ചൊവ്വാഴ്ച, ജൂലൈ 19, 2016

സഫ്‌ലിയ ദ്വീപിലേക്ക് ഖത്തര്‍ സഞ്ചാരികളുടെ സമുദ്രയാത്ര.


ഖത്തര്‍ സഞ്ചാരി യൂണിറ്റ്‌ ഈയടുത്ത കാലത്താണ് തുടങ്ങിയതെങ്കിലും,ലോഞ്ചിംഗ് പ്രോഗ്രാമും, മീറ്റിംഗും ഒക്കെയായി സജീവമായിരുന്നു. ഈദിനോട് അനുബന്ധിച്ച് ഒരു യാത്ര ആവാം എന്ന് പ്ലാന്‍ ചെയ്ത് തുടങ്ങിയപ്പോഴേ ഞാനുണ്ടാവും എന്ന് പറഞ്ഞ് എത്തിയവരുണ്ട്. വളരെ ചെറിയ ഒരു രാജ്യമായ ഖത്തറില്‍ കാണാനുള്ള സ്ഥലങ്ങള്‍ കുറവാണ് എന്ന് എല്ലാവര്‍ക്കും അറിയാം പക്ഷെ എവിടേക്കാണങ്കിലും എത്ര ചെറുതാണങ്കിലും യാത്രകള്‍ അതിനെ സ്നേഹിക്കുന്നവര്‍ക്ക് പോകാതിരിക്കാനാവില്ലല്ലോ. ഇപ്പോളത്തെ കാലാവസ്ഥ വില്ലനാണ്. പക്ഷെ യാത്രയുടെ ആവേശത്തെ തളര്‍ത്താന്‍ മാത്രം ശക്തനല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഒരു സമുദ്രയാത്രയെക്കുറിച്ച് ആലോചിക്കുന്നത്. എന്തിനും ഏതിനും ഒരു തുടക്കം ഉണ്ടാവാന്‍ മുന്നിട്ടിറങ്ങാന്‍ കുറച്ചുപേര്‍ ആവശ്യമുണ്ടല്ലോ. സഞ്ചാരി ഖത്തര്‍ന്‍റെ തുടക്കം മുതല്‍ കൂടെയുള്ളവരെ ഉള്‍ക്കൊള്ളിക്കുന്ന കോര്‍ ഗ്രൂപ്പില്‍ സംസാരിച്ചു തുടങ്ങിയപ്പോഴേക്കും എല്ലാവര്‍ക്കും ആവേശമായി. അങ്ങനെ ദോഹയില്‍ നിന്നും ഒരു അരമണിക്കൂര്‍ ദൂരത്തിലുള്ള സഫ് ലിയ ദ്വീപിലേക്കുള്ള ഒരു ബോട്ട് യാത്ര തീരുമാനിച്ചു.



ഈദ്‌ പെരുന്നാളിന്റെ ലീവിനോട് അനുബന്ധിച്ച് നടത്താം എന്നായിരുന്നു ആദ്യമാലോചിച്ചത് എങ്കിലും പല കാരണങ്ങള്‍ കൊണ്ടും 15 ജൂലൈ വെള്ളിയാഴ്‌ചത്തേക്ക് യാത്ര തീരുമാനമായി. യാത്രയെക്കുറിച്ച് ഗ്രൂപ്പില്‍ പറഞ്ഞ് ഒരു അരമണിക്കൂര്‍ അത്രയും സമയത്തിനുള്ളില്‍ തന്നെ ഞങ്ങളുണ്ട് യാത്രയ്ക്ക് എന്നും പറഞ്ഞ് നാല്പത് പേര്‍ മുന്നോട്ടു വന്നു. നാല്പതുപേര്‍ എന്ന് തീരുമാനിക്കേണ്ടി വന്നത് അത്രയും ആള്‍ക്കാരെ മാത്രമേ ഒരു ബോട്ടില്‍ ഉള്‍ക്കൊള്ളിക്കാന്‍ പാടുള്ളൂ എന്നതുകൊണ്ടാണ്.

പിന്നീട് കാത്തിരുപ്പായി ആ ദിവസത്തിനായി. അങ്ങനെ ആ ദിവസമായി. ജൂലൈ 15. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എല്ലാവരും എത്തണം എന്ന് പറഞ്ഞിരുന്നങ്കിലും പന്ത്രണ്ട് മണി മുതല്‍ പലരും എത്തിയിരുന്നു. ഒന്ന് രണ്ട് പ്രോഗ്രാമുകളായി തമ്മില്‍ കാണുന്നവരായാതുകൊണ്ട് പലര്‍ക്കും പരസ്പരം ഇടപഴകുവാന്‍ ഒരു ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല. പുതിയതായി വന്നവര്‍ക്ക് പോലും. ഒരേ മനസ്സുള്ളവര്‍ക്ക് പരസ്പരം ഇടപഴകുവാന്‍ എന്ത് ബുദ്ധിമുട്ട് ല്ലേ. ഉച്ച ഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നു. നെയ്ച്ചോറും ബീഫ്‌ കറിയും. ഒരുപക്ഷേ കഴിച്ചിട്ടുള്ള ബീഫ്‌ കറികളില്‍ ഏറ്റവും നല്ലതെന്ന് പറയാന്‍ പറ്റുന്നതില്‍ ഒന്നായിരുന്നു അത്. മുഖത്തുനിന്ന് ഇറ്റുവീണ വിയര്‍പ്പ് കൊണ്ടായിരിക്കണം എന്‍റെ പ്ലേറ്റില്‍ മാത്രം കറിക്ക് ഉപ്പ് കൂടുതലായിരുന്നത്. ധാരപോലെ ഒഴുകുകയായിരുന്നു വിയര്‍പ്പ്. ഈ കാലാവസ്ഥയില്‍ വിയര്‍പ്പുണ്ടാകും എന്നറിയാമായിരുന്നു. അതുകൊണ്ട് തന്നെ അതൊരു പ്രശ്നമല്ലായിരുന്നു ആര്‍ക്കും.



രണ്ടുമണിയോടുകൂടി ബോട്ട് ഐലന്‍ഡിലേക്ക് പുറപ്പെട്ടു. അരമണിക്കൂര്‍ യാത്ര ഉണ്ട്. ബോട്ടില്‍ ഒരു എസി റൂം ഉള്ളത് ശെരിക്കും ആശ്വാസമായിരുന്നു. ഭക്ഷണം കഴിഞ്ഞ് എല്ലാവരും അതില്‍ ഒത്തുകൂടി. ചൂടില്‍ നിന്ന് രക്ഷനേടാന്‍ മാത്രമല്ല, എല്ലാവര്‍ക്കും പരസ്പരം പരിചയപ്പെടാന്‍ ഉള്ള ഒരു ചെറിയ സെക്ഷന്‍ ആയിരുന്നു അവിടെ. ഓരോരുത്തരും തങ്ങളെ പരിചയപ്പെടുത്തിയും തങ്ങളുടെ യാത്രകളെപ്പറ്റിയും ഒരു ചെറു വിവരണം. തമാശകള്‍ പറഞ്ഞും കാര്യ ഗൌരവമായി സംസാരിച്ചും കളിയാക്കിയും കുറച്ചുനേരം. ഓരോരുത്തരുടെയും അനുഭവങ്ങള്‍, യാത്രകള്‍, അവ മറ്റുള്ളവര്‍ക്ക് ഇനിയുമിനിയും യാത്രകള്‍ ചെയ്യാന്‍ പ്രചോദനമാവട്ടെ. തിരുവനന്തപുരം മുതല്‍ കാസര്‍ഗോട് വരെ കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള ആളുകള്‍ ഉണ്ടായിരുന്നു. പല ദിക്കുകളില്‍ നിന്നും വന്ന് യാത്ര എന്ന ഒരു വികാരത്തിന്‍ കീഴില്‍ അണി നിരന്നവര്‍.



ദ്വീപിലേക്ക് ബോട്ട് അടുക്കില്ല. ആഴക്കുറവ് തന്നെ കാരണം.അതുകൊണ്ട് തന്നെ ദ്വീപിന് ഒരല്പം അകലെ തന്നെ നങ്കൂരമിട്ടു. പരിചയപ്പെടലും മറ്റും കഴിഞ്ഞ് എല്ലാവരും റൂമിന് പുറത്തിറങ്ങി. ചൂടുണ്ടാവും എന്ന് തന്നെ കരുതിയിരുന്നു പക്ഷേ കടലിന് നടുവില്‍ കാറ്റുള്ളതുകൊണ്ട് ചൂട് ഒട്ടും അറിഞ്ഞില്ല എന്ന് തന്നെ പറയാം. കരയില്‍ നിന്നും കുറേ ദൂരെ കടലില്‍ നിന്ന് കരയെ നോക്കണം, അതൊരു വല്ലാത്ത അനുഭവമാണ്. ദോഹ കോര്‍ണിഷിനിപ്പോള്‍ മറ്റൊരു ഭാവം, മറ്റൊരു സൈഡില്‍ നിന്ന് നോക്കുന്നതിന്റെയായിരിക്കാം, ഒരു വശ്യത.

ചുറ്റും ഒരുപാട് ബോട്ടുകള്‍ നില്‍പ്പുണ്ട്, എല്ലാവരും ആഴ്ചാവസാനം ആഘോഷിക്കാന്‍ ദ്വീപിലെത്തിയവര്‍. വാട്ടര്‍ബൈക്കും, സ്പീട് ബോട്ടും ഒക്കെയായി വെള്ളത്തിനെ അതിന്‍റെ എല്ലാ ഭാവങ്ങളിലും ആസ്വദിക്കുന്നവര്‍. സ്വദേശികളും വിദേശികളുമായ ഒരുപാട് ആള്‍ക്കാര്‍, ചെറു കുട്ടികള്‍ വരെ കടലില്‍ നീന്തിക്കുളിക്കുന്നു. നട്ടുച്ചയാണ്, ദ്വീപിലേക്ക് പോകാന്‍ ആര്‍ക്കും വല്യ താല്പര്യമില്ലാത്ത പോലെ. ബോട്ടില്‍ തന്നെ ഒരു ചെറിയ ചാറ്റ് ആവാം എന്ന് തന്നെ കരുതി. സഞ്ചാരിയെക്കുറിച്ചും, ഖത്തര്‍ സഞ്ചാരിയുടെ ഇനിയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും എന്തൊക്കെ യാത്രകള്‍ നമ്മുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ ചെയ്യാന്‍ പറ്റും എന്നതിനെക്കുറിച്ചും ഒക്കെ ഒരു ചെറിയ ചര്‍ച്ച. ചര്‍ച്ചയ്ക്കൊടുവില്‍ എല്ലാവര്‍ക്കും ഇനിയും തമ്മില്‍ കൂടണം, യാത്രകള്‍ പോകണം എന്നുതന്നെ. പ്രവര്‍ത്തനങ്ങള്‍ ഇനിയും നടത്താന്‍ എല്ലാവരുടെയും സഹകരണങ്ങള്‍ ഉറപ്പു നല്‍കി ഓരോരുത്തരും. സംവാദങ്ങളും സംഭാഷണങ്ങളുമായി നടുക്കടലില്‍ ഇത്തിരി നേരം.





വെയിലിന്‍റെ കാഠിന്യം അല്പം ഒന്ന് കുറഞ്ഞു... ചുറ്റിലും അലയടിക്കുന്ന നീലക്കടല്‍, വെള്ളത്തിലേക്ക് ഇറങ്ങാനുള്ള ആവേശം എല്ലാവരിലും കാണാം, എങ്ങനെയെങ്കിലും വെള്ളത്തിലിറങ്ങിയാല്‍ മതിയെന്ന്.. പതിയെ പതിയെ ഓരോരുത്തരായി ചാടിത്തുടങ്ങി. നമ്മള്‍ ബോട്ട് നങ്കൂരമിട്ടിരിക്കുന്ന ഭാഗത്ത് ഏകദേശം അഞ്ചുമീറ്റര്‍ ആഴമുണ്ടത്രേ എന്ന് ബോട്ട് ജോലിക്കാര്‍ പറഞ്ഞു. നന്നായി നീന്തല്‍ അറിയാവുന്നവര്‍ മാത്രം ചാടുക. ബോട്ടിന് മുകളില്‍ നിന്ന് വരെ ഡൈവ് ചെയ്യുന്നവരെ കാണാമായിരുന്നു. കുറെയൊക്കെ നീന്തല്‍ അറിയാവുന്നവരില്‍ ചിലര്‍ പോലും പേടികൊണ്ട് മാറി നില്‍ക്കുന്നുണ്ടായിരുന്നു. ചൂടുണ്ടാവും എന്നാണു കരുതിയതെങ്കിലും വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ നല്ല തണുപ്പ്. നീന്തല്‍ അറിയാമെങ്കിലും ലൈഫ്‌ ജാക്കറ്റ്‌ ഇടണം എന്നുപറഞ്ഞു. പിന്നീട് ജാക്കറ്റും ഇട്ടുകൊണ്ടായി എല്ലാവരും നീന്തല്‍. നമ്മുടെ സേഫ്റ്റി നമ്മള്‍ തന്നെ നോക്കണമല്ലോ.







വെയില്‍ നല്ലോണം താഴ്ന്ന് തുടങ്ങിയപ്പോള്‍ പതിയെ ചെറു ബോട്ടില്‍ ദ്വീപിലേക്ക് പോയി എല്ലാവരും. പത്തുപേര്‍ക്ക് മാത്രം കയറാവുന്ന ചെറിയ ബോട്ട്. ദ്വീപ്‌ എന്നു പറയുമ്പോഴും സാധാരണ മനസ്സില്‍ വരുന്ന കാടുകളും പച്ചപ്പും നിറഞ്ഞ ദ്വീപല്ല ഇവിടുത്തേത്. ഒരു ചെറു മരുഭൂമി തന്നെ. മണല്‍ നിറഞ്ഞ് തണലുകള്‍ ഒന്നുമില്ലങ്കിലും, ഇവിടുത്തെ ഗവണ്‍മെന്റ് സഞ്ചാരികള്‍ക്ക് വെയിലില്‍ നിന്നും രക്ഷപെടാന്‍ ചെറു കൂടാരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദ്വീപിന്‍റെ തെക്കുഭാഗം, ഉറച്ച മണ്ണും വടക്കുഭാഗം ഇളകിയ പൂഴിമണ്ണുമാണ്. ഒരു ചെറു തിരണ്ടി മീനിനെ ഓര്‍മ്മിപ്പിക്കും വിധം നീണ്ട ഒരു വാല്‍ കാണാം പടിഞ്ഞാറ് ഭാഗത്തേക്ക്. അവിടെനിന്നും ദോഹ കോര്‍ണ്ണിഷിന്റെയും വെസ്റ്റ്‌-ബേ-ഐലന്‍ഡിന്റെയും മനോഹരമായ ചിത്രം കാണാം. സൂര്യാസ്തമന സമയത്ത്‌ സ്വര്‍ണ്ണവെളിച്ചത്തില്‍ അത് കണ്ണിന് കുളിര്‍മ്മയേകുന്ന കാഴ്ച തന്നെയാണ്. ദ്വീപില്‍ പ്രത്യേകിച്ച് കാണാന്‍ ഒന്നുമില്ലങ്കിലും, ഒരു സായാഹ്നം ചിലവഴിക്കാന്‍ സാധിക്കും. നല്ല തെളിഞ്ഞ വെള്ളമായതുകൊണ്ട് തന്നെ കുളിക്കുവാനും, നീന്തുവാനും മറ്റ് വാട്ടര്‍ സ്പോര്‍ട്സുകള്‍ക്കും പറ്റിയ ഇടമാണ്.






കടല്‍ക്കുളി കഴിഞ്ഞ് കുറച്ച് ഗെയിംസും, ഫോട്ടോ എടുപ്പും ഒക്കെയായി കുറെ നേരം കരയില്‍. നാല് ടീമുകളായി തിരിഞ്ഞ് സേവന്റിസ്കളി. അത് ശെരിക്കും കുട്ടിക്കാലത്തിന്റെ ഒരോര്‍മ്മപ്പെടുത്തലായി. ചെറുപ്പത്തില്‍ ഒരുപാട് കളിച്ചിട്ടുണ്ടങ്കിലും ഇപ്പൊ നാട്ടിന്‍പുറങ്ങളില്‍ പോലും കാണ്മാനില്ല ഈ ഗെയിം. ഓടിത്തളര്‍ന്ന പലരും വെള്ളത്തിലിറങ്ങികിടക്കുന്നത് കാണാമായിരുന്നു. വെയില്‍ പോയി, സൂര്യന്‍ അസ്തമിക്കുന്നു. യാത്രയുടെ അവസാനത്തിലേക്ക് അടുക്കുകയാണ്. അഞ്ച്മണിക്കൂര്‍ നേരത്തേക്ക് മാത്രം ബുക്ക് ചെയ്ത ബോട്ട്, സമയം കഴിയാറാവുന്നു. പതിയെ പതിയെ എല്ലാവരും ബോട്ടിലേക്ക് തിരിച്ചു.






ബോട്ടിനെക്കുറിച്ച് പറഞ്ഞില്ലല്ലോ, ഉരു എന്ന വിഭാഗത്തില്‍ പെടുത്താവുന്ന അത്യാവശ്യം വലുപ്പമുള്ള ബോട്ട്. തടി കൊണ്ട് നിര്‍മ്മിച്ചതാണങ്കിലും അധികം പഴക്കമില്ല. ഉള്ളില്‍ അത്യാവശ്യം വലിപ്പമുള്ള എയര്‍ കണ്ടീഷന്‍ഡ് മുറി, അതില്‍ എന്റര്‍ടെയിന്‍മെന്റിന് വേണ്ടുന്ന എല്ലാം ടിവിയും, മ്യൂസിക്‌ സിസ്റ്റവും ഒക്കെ സജ്ജീകരിച്ചിരിക്കുന്നു. പുറത്ത്‌ രണ്ട് ബാത്ത്‌റൂമുകളും, മുകളില്‍ ഡെക്കില്‍ ചെറിയ ഒരു ലിവിംഗ് ഏരിയ യും ഉള്‍പ്പെടുത്തി , അവിടെ ബാര്‍ബിക്യു ഉണ്ടാക്കാനുള്ള സംവിധാനങ്ങളും ഉണ്ട്. താഴേക്ക് ഒരു കോണിപ്പടി കണ്ടു. മുറിയോ മറ്റോ ആയിരിക്കും, പോയി നോക്കിയില്ല. അത്യാവശ്യം വേണ്ടുന്ന ദൂരയാത്രയ്ക്കു വേണ്ടുന്ന എല്ലാം ഉള്‍പ്പെടുന്ന ബോട്ട്. ഓപ്പറേറ്റര്‍ മലയാളികള്‍ തന്നെ ആയിരുന്നത് കുറച്ചുകൂടി നന്നായി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഉള്ള എല്ലാ സജ്ജീകരണങ്ങളും അതില്‍ തന്നെ ഉണ്ടായിരുന്നു. നാട്ടില്‍ നമ്മള്‍ കാണുന്ന ഹൗസ്ബോട്ടില്‍ ഒരുപക്ഷെ ഇത്രയും കാര്യങ്ങള്‍ ഉണ്ടാവണമെന്നില്ല എന്നത് ശ്രെദ്ധേയമാണ്.



തിരികെയുള്ള യാത്ര കൂടുതലും എല്ലാവരും ഫ്രഷ്‌ ആവാനും, യാത്രയുടെ അവലോകനത്തിനുമായിട്ടായിരുന്നു ഉപയോഗിച്ചത്‌. വീണ്ടുമൊരു ചെറിയ ചാറ്റ്. എല്ലാവരും ഒരുപാട് ആസ്വദിച്ചു എന്നത് ഇങ്ങനെ ഒരു യാത്ര പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയവരുടെ വിജയമാണ്. ഇരുട്ട് മൂടിയ കോര്‍ണ്ണിഷിലെ കടലില്‍ നിലാ വെളിച്ചം ചൊരിയുന്ന ചന്ദ്രനെയും, മിന്നിത്തിളങ്ങുന്ന ചെറു നക്ഷത്രങ്ങളെയും മാത്രം സാക്ഷി നിര്‍ത്തി ആ യാത്ര അവസാനിപ്പിക്കുമ്പോള്‍ ഇനിയുടനെ തന്നെ മറ്റൊരു പ്രോഗ്രാം നടത്തണം എന്നതായിരുന്നു ഏവരും ആഗ്രഹിച്ചിട്ടുണ്ടാവുക. അടുത്ത പ്രോഗ്രാം എന്തായിരിക്കണം എന്നൊരു ചെറുസൂചന മാത്രം ബാക്കി നിര്‍ത്തി ഇനിയും കാണാമെന്ന് യാത്രകള്‍ പറഞ്ഞ് തങ്ങളുടെ തിരക്കുകളിലേക്ക് ഏവരും തിരികെ നടന്നു.....ഒരു നല്ല സായാഹ്നത്തിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ താലോലിച്ചുകൊണ്ട്.

PHOTO COURTSY

8 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2016, ജൂലൈ 19 7:46 PM

    Adipoli... ennem koode koottaadaa

    മറുപടിഇല്ലാതാക്കൂ
  2. യാത്രാവിവരണവും ചിത്രങ്ങളും മനോഹരമായിരിക്കുന്നു. പെട്ടെന്ന് തീർന്നു പോയ പോലെ ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി... ഒരുപാട് എഴുതിയാല്‍ ചിലപ്പോ പലര്‍ക്കും ബോര്‍ അടിച്ചാലോ

      ഇല്ലാതാക്കൂ