എന്‍റെ പ്രിയപ്പെട്ട ....... കളിക്കൂട്ടുകാരി
അക്ഷരം പഠിക്കുന്ന കാലംതൊട്ട് ഒന്നിച്ച് പഠിച്ചു വളര്‍ന്നവര്‍ ...
ആശാന്‍പള്ളിക്കൂടത്തില്‍ ഒന്നിച്ചിരുന്ന് അക്ഷരം പഠിച്ചവര്‍
എന്‍റെ വീടിനടുത്ത് തന്നെയായിരുന്നു അവളുടെയും വീട്
ഒരേ പ്രായം ..അതുകൊണ്ട് തന്നെ സ്കൂളിലും ഒരേ ക്ലാസ്സില്‍ തന്നെയായിരുന്നു
എന്തുകൊണ്ട് എന്നറിയില്ല ഒന്നാം ക്ലാസ്സില്‍ എത്തിയപ്പോ അവിടുത്തെ സാറ്മ്മാര്‍ ഞങ്ങളെ ഒന്നിച്ചു ഒരേ ബഞ്ചില്‍ ഇരുത്തിയത്
അവളുടെ സ്ലേറ്റ്‌പെന്‍സിലും മഷിത്തണ്ടുമാണ് ഞാന്‍ കൂടുതലും ഉപയോഗിച്ചത് ...
മൂന്നാം ക്ലാസ്സില്‍ എത്തിയപ്പോ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേറെ വേറെ ഇരുത്തി ലക്ഷ്‌മിക്കുട്ടിയമ്മസാറ് ....
നാലാം ക്ലാസ്സില്‍ ഞാന്‍ ക്ലാസിലെ സെക്കന്റ്‌ബാഡ്ജ് വാങ്ങിയപ്പോ എന്നെക്കാളും സന്തോഷം അവള്‍ക്കായിരുന്നു ...
അമ്മയില്ല അവള്‍ക്ക്... ഞങ്ങള്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോ പാമ്പുകടിയേറ്റു അമ്മ .........
അതിനുശേഷം അവള്‍ ഇത്തിരി മാറി .... കലപില ചിലച്ചു നടന്നിരുന്ന അവള്‍ അല്പം ഉള്‍വലിഞ്ഞു...
അഞ്ചാംക്ലാസ് മുതല്‍ വേറെ സ്കൂളില്‍ ... അവിടെയും ഞങ്ങള്‍ ഒന്നിച്ചാരുന്നു... പക്ഷെ ഡിവിഷന്‍ വേറെ വേറെ ആയപ്പോ വേറെ വേറെ ക്ലാസുകളില്‍ ആയിപ്പോയി .... എന്നാലും ട്യൂഷനും മറ്റും ഒന്നിച്ചാരുന്നു ...
ഞങ്ങളെ ഒന്നിച്ച് ഒരിടത്ത് വിടണം എന്നത് വീട്ടുകാരുടെ നിര്‍ബന്ധമായിരുന്നു അവള്‍ക്ക് ഞാനും എനിക്കവളും ഒരു കൂട്ടാവുമല്ലോ
രാവിലെ റെഡി ആയി ഞാനവളുടെ വീട്ടിലെത്തി അവളേം കൂട്ടിയാണ് സ്കൂളില്‍ പോകുക..
വഴിനീളെ ഒരുപാട് സംസാരിച്ച് ചിരിച്ച് കളിച്ച്... അന്ന് നാട്ടില്‍ എനിക്കവള്‍ മാത്രമായിരുന്നു കൂട്ട്
വൈകിട്ട് ട്യൂഷനും കഴിഞ്ഞ് വരുമ്പോ സന്ധ്യയാവും, അവളേം കൂട്ടി അവളുടെ വീട്ടില്‍ വിട്ടിട്ട് ഞാന്‍ വീട്ടില്‍ പോകാറുള്ളൂ ..
എന്‍റെ കൂടെ വിടുമ്പോ ഒരു സുരക്ഷിതത്വം അവളുടെ അച്ഛന് തോന്നിയിട്ടുണ്ടാവും
സ്കൂളില്‍ ഇന്‍റര്‍വെല്‍ സമയത്തും ഞങ്ങള്‍ എന്തേലും ഒക്കെ സംസാരിച്ചോണ്ടിരിക്കും ...
വരാന്തയിലോ, അടുത്തുള്ള പള്ളിയുടെ സൈഡിലോ ഒക്കെ, അതുകൊണ്ടാവും അന്ന് പലര്‍ക്കും സംശയമാരുന്നു ഞങ്ങള്‍ക്കു തമ്മില്‍ പ്രണയമാരുന്നോ എന്ന് ... അതിന് ആരെയും കുറ്റം പറയാന്‍ പറ്റുല്ലല്ലോ... എപ്പോളും ഒന്നിച്ചുള്ള ഞങ്ങള്‍ക്കിടയില്‍ അങ്ങനെ ഒരു ഇഷ്ടം വളര്‍ന്നിരിക്കാം എന്നായിരുന്നു എല്ലാവരുടെയും ചിന്ത
ഒരിക്കല്‍ അവളോട് ഇഷ്ടമാണ് എന്ന് പറഞ്ഞ ഒരുത്തനെ പിന്തിരിപ്പിക്കാന്‍ അവനോട് ഞാന്‍ പറഞ്ഞു ഞങ്ങള്‍ ഇഷ്ത്തിലാണെന്ന്... അത് ഇന്നും അവള്‍ക്കറിയാത്ത കാര്യം
പരസ്പരം എല്ലാ കാര്യങ്ങളും പറയും, വീട്ടുകാര്‍ തമ്മിലും നല്ല അടുപ്പമുള്ളതുകൊണ്ട് എല്ലാ കാര്യങ്ങളും അറിയാം. ഞാനെന്ന എട്ടാംക്ലാസുകാരന്റെ പ്രണയം അറിയാവുന്ന ഒരേഒരാള്‍ അവള്‍മാത്രമായിരുന്നു.
പത്താംക്ലാസില്‍ എത്തിയപ്പോ മൂന്നിടത്തായിരുന്നു ട്യൂഷന്‍... കൂടുതല്‍ സമയവും ഒന്നിച്ച് ....പരീക്ഷയ്ക്ക് പഠിച്ചത് പോലും ഒന്നിച്ച് .
ആ പത്താംക്ലാസിന് ശേഷം ഞങ്ങള്‍ രണ്ടിടത്തായി ... രണ്ട് ദിശകളിലേക്ക് പോയി ... വര്‍ഷങ്ങള്‍ക്കു ശേഷം പിന്നീട് ഒന്നിച്ചത് ഒരു കമ്പ്യൂട്ടര്‍ ക്ലാസ്സില്‍ ... വീണ്ടും പഴയപോലെ ഒന്നിച്ച് പോകും, വരും ...
ഞാന്‍ എഞ്ചിനീയറിംഗിന്‍റെ കോച്ചിംഗിനായി തിരുവനന്തപുരത്ത് പഠിക്കുമ്പോഴാണ് അവളുടെ കല്യാണം ...
എന്‍റെ എക്സാമിന്റെ തൊട്ടടുത്ത ദിവസം ... എക്സാം കഴിഞ്ഞ് രാത്രി തന്നെ ഞാന്‍ തിരിച്ചുവന്നു .. .
അവളുടെ കല്യാണം കൂടാണ്ടിരിക്കാന്‍ എനിക്ക് പറ്റുല്ലല്ലോ ...
അന്ന് ആ കല്യാണമണ്ഡപത്തിനു പുറകില്‍ ഞാനവളെ കാണാന്‍ ചെന്നു, അമ്മയെ ഓര്‍ത്ത് ഒറ്റക്കരച്ചിലായിരുന്നു അപ്പോളവള്‍, ഞാനും വല്ലാതെയായി .. എന്നെക്കാളും നന്നായി അവളെ ആശ്വസിപ്പിക്കാന്‍ അപ്പൊ ആരുമുണ്ടായില്ല അടുത്ത് ...
പിന്നീട് ഞാനവളെ കാണുന്നത് അവള്‍ പ്രസവിച്ച് കിടക്കുമ്പോഴാണ്... അവളുടെ മോള്‍ക്ക് ഒരു പാവക്കുട്ടിയുമായാണ് ഞാന്‍ ചെന്നത് ... എന്തൊരു സന്തോഷമാരുന്നെന്നോ അന്നവള്‍ക്ക് ..
ഒരുപാട് കാലം പിന്നെ അവളെ കണ്ടിട്ടില്ല.. രണ്ടാമത്തെ മോനെ പ്രസവിച്ചപ്പോഴാണ് പിന്നെ അവളെ കാണാന്‍ പോകാന്‍ പറ്റിയത് ..
അവളുടെ മോളെ കാണാറുണ്ടായിരുന്നു അത് അവളുടെ വീട്ടിലായിരുന്നു കുറേക്കാലം .. ആതിര മോള്‍ ... അവള് മാമന്‍ എന്ന് വിളിക്കുമ്പോ എന്തെന്നില്ലാത്ത ഒരു സന്തോഷം ...
എന്‍റെ സുഹൃത്ത് .. ഇന്നവള്‍ അമ്മയാണ്, ഭാര്യയാണ്, കുടുംബിനിയാണ്. ഒരുപാട് വര്‍ഷങ്ങളായി അവളെ കണ്ടിട്ട്.. അവളുടെ വിശേഷങ്ങള്‍ അറിയാറുണ്ട്, വിളിക്കാറ് പോലും ഇല്ലായിരുന്നു, പക്ഷെ ഇന്നവളെ ഓര്‍ത്തു, വിളിച്ചു ..
എന്‍റെ കല്യാണത്തിന് , എന്‍റെ പെങ്ങളായി മണ്ഡപത്തില്‍ നില്‍ക്കാന്‍ അവളാണ് ഏറ്റവും യോഗ്യ... അതൊരു ആഗ്രഹമാണ്
ഭൂതകാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോ എനിക്ക് നഷ്ടപ്പെട്ട എന്‍റെ പ്രിയപ്പെട്ട സൗഹൃദങ്ങളില്‍ ഒന്ന് കൂടി ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ