അന്നൊരുനാള്‍ പെയ്ത മഴയിലൂടെ ഞാന്‍ നടന്നു .. വിങ്ങുന്ന മനസ്സുമായി ... ഈ സങ്കുചിത ലോകത്തിന്റെ പീഡനങ്ങളില്‍ നിന്നും രക്ഷ തേടി.... എന്നിലുറങ്ങുന്ന ജീവനെ മറച്ചുപിടിച്ച് കൊണ്ട് ....
ഞാന്‍ ആര്യ....
പത്താംക്ലാസ്സില്‍ പഠിക്കുന്നു...അല്ല പഠിച്ചിരുന്നു... ഓണാവധി വരെ ... പിന്നീട് പോയിട്ടില്ല... പോകണ്ടാന്നു പറഞ്ഞു അച്ഛമ്മ.... ഇനി ഞാന്‍ സ്കൂളില്‍ പോയാ ശെരിയാവില്ലത്രേ...
അച്ഛമ്മ പറഞ്ഞത് സത്യാ.... ഇനിയെനിക്ക് പഠിക്കാനാവില്ല... കളിക്കാനാവില്ല.... കൂട്ടുകാരോട് കൂട്ടുകൂടാനുമാവില്ല. മനസും ശരീരവും മരവിച്ച ഞാനിനി എങ്ങനെ സ്കൂളില്‍ പോകും ...
എത്ര സുന്ദരമായിരുന്നെന്നോ എന്റെ ജീവിതം.. ബിസിനസ്സ്കാരനായ അച്ഛന്.... നേഴ്സ് ആയ അമ്മ നാലാംക്ലാസ്സില്‍ പഠിക്കുന്ന അനിയന് അപ്പുവും പിന്നെ അച്ഛമ്മയും ...അതാരുന്നു എന്റെ വീട്... സന്തോഷവും സമാധാനവും നിറഞ്ഞു നിന്നിരുന്ന വീട്.. എതാവശ്യവും നിറവേറ്റി തരുന്ന സ്നേഹനിധിയായ അച്ഛനമ്മമാര്‍ .. സൗഹൃദമായിരുന്നു.. പരസ്പരമുള്ള സൗഹൃദമായിരുന്നു ഞങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നത്... ഒന്നും ഒളിപ്പിച്ചു വെക്കാനില്ലാത്ത ഞങ്ങള്‍ പരസ്പരം എല്ലാം പറയുമായിരുന്നു... അച്ഛന് ടൂറിലായിരിക്കുമ്പോ കൂടെയുള്ളവരുടെ വിവരങ്ങളും, തമാശകളും, അമ്മയുടെ ഹോസ്പിറ്റലില്‍ പുതുതായി വന്ന രോഗികളെകുറിച്ചും ഒക്കെ ഞങ്ങള്‍ സംസാരിക്കുമായിരുന്നു.... എന്റെ സ്കൂളിലെ കൂട്ടുകാരികളെ കുറിച്ചും, ടീച്ചര്‍മാരെ കുറിച്ചും സംസാരിക്കുമ്പോ അച്ഛമ്മയും അപ്പുവും കേട്ടുകൊണ്ടിരിക്കും എല്ലാം ...
അത്രെയേറെ സ്വാതന്ത്ര്യം നിലനിന്നിട്ടും എവിടെയാണ് എനിക്ക് പിഴച്ചത്... ഒരിക്കല്‍ മഴയത്ത് നനഞ്ഞ് നിന്ന എനിക്ക് കുട കൊണ്ടുതന്ന പ്ലസ്ടുവിലെ അവനെക്കുറിച്ച് മാത്രം ഞാന്‍ പറയാഞ്ഞതെന്തേ അവരോട്...
അന്നൊരു മഴക്കാലത്താണ് അവനെ ഞാന്‍ ആദ്യമായി കാണുന്നത് കുടയെടുക്കാന്‍ മറന്നു മഴ നനഞ്ഞ് ആ ബസ് സ്റ്റോപ്പില്‍ നില്ക്കുമ്പോ ഒരു കുടയുമായി എന്റെ അടുത്തേക്ക് വന്ന സുമുഖനായ ചെറുപ്പക്കാരന് .. ആ കുടയെന്നെ ഏല്‍പ്പിച്ച്, നനഞ്ഞുകൊണ്ട് കൂട്ടുകാരന്റെ ബൈക്കില്‍ കയറി പോകുമ്പോ കോരിച്ചൊരിയുന്ന മഴയത്തും കണ്ടു ഞാനാ മുഖത്തൊരു മന്ദഹാസം...
പിന്നീട് ആ കുട തിരിച്ചുകൊടുക്കാന്‍ ചെന്നപ്പോ കൂട്ടുകാരി രഞ്ജിനി എന്നെ പരിചയപ്പെടുത്തി....
അതാണ് അവളുടെ ചേട്ടന് രാഹുല്‍...
അപ്പോളും അവന്റെ മുഖത്തുണ്ടായിരുന്നു ആ മന്ദഹാസം ... പിന്നീട് എപ്പോളും ഞാന്‍ പോകുന്ന നാട്ടുവഴികളിലും, അമ്പലമുറ്റത്തും, പാരലല്‍കോളേജിന്റെ പരിസരത്തും കണ്ടു ഞാനാ മന്ദഹാസം ... തമ്മില്‍ കാണുമ്പോ ആ കണ്ണുകള്‍ എന്റെ കണ്ണിലുടക്കി നില്ക്കും ... ഒരു പുഞ്ചിരിയിലൂടെ എന്നോട് സംസാരിക്കും.... അറിയാതെ വളര്‍ന്നു വന്നോരിഷ്ടം ... ഒരിക്കലാ സൈക്കിള്ഷെഡിന്റെ പുറകില്‍ വെച്ച് എന്നോട് തുറന്നു പറഞ്ഞ ആ ഇഷ്ടം ... എന്നെ തളര്‍ത്തി കളഞ്ഞിരുന്നു...
ഋതുമതിയായി എന്നറിഞ്ഞ നാളില്‍ വീട്ടിലെ ആഘോഷങ്ങള്‍ക്ക് ശേഷം അച്ഛന് സമ്മാനിച്ച ഫോണിലൂടെ ഞങ്ങള്‍ ഒരുപാട് സംസാരിച്ചു... എന്നെക്കുറിച്ച്, അവനെക്കുറിച്ച് ... ഈ ലോകം മുഴുവന്‍ ആ ഫോണില്‍ ലയിച്ചു ചേര്‍ന്നിരുന്നു... ഓരോ നിമിഷവും അവന്റെ വിളികള്‍ക്കായി കാത്തിരിക്കും .... ജീവിതം മനോഹരമായി തോന്നി ...
ബസ്സ്റ്റോപ്പില്‍ ഒന്നിച്ചിരുന്നു സംസാരിക്കാനും, സ്കൂളിലെ ഇടവേളകളില്‍ അടുത്തുള്ള പള്ളിയുടെ ശ്മശാനത്തില്‍ മുട്ടിയുരുമ്മിയിരുന്നു കൊഞ്ചാനും അവനു കൊതിയായിരുന്നു ... കൈകോര്‍ത്തുപിടിച്ച് നടക്കാനല്ലാതെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കാന്‍ പോലും അവനു താല്പര്യമില്ലായിരുന്ന പോലെ തോന്നി....ആ വിശ്വാസമാവാം അന്നവന് മുതലെടുത്തത്....
സ്കൂളിലെ ഓണാഘോഷം ... പരീക്ഷ കഴിഞ്ഞ ആ ദിവസം.... അമ്മയുടെ സെറ്റും മുണ്ടും ഉടുത്ത്, അച്ഛമ്മയുടെ മുന്നിലെത്തുമ്പോ വലിയ പെണ്ണായാല്ലോ എന്നും പറഞ്ഞ് കളിയാക്കി അച്ഛമ്മ. അനിയന്റെ കൈ പിടിച്ച് സ്കൂളിലെത്തുമ്പോ ഗേറ്റില്‍ കാത്തുനിന്നിരുന്നു അവന് ...
ആവശ്യത്തില്‍ കൂടുതല്‍ ശരീരവളര്‍ച്ച ഉണ്ടായിരുന്നതിനാലാവാം സാരിയില്‍ എന്നെ കാണാന്‍ നല്ല ഭംഗിയുണ്ടെന്നു പറഞ്ഞു കൂട്ടുകാരികള്‍ ... അവന്റെ മുഖത്ത് അത്ഭുതമായിരുന്നു ... ആഘോഷത്തിനു ശേഷം കാണാമെന്ന് പറഞ്ഞവന് പോയി.... വൈകിട്ട് വിളിച്ചു.... പുറത്തൊന്നു കറങ്ങാമെന്ന് പറഞ്ഞപ്പോ സമ്മതിച്ചത് അത്രെയ്ക്കും വിശ്വാസമായിരുന്നതുകൊണ്ടാ ....
ആദ്യമായി ബൈക്കില്‍ അവനോടൊപ്പം പോകുമ്പോ അതെന്റെ നാശത്തിലേക്കായിരുന്നു എന്നറിയില്ലായിരുന്നു ...
കൂട്ടുകാരന്റെ വീട്ടില്‍ ആ സോഫയിരുന്നു കൂട്ടുകാരന്റെ അമ്മയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ തന്ന ജൂസ് കുടിക്കുമ്പോ മനസ്സില്‍ സന്തോഷമായിരുന്നു ... ഒരു സ്ത്രീയുണ്ടല്ലോ ആ വീട്ടില്‍, ഒറ്റയ്ക്കല്ലല്ലോ എന്ന ആശ്വാസമായിരുന്നു .... കണ്ണില്‍ മയക്കം കയറി തലചുറ്റി സോഫയിലേക്ക് വീണ എന്നെ കട്ടിലിലേക്ക് എടുത്തു മാറ്റിയത് അവരുംകൂടെയാണ്...
വസ്ത്രങ്ങള്‍ ഒന്നൊന്നായി അഴിഞ്ഞു വീഴുമ്പോ പ്രതികരിക്കാനാവാതെ തളര്‍ന്നു കരഞ്ഞിരുന്നോ ഞാന്‍ .. അറിയില്ല,... അന്നാദ്യമായറിഞ്ഞു ചുടു ചോരയുടെ ഗന്ധം, അവന്റെ ചുണ്ടുകളില്‍ നിന്ന്... ഒന്നിനു പുറകേ ഒന്നായി പലരുമെന്നെ കീഴ്പ്പെടുത്തുമ്പോള് തേങ്ങാന്‍ പോലുമാവാത്ത അബോധാവസ്ഥയിലും ഞാനറിഞ്ഞു ചതി...
മൊബൈലിന്റെ ശബ്ദം കേട്ട് കണ്ണ് തുറക്കുമ്പോ ചുറ്റിലും ഇരുട്ടായിരുന്നു... ഒരു ബെഡ്ഷീറ്റില്‍ എന്റെ നഗ്നതയൊളിപ്പിച്ച് അലറിക്കരഞ്ഞു ഞാന്‍... പിന്നീട് കണ്ണ് തുറക്കുമ്പോ വെള്ള കോട്ടിട്ട മാലാഖമാരുടെ നടുവിലായിരുന്നു .... അന്നു മനസിലായി അവന്റെ ഗൂഡമായ മന്ദഹാസത്തിന്റെ അര്‍ത്ഥം..
അമ്മയുടെ അടക്കിപ്പിടിച്ച തേങ്ങല്‍ കേള്‍ക്കാം പുറത്ത്... അനിയന്റെ കലപില ശബ്ദവും, അച്ഛമ്മയുടെ ശകാരവും... ആ നിശ്ചലാവസ്ഥയിലും ഞാന്‍ തിരഞ്ഞത് അച്ഛനെയാണ്.... മാപ്പ് പറയാന്‍.
ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലെത്തുമ്പോ മനസ് മരവിച്ചിരുന്നു.... ശരീരവും... കരഞ്ഞു തളര്‍ന്ന രാത്രികള്‍.... കളിയും ചിരിയും തമാശകളും അസ്തമിച്ചു.... അമ്മ വീടിനു പുറത്തിറങ്ങാതെയായി... അച്ഛന് വീട്ടിലെത്തുന്നത് ഒരുപാട് വൈകിയും ... അച്ഛമ്മയാണ് അപ്പുനെ സ്കൂളില്‍ വിടുക... ആ വലിയ വീട്ടിലെ ഒരു മുറിയ്ക്കുള്ളില്‍ തളച്ചിട്ടു ഞാനെന്റെ ജീവിതം... അച്ഛനും അമ്മയും എന്നെ പഴയതിലും കൂടുതല്‍ സ്നേഹിക്കുന്ന പോലെ തോന്നി... പറ്റിപ്പോയ തെറ്റിന് ഒരുപാട് തവണ കാലുപിടിച്ചു മാപ്പ് പറഞ്ഞു... പക്ഷെ ഒരു നോട്ടംകൊണ്ട് പോലും അവരെന്നെ വേദനിപ്പിച്ചില്ല....... അവരുടെ മൗനം അതെന്നെ കൂടുതല്‍ വേദനിപ്പിക്കുകയാണ്.
ബാത്റൂമില്‍ തല ചുറ്റി വീണ എന്നെ ആസ്പത്രിയില്‍ എത്തിക്കുമ്പോ ഞാനോ, അവരോ അറിഞ്ഞിരുന്നില്ല ... ഒരു കുഞ്ഞു ജീവന് എന്നില്‍ നാമ്പെടുത്തിരുന്നെന്ന്. അതവരെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു... പിഴച്ചവള്‍ എന്ന പേര്... ഞാനറിയാതെ എനിക്ക് ചാര്‍ത്തി നാട്ടുകാര്‍... പുറത്തിറങ്ങിയാല്‍ തുറിച്ചു നോക്കുന്ന കണ്ണുകളെ ഞാന്‍ ഭയപ്പെട്ടു.ഒന്ന് ഉറക്കെ സംസാരിച്ചാല്‍ ഉടന്‍ എത്തിനോക്കുന്ന അയല്പക്കക്കാരെയും ... മറ്റുള്ളവരുടെ മുന്നില്‍ പരിഹാസാപാത്രമായി മാറി അച്ഛന്... അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു...
അന്നും മഴ പെയ്തു.... അച്ഛനെയും അമ്മയെയും അപ്പൂനേം ഒരു നോക്ക് നോക്കി ആ രാത്രി ഞാനിറങ്ങി നടന്നു.... ഉറച്ച മനസുമായി ... ചുറ്റിലും ഒലിയിടുന്ന കഴുകന്മാരെ ഞാന്‍ കണ്ടില്ല, കടിച്ചുകീറാന്‍ വന്ന ചെന്നായ്ക്കളെയും ഞാന്‍ കണ്ടില്ല... എത്രദൂരം നടന്നുവെന്നറിയില്ല... നിശബ്ദമായ രാത്രിയെ കീറിമുറിച്ചു കൊണ്ട് വന്ന ട്രെയിന്‍ ശബ്ദമാണ് എന്നെ ചിന്തയില്‍ നിന്നുണര്‍ത്തിയത്...
പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ റെയില്‍പാളത്തില്‍ നില്ക്കുമ്പോള് മനസ്സില്‍ ശപിക്കുകയായിരുന്നു അന്നത്തെ ആ മഴയെ....
.
നല്ല കഥ ...നന്നായി അവതരിപ്പിച്ചു..ആശംസകള്‍
മറുപടിഇല്ലാതാക്കൂവളരെ നന്ദി ഹബീബ്
ഇല്ലാതാക്കൂകഥ നന്നായി. വായിക്കാൻ നല്ല ഒഴുക്കുണ്ട്.. :) നമുക്ക് ചുറ്റും കേട്ട് മറക്കുന്ന കഥ.. ആശംസകൾ
മറുപടിഇല്ലാതാക്കൂഅതെ എന്നും കേള്‍ക്കുന്ന കഥകള്‍ ...പക്ഷെ ആവര്‍ത്തിക്കപ്പെടുന്നു.
ഇല്ലാതാക്കൂവായനയ്ക്ക് സന്തോഷം <3