ ചൂട് വില്ലനായെങ്കിലും നമ്മുടെ ആവേശതിരയിളക്കത്തില്‍ അതൊക്കെ നിഷ്പ്രഭമായി. കുട്ട്യോള് പോലും തളര്‍ന്നില്ല എന്നതാണ് അത്ഭുതപ്പെടുത്തിയ സംഗതി. വെള്ളവും, ഇടയ്ക്ക് കൊറിക്കാനും, കഴിക്കാനും ഉള്ള സാധനങ്ങള്‍ കരുതിയിരുന്നത് ശെരിക്കും ആശ്വാസമായിരുന്നു.

ഇടയ്ക്കൊന്ന് പരിപാടി നിര്‍ത്തി, പള്ളിയില്‍ പോകേണ്ടവര്‍ക്ക് വേണ്ടി. പള്ളിയില്‍ പോയവരൊക്കെ തിരികെ വന്ന് വീണ്ടും പരിപാടികള്‍ തുടരുന്നതിനിടയില്‍ ഭക്ഷണം എത്തി. സ്വാദിഷ്ടമായ ചിക്കന്‍ ബിരിയാണി. വെജിറ്റേറിയന്‍ വേണ്ടവര്‍ക്ക് അതും കരുതിയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം മരച്ചുവട്ടില്‍ പച്ചപുല്ല് വിരിച്ച നിലത്തിരുന്ന് ഭക്ഷണം കഴിച്ചു. ഭക്ഷണ ശേഷം വീണ്ടും പരിപാടി തുടര്‍ന്നു. ആദ്യം മൈക്കും മറ്റും സെറ്റ്‌ ചെയ്ത സ്ഥലത്ത് ചൂട് കൂടിയപ്പോ സ്ഥലം ഒന്ന് മാറ്റേണ്ടി വന്നു. നമ്മുടെ കൂട്ടത്തില്‍ ഒരുപാട് കലാകാരന്മാരും കലാകാരികളും ഒളിഞ്ഞിരിക്കുന്നു എന്ന് മനസിലാക്കാന്‍ കഴിഞ്ഞു ആ പരിചയപ്പെടല്‍കൊണ്ട്.

ചൂട് ഒന്ന് കുറഞ്ഞപ്പോ പ്രോഗ്രാമിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടന്നു. ചില കളികള്‍ .....കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി. ആദ്യം കുട്ടികള്‍ക്ക് വേണ്ടി ട്രെഷര്‍ ഹണ്ട് ആയിരുന്നു. ആ പാര്‍ക്കില്‍ എവിടെയോ ഒളിപ്പിച്ച ഒരു നിധി കണ്ടെത്തുക. ആ നിധിയിലേക്ക് എത്താനുള്ള വഴികള്‍ പലയിടത്തായി ഒളിപ്പിച്ച് വെച്ചു. കുട്ടികളെ രണ്ട് ടീം ആക്കി തിരിച്ച് ഓരോ ടീമിനും ഓരോ ക്യാപ്റ്റനും, റെഡ്‌, ബ്ലു എന്നിങ്ങനെ പേരും നല്‍കി. ആവേശത്തോടെയാണ് കുട്ടികള്‍ ആ കളിയില്‍ പങ്കെടുത്തത്. വിജയിച്ച ടീമിന്‌ ആ നിധിയോടൊപ്പം വേറെയും സമ്മാനം ഉണ്ടായിരുന്നു. സമ്മാനം കിട്ടാത്ത ടീമിന്‍റെ സങ്കടം ...ശ്ശൊ. ന്നാലും അവര്‍ക്കും ഒരു ചെറിയ സമ്മാനം കൊടുത്തു. കുട്ട്യോളല്ലേ വിഷമിപ്പിക്കാന്‍ പാടില്ലല്ലോ.

അതിന് ശേഷം മുതിര്‍ന്നവര്‍ക്കായുള്ള മത്സരമായിരുന്നു. എല്ലാവരെയും അഞ്ച് ടീം ആയി തിരിച്ചു. ഓരോ ടീമിനും കുറച്ചു പത്രത്താളുകള്‍ കൊടുത്തു. മത്സരം ഇതായിരുന്നു അഞ്ച് മിനിറ്റ്‌ സമയം കൊണ്ട് ആ പത്രത്താളുകള്‍ ഉപയോഗിച്ച് ഒരു തീമില്‍ നിന്നുകൊണ്ട് ഒരാളെ അലങ്കരിച്ച് മറ്റെന്തെങ്കിലും രൂപമാക്കി മാറ്റുക. പത്രതാളുകളും സേഫ്റ്റിപിന്നുകളും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. അഞ്ച് ടീമുകള്‍ക്കും തങ്ങള്‍ക്കു ജയിക്കണം എന്ന വാശിയോടെ പങ്കെടുത്തു. ഒരു ടീം ഒരു കുക്ക്നെ ഒരുക്കിക്കിയപ്പോള്‍ ഒരു ടീം രാജവിനെയാണ് ഒരുക്കിയത്. മൂന്നാമത്തെ ടീം റോബോട്ട്, നാലാമത്തെ ടീം ഭടന്‍ അഞ്ചാമത്തെ ടീം രാജകുമാരിയെയും ഒരുക്കി. ആവേശം അല തല്ലിയ ആ മത്സരത്തില്‍ ഒന്നാം സ്ഥാനം ഒരു ടീം കരസ്ഥമാക്കിയപ്പോള്‍ രണ്ടാം സ്ഥാനത്ത് രണ്ട് ടീമുകള്‍ ഉണ്ടായിരുന്നു. മൂന്നും നാലും സ്ഥാനങ്ങളില്‍ മറ്റു രണ്ട് ടീമുകളും. സമ്മാനം കിട്ടാത്ത ടീമിന്‍റെ പ്രതിക്ഷേധ പ്രകടനം ശ്രെദ്ദേയമായി.

വൈകുന്നേരത്തെ ചായ കുടി കഴിഞ്ഞ് നാരങ്ങ സ്പൂണ്‍ റേസ് ആയിരുന്നു അടുത്ത മത്സരം. സ്ത്രീകള്‍ക്ക് വേണ്ടിയും, കുട്ടികള്‍ക്ക് വേണ്ടിയും, പുരുഷന്മാര്‍ക്ക് വേണ്ടിയും പ്രത്യേകം പ്രത്യേകം മത്സരം ഉണ്ടായിരുന്നു. അതിലെ ജനപങ്കാളിത്തം വളരെ കൂടുതലായിരുന്നു പലപ്പോഴും പല ടീമുകളാക്കി മത്സരം നടത്തേണ്ടി വന്നു. വിജയിച്ചവര്‍ക്കെല്ലാം സമ്മാനങ്ങളും ഉണ്ടായിരുന്നു. അതിന് ശേഷം പാട്ടും ഡാന്‍സും, ഫോട്ടോഷൂട്ട്‌ ഒക്കെയായി കുറെ സമയം. ഒന്നിച്ച് ഒരു ഗ്രൂപ്പ്‌ ഫോട്ടോ കൂടെ എടുത്ത്, നേരം ഇരുട്ടും മുന്നേ ഞങ്ങളവിടുന്ന് ഇറങ്ങി.

ഒരുപാട് സന്തോഷിച്ചു ആഘോഷിച്ച ആ ദിവസം അവസാനിക്കുമ്പോള്‍ പലരുടെയും മുഖത്ത് ഒരു ദീര്‍ഘനിശ്വാസം കാണാമായിരുന്നു. ഇനി എന്നാണ് ഇങ്ങനെ ഒന്ന് ഒത്തുകൂടുക എന്ന ചിന്തയായിരുന്നിരിക്കാം ഏവരുടെയും മനസ്സില്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ