ഹൈറേഞ്ചിലേക്ക്
ഹൗസ്ബോട്ടിലെ മനോഹരമായ യാത്രയും കഴിഞ്ഞ് വണ്ടിയുമെടുത്ത് ആലപ്പുഴയുടെ തിരക്കിലൂടെ റാന്നിയ്ക്ക്. അവിടെയൊരു കൂട്ടുകാരനുണ്ട് ..ലിബി. അവന്‍റെ വീട്ടിലേക്കാണ് യാത്ര. പകല്‍ ആലപ്പുഴ നഗരത്തില്‍ തിരക്ക് വളരെ കൂടുതലാണ്. നാഷണല്‍ ഹൈവേ കടന്നുപോകുന്ന പട്ടണമായത് കൊണ്ട് ചരക്കു വണ്ടികളും മറ്റ് സ്വകാര്യ വാഹനങ്ങളും കൊണ്ട് റോഡുകള്‍ നിറഞ്ഞിരിക്കും. അതില്‍ നിന്ന് പുറത്ത് വരിക ശ്രമകരമാണ്. റാന്നിയ്ക്ക് ഞങ്ങള്‍ക്ക് മുന്നില്‍ ഗൂഗിള്‍ മുത്തശ്ശി കാട്ടിത്തന്ന റൂട്ട് ആലപ്പുഴ- ചങ്ങനാശേരി – തിരുവല്ല – കോഴഞ്ചേരി റാന്നി എന്നിങ്ങനെയാണ്. ഒരുപാട് സന്തോഷം തോന്നി. കാരണം ആലപ്പുഴ ചങ്ങനാശ്ശേരി റൂട്ട് അത്രയും മനോഹരമാണ്.
ഹൗസ്ബോട്ടിലെ മനോഹരമായ യാത്രയും കഴിഞ്ഞ് വണ്ടിയുമെടുത്ത് ആലപ്പുഴയുടെ തിരക്കിലൂടെ റാന്നിയ്ക്ക്. അവിടെയൊരു കൂട്ടുകാരനുണ്ട് ..ലിബി. അവന്‍റെ വീട്ടിലേക്കാണ് യാത്ര. പകല്‍ ആലപ്പുഴ നഗരത്തില്‍ തിരക്ക് വളരെ കൂടുതലാണ്. നാഷണല്‍ ഹൈവേ കടന്നുപോകുന്ന പട്ടണമായത് കൊണ്ട് ചരക്കു വണ്ടികളും മറ്റ് സ്വകാര്യ വാഹനങ്ങളും കൊണ്ട് റോഡുകള്‍ നിറഞ്ഞിരിക്കും. അതില്‍ നിന്ന് പുറത്ത് വരിക ശ്രമകരമാണ്. റാന്നിയ്ക്ക് ഞങ്ങള്‍ക്ക് മുന്നില്‍ ഗൂഗിള്‍ മുത്തശ്ശി കാട്ടിത്തന്ന റൂട്ട് ആലപ്പുഴ- ചങ്ങനാശേരി – തിരുവല്ല – കോഴഞ്ചേരി റാന്നി എന്നിങ്ങനെയാണ്. ഒരുപാട് സന്തോഷം തോന്നി. കാരണം ആലപ്പുഴ ചങ്ങനാശ്ശേരി റൂട്ട് അത്രയും മനോഹരമാണ്.
പച്ചവിരിച്ചു നില്‍ക്കുന്ന വയലേലകള്‍ക്കിടയിലൂടെയുള്ള റോഡ്. കേരളത്തിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ എന്ന് നമ്മള്‍ പരാതിപ്പെടുന്നതില്‍ നിന്നും വ്യത്യസ്തമായി സ്മൂത്തായ റോഡ്. റബ്ബറയ്സ്ഡ് ചെയ്തതിന്‍റെ ഗുണം. പുഞ്ചപ്പാടങ്ങളും നെല്‍പ്പാടങ്ങളും റോഡിന്‍റെ ഇരു വശവും. അകലെ തെങ്ങിന്‍ തോപ്പുകള്‍ അതിര്‍വരയ്ക്കുന്നു, ചിലയിടത്ത് കണ്ണെത്താ ദൂരം വയലുകള്‍ പരന്നു കിടക്കുന്നു.ചൂട് അന്തരീക്ഷം ആണങ്കിലും കാറ്റ് വീശുന്നുണ്ട്. പലയിടത്തും വണ്ടി നിര്‍ത്തി പാടശേഖരങ്ങളുടെ ഭംഗി ഞങ്ങള്‍ ആസ്വദിച്ചു. കുട്ടനാട്ടിലെ കള്ളുഷാപ്പുകള്‍ വളരെ പ്രസിദ്ധമാണ്. കൂടെയുള്ളവര്‍ക്ക് അവിടുത്തെ ഭക്ഷണം കഴിക്കാന്‍ പൂതി. നെടുമുടി ഷാപ്പില്‍ പണ്ട് കൂട്ടുകാരോപ്പം പോയിട്ടുള്ളത്കൊണ്ട് അവിടെത്തന്നെ ആവട്ടെ ഇവരെയും കൊണ്ടുപോകുന്നത് എന്ന് കരുതി. അവിടെ ചെന്നപ്പോ കഴിക്കാന്‍ ഒന്നുമില്ല എന്ന് പറഞ്ഞു. കള്ളുണ്ട്, അതില്‍ താല്പര്യമില്ലാത്ത കൊണ്ട് തിരിച്ചു പോന്നു. ആ ഷാപ്പ് വയലുകള്‍ക്ക് നടുവിലാണ്. ചുറ്റും പച്ചപ്പ് നിറഞ്ഞ വയലുകള്‍ക്കിടയില്‍ ഒരു കുഞ്ഞ് ഷാപ്പ്, പക്ഷെ അവിടുത്തെ കറികള്‍ക്കൊക്കെ വല്യ ടേസ്റ്റാണ്.
ചങ്ങനാശ്ശേരി എത്തിയപ്പോ കോതമംഗലത്തൂന്ന് വന്ന നസീറും ഞങ്ങള്‍ക്കൊപ്പം കൂടി. നേരെ റാന്നിക്ക്. ഇടയ്ക്ക് അഭിജിത്ത് വിളിച്ചിരുന്നു. അതും ഫെസ്ബുക്കീന്നു കിട്ടിയ കൂട്ടുകാരന്‍ തന്നെ, അവന്‍ ന്‍റെ നാടിനടുത്താ, കൊല്ലം, ഫ്രീയാണ്, എങ്ങോട്ടെങ്കിലും പോകാം ബൈക്കില്‍, ഞാന്‍ കൂടെ ചെല്ലുന്നോ എന്നറിയാന്‍ വിളിച്ചതാ. ഞാന്‍ പറഞ്ഞു എന്തായാലും കറങ്ങാന്‍ ഇറങ്ങിയതല്ലേ നീയ്, ഞങ്ങള്‍ റാന്നിക്ക് പോവാണ് നീയും വാ എന്ന്.അവന്‍ ഒക്കെ പറഞ്ഞു. അങ്ങനെ നഗരത്തിരക്കുകളിലൂടെ റാന്നിക്ക്.
ആലപ്പുഴ ജില്ലയില്‍ നിന്നും കോട്ടയം ജില്ല വഴി പത്തനംതിട്ടയ്ക്ക്. പഞ്ചാര മണലിന്‍റെ നാട്ടില്‍ നിന്നും ചുവന്ന ഗ്രാവല്‍ മണ്ണിന്‍റെ നാട്ടിലേക്ക്.. വഴികളൊക്കെ നല്ല വഴികള്‍ തന്നെ. പലപ്പോഴും കേരളത്തിലെ കുണ്ടും കുഴിയും നിറഞ്ഞ വഴികള്‍ എന്ന് കേള്‍ക്കുമ്പോഴും ആലോചിച്ചിട്ടുണ്ട് ഞാന്‍ സഞ്ചരിച്ച വഴികളൊക്കെയും അത്ര പ്രശ്നമല്ലാത്ത നല്ല റോഡുകള്‍ തന്നെയാണ്, ചിലപ്പോള്‍ പ്രധാനപ്പെട്ട ജില്ലാ പാതകള്‍ ആയതുകൊണ്ടാവും അവയൊക്കെ നന്നായി പരിപാലിക്കുന്നത്. മാത്രമല്ല ഞങ്ങള്‍ പോകുന്ന വഴി ശബരിമല പാതയാണ്. വടക്കുനിന്നും വരുന്ന അയ്യപ്പന്മാര്‍ക്ക് പമ്പയിലേക്ക് എത്താനുള്ള ഒരെളുപ്പവഴി. അതുകൊണ്ടുമാവാം നല്ല റോഡുകള്‍ ആണ് അവയൊക്കെ
ലിബിയുടെ വീട്ടില്‍ എത്തി,അഭി ഞങ്ങളെക്കാള്‍ മുന്‍പേ എത്തിയിരുന്നു. അവിടെ നല്ല ബീഫും ചിക്കനും മീനും ഒക്കെ കൂട്ടി ഒരു ഉഗ്രന്‍ സദ്യ തന്നെ അമ്മ ഉണ്ടാക്കി വെച്ചിരുന്നു. കഴിച്ച് വയറും മനസ്സും നിറഞ്ഞു. കൂടെയുള്ളവര്‍ക്ക് മലപ്പുറം എത്തേണ്ടതുള്ളത് കൊണ്ട് അധികം താമസിക്കാന്‍ നില്‍ക്കാതെ ഞങ്ങള്‍ ഇറങ്ങി. ഞാന്‍ പോകുന്ന വഴി തൃശ്ശൂര്‍ ഇറങ്ങാം, അവിടെ കുറച്ച് കൂട്ടുകാരെ കാണണം എന്നുള്ളതായിരുന്നു പ്ലാന്‍. അഭിയോട് ചോയ്ച്ചപ്പോ അവന്‍ കട്ടപ്പനയ്ക്ക് പോവാത്രേ.. അതും ബുള്ളറ്റില്‍. കേട്ടപ്പഴേ മനസ്സ് ചാഞ്ചാടി. അവന്‍ ബൈക്ക് വാങ്ങിയപ്പഴേ ഞാന്‍ ബുക്ക് ചെയ്തതാ അതില്‍ ഒരു റൈഡ്..എങ്ങോട്ടെങ്കിലും. ഇപ്പൊ ദാ അവസരം നിനച്ചിരിക്കാതെ കൈവന്നിരിക്കുന്നു. വണ്ടിയില്‍ നിന്നും ബാഗും എടുത്ത് ബുള്ളറ്റിന്റെ പിന്‍ സീറ്റില്‍ സ്ഥാനം ഉറപ്പിച്ചിരുന്നു ഞാന്‍. അങ്ങനെ എല്ലാവരോടും യാത്ര പറഞ്ഞ് ഞാനും അഭിയും കട്ടപ്പനയ്ക്ക്.
ഗൂഗിള്‍ മുത്തശ്ശിയോട് ചോദിച്ചപ്പോ കിട്ടിയ വഴി കണ്ട് ഞാനാകെ ത്രില്ലടിച്ചു. റാന്നി-എരുമേലി – മുണ്ടക്കയം – കുട്ടിക്കാനം – ഏലപ്പാറ – കട്ടപ്പന. ഒരു ഹൈറേഞ്ച് റൈഡ്, അതും ബൈക്കില്‍... ഒരു സ്വപ്ന സാക്ഷാത്കാരം പോലെ തോന്നി. അഭിയോട് പണ്ടും പറഞ്ഞത് ഇങ്ങനെ ഒരു യാത്രയെക്കുറിച്ചാണ്. മറ്റൊന്നും ആലോചിക്കാനില്ല വണ്ടി വിട്ടോ അഭ്യേന്ന്‍ പറഞ്ഞുഞാന്‍.. റാന്നിയില്‍ നിന്ന് ഫുള്‍ ടാങ്ക് പെട്രോളും അടിച്ച് യാത്ര തുടങ്ങി....എരുമേലി റൂട്ട് റോഡ് അല്പം മോശമാണ്.. എങ്കിലും വലിയ കുഴപ്പം പറയാനില്ല.
ഹൈറേഞ്ചിന്‍റെ ഒരു ഫീല്‍ കിട്ടിത്തുടങ്ങിയത് മുണ്ടക്കയം കഴിഞ്ഞപ്പോ മുതലാണ്.. അതുവരെ വളഞ്ഞും പുളഞ്ഞും ഉള്ള റോഡുകള്‍, അത്യാവശ്യം വെയിലും ചൂടും. ഇടയില്‍ നിര്‍ത്തി ചായയും മറ്റും കഴിച്ച് പതിയെ കട്ടപ്പനയ്ക്ക്. മുണ്ടക്കയം കഴിഞ്ഞത് മുതല്‍ പ്രകൃതിയുടെ ഭാവം മാറിത്തുടങ്ങി. ചൂട് മാറി നേര്‍ത്ത തണുപ്പ് അടിച്ചു തുടങ്ങി..അപ്പോളേക്കും മാനത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടുന്നത് കണ്ടു.. മഴ വീഴും എന്നുറപ്പായിക്കഴിഞ്ഞു. പക്ഷെ തീരുമാനങ്ങള്‍ക്ക് മാറ്റമില്ല എന്നുറപ്പിച്ചു ഞങ്ങള്‍... മഴയോ വെയിലോ, മഞ്ഞോ ഒന്നും ഞങ്ങള്‍ക്ക് തടസ്സമല്ല. കുട്ടിക്കാനം എത്തുന്നതിന് മുന്പ് തന്നെ മഴ തുടങ്ങിയിരുന്നു. അതി ശക്തമായ മഴ തന്നെ. കുറച്ചുനേരം ഒരു കടത്തിണ്ണയില്‍ കയറി നിന്നു, മഴയുടെ ശക്തി കുറയുമോ എന്ന് നോക്കണമല്ലോ. മാത്രമല്ല പോക്കറ്റില്‍ പേഴ്സും, മൊബൈലും കയ്യില്‍ വാച്ചും ഒക്കെ അതൊക്കെ മഴ നനഞ്ഞ് നാശമാകും. ഒക്കെ എടുത്ത് ആ കടയില്‍ നിന്ന് രണ്ട് പ്ലാസ്ടിക് കവര്‍ വാങ്ങി അതിലിട്ട് ബാഗിനുള്ളില്‍ വെച്ചു. മഴയുടെ ശക്തി കുറയുന്ന ലക്ഷണമില്ല, ഒന്നും ആലോചിക്കാനില്ല, നിനക്ക് മഴയത്ത് ഓടിക്കാന്‍ ബുദ്ധിമുട്ടാവോ എന്ന് ചോദിച്ചു ഞാന്‍, അവനു ബുദ്ധിമുട്ടൊന്നൂല എന്ന് പറഞ്ഞു. എങ്കി എടളിയാ വണ്ടി എന്നായി ഞാന്‍. അങ്ങനെ ആ മഴ മുഴുവന്‍ നനഞ്ഞ്കൊണ്ട് വീണ്ടും യാത്ര തുടങ്ങി.
ശക്തമായ മഴയുള്ളത്‌കൊണ്ട് മഞ്ഞ് മാറി നിന്നു. ചുറ്റും തേയിലത്തോട്ടങ്ങള്‍, അവയ്ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞ് കിടക്കുന്ന റോഡുകള്‍, തുള്ളിക്കൊരുകുടം കണക്കെ പെയ്യുന്ന മഴ, നല്ല സുഖകരമായ തണുപ്പ്, ഇവയെല്ലാം കണ്ടും, അറിഞ്ഞും ആസ്വദിച്ചും കൊണ്ടും ഒരു ബൈക്ക് യാത്ര. ചിന്തിക്കുമ്പോള്‍ തന്നെ മനസ്സ് കുളിര് കോരുന്നു... അപ്പൊ അങ്ങനെ ഒരു യാത്ര അനുഭവിച്ച എന്‍റെ മനസ്സില്‍ എന്തായിരുന്നിരിക്കണം. സന്തോഷത്തിന്‍റെയും ആവേശത്തിന്റെയും പാരമ്യതയിലായിരുന്നു ഞാന്‍ ... കടന്നു പോകുന്ന വഴികളിലും മറ്റ് വാഹനങ്ങളിലും പോകുന്നവരുടെ മുഖത്ത് ഇതെന്നാ രണ്ട് പ്രാന്തന്മാരാണോ എന്നൊരു ഭാവം നിഴലിച്ചു കണ്ടു. ശെരിക്കും ഒരു തരം ഭ്രാന്തമായിരുന്നു ആ യാത്ര.
ഏലപ്പാറ എത്തിയപ്പോ മഴയല്പം ശമിച്ചു. നന്നായി തണുക്കുന്നുണ്ട്. സമയമപ്പോഴേക്കും നാലുമണി കഴിഞ്ഞിരുന്നു. ഒരു ചായകുടിക്കാം എന്നുകരുതി വണ്ടി നിര്‍ത്തി. കട്ടപ്പനയില്‍ ഞങ്ങളുടെ ലക്ഷ്യം ആല്‍ബിന്‍ന്‍റെ വീടാണ്.അവനാണ് അവിടെ ശബ്ദവും വെളിച്ചവും ( താമസവും ഭക്ഷണവും :P ) സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ചായ കുടിക്കുന്നതിനിടയില്‍ അവനെ ഒന്നൂടെ വിളിച്ചു. അളിയാ ഞങ്ങള്‍ ഇതാ ഏലപ്പാറ എത്തിന്ന് പറഞ്ഞപ്പോ അവന്‍ വീട്ടിലില്ല ഒരു എഴുമണി കഴിഞ്ഞേ അവന്‍ എത്തുള്ളൂന്ന്‍. പണി കിട്ട്യാ അഭ്യേ, അതുവരെ എന്താ ചെയ്യാ എന്ന് ചോയ്ച്ചു ഞാന്‍. മ്മക്ക് വാഗമണ്‍ വിട്ടാലോ എന്നായി അവന്‍. ഗൂഗിള്‍ മുത്തശ്ശിയോട് ചോയ്ച്ചപ്പോ അധികം ദൂരല്ല, ആകെ പതിനേഴ് കിലോമീറ്റര്‍ ഉള്ളൂന്ന്‍ പറഞ്ഞുതന്നു. എങ്കി പിന്നെ ആലോചിക്കാന്‍ ഒന്നൂല, വിടളിയാ വണ്ടി എന്നായി ഞാന്‍.അങ്ങനെ വണ്ടി തിരിച്ചു.. വാഗമണ്‍ ലക്ഷ്യമാക്കി.
ഹൈറേഞ്ചിന് വല്ലാത്ത സൗന്ദര്യമാണ്... പച്ചപ്പും, തണുപ്പും, ഒക്കെക്കൂടെ വല്ലാത്ത ഒരു ഫീലാണ് യാത്ര ചെയ്യുമ്പോള്‍. ചെറു ചാറ്റല്‍ മഴ വീഴുന്നുണ്ട് അപ്പോഴും. തെയിലക്കാടുകള്‍ മഴ നനഞ്ഞ് നില്‍ക്കുന്നു. എതിരേ വരുന്ന വാഹനങ്ങള്‍ റോഡില്‍ കെട്ടിക്കിടക്കുന്ന വെള്ളം തെറിപ്പിച്ചുകൊണ്ട് കടന്നുപോകുന്നു. അവയ്ക്കിടയിലൂടെ സാവധാനം, ചുറ്റുമുള്ള കാഴ്ചകളെ മനസ്സില്‍ പതിപ്പിച്ചു ഞങ്ങള്‍ വാഗമണ്ണിലേക്ക്. പൈന്‍വാലിയാണ് ആദ്യ ലക്ഷ്യം. അവിടെ എത്തിയപ്പോ ആഗ്രഹിച്ചതുപോലെ തന്നെ മഴ മാറി നിന്നു. ചിത്രങ്ങളില്‍ കണ്ടിട്ടുള്ള പൈന്‍ വാലിയിലൂടെ കുറെ ദൂരം നടന്നു ഞങ്ങള്‍. നിരനിരയായി നില്‍ക്കുന്ന പൈന്‍ മരങ്ങള്‍. മരത്തിന്‍റെ ഇലകള്‍ താഴെ മെത്ത വിരിച്ച പോലെ കൊഴിഞ്ഞു കിടക്കുന്നു. സമുദ്രലവലില്‍ നിന്നും ഏകദേശം 1200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കേരളത്തിലെ പ്രധാന ടൂറിസ്റ്റ് സ്ഥലം ആയതുകൊണ്ടാവണം, അത്യാവശ്യം നല്ല വൃത്തിയായി സൂക്ഷിക്കുന്നുണ്ട് ആ പൈന്‍ കാടുകള്‍. മഴ പെയ്ത് മാറിയ സമയമായതുകൊണ്ടാവണം സഞ്ചാരികള്‍ കുറവാണ് അവിടെ. ആരുമില്ല എന്ന് തന്നെ പറയാം. കുറച്ചുദൂരം നടന്നിട്ട് ഞങ്ങള്‍ തിരിച്ചുപോന്നു. സമയവും നമുക്ക് കുറവാണ്.
വീണ്ടും മുന്നോട്ടു വാഗമണ്‍ സിറ്റിയിലേക്ക് പോകുമ്പോഴാണ് ഇടത്തേക്ക് ഒരു റോഡും ഒരു ബോര്‍ഡും കണ്ടത്. ‘തങ്ങള്‍പ്പാറ’. അതെന്താണന്നറിയാന്‍ ഒരാഗ്രഹം. വല്ല കുന്നോ മറ്റോ ആവൂന്ന് തന്നെയായിരുന്നു പ്രതീക്ഷ. പ്രതീക്ഷ തെറ്റിയില്ല, മനോഹരമായ ഒരു മൊട്ടക്കുന്ന്‍. അതിനപ്പുറം വളരെ ഉയരത്തില്‍ ഒരു കുന്ന്.. അതാണ് തങ്ങള്‍പ്പാറ എന്ന് തോന്നുന്നു. ആദ്യം കണ്ട ചെറു കുന്നിലേക്ക് അവന്‍ വണ്ടി ഓടിച്ചു കയറ്റി. മഴ നനഞ്ഞു കിടക്കുന്ന പുല്ലിലൂടെ കയറുമ്പോള്‍ വണ്ടി സ്കിഡ് ആവുമോ എന്നൊരു ഭയം എനിക്കുണ്ടായിരുന്നു അതുകൊണ്ട് തന്നെ ഞാനിറങ്ങി നടന്നു. അവന്‍ വണ്ടിയുമായി മുകളിലേക്ക് കയറിപ്പോയി. അവിടെനിന്നുകൊണ്ടുള്ള വാഗമണ്‍ന്‍റെ വ്യൂ അതി മനോഹരം തന്നെ. മഴ തോര്‍ന്നു നില്‍ക്കുകയായിരുന്നതുകൊണ്ട് ചുറ്റിലുമുള്ള പച്ചപ്പിന് വല്ലാത്തൊരു വശ്യത.
കുറെ ഫോട്ടോകള്‍ എടുത്തു.. എന്‍റെ ക്യാമറ കയ്യിലില്ലാഞ്ഞതിന്റെ വിഷമം മനസ്സിലായത് അപ്പോളാണ്. എങ്കിലും മൊബൈലില്‍ പറ്റാവുന്നത്രയും എടുത്തു. കുറെ നേരം ആ മൊട്ടക്കുന്നിന്മേല്‍ ഇരുന്നു. ദൂരേയ്ക്ക് നോക്കുമ്പോള്‍ അകലെ കോട മഞ്ഞിന്‍റെ നേര്‍ത്ത ആവരണത്തില്‍ മുങ്ങി നില്‍ക്കുന്ന മലനിരകള്‍ കാണാം.. വശ്യമായ പുഞ്ചിരിതൂകി നില്‍ക്കുന്ന പച്ചപ്പ്...തണുത്ത കാറ്റും. ആ കാഴ്ചകളെ മനസ്സില്‍ നിറച്ചു അവിടെ നിന്നും ഇറങ്ങി...ഇപ്രാവശ്യം ഞാനും അവനൊപ്പം വണ്ടിയില്‍ തന്നെ കയറി.... എന്ത് വന്നാലും ഒന്നിച്ചുതന്നെ.. സമയം ആറുമണി കഴിഞ്ഞിരിക്കുന്നു... കാഴ്ചകളുടെ ആവേശത്തില്‍ സമയം നോക്കിയിട്ടില്ല.. ഇരുട്ട് മൂടാന്‍ തുടങ്ങുന്നു..ഇനി കാഴ്ച്ചകളില്ല ഇരുട്ട് മാത്രം. വന്ന വഴി തിരികെ ഏലപ്പാറ വഴി കട്ടപ്പനയ്ക്ക്.


കട്ടപ്പന എത്തുമ്പോഴേയ്ക്കും സമയം എട്ടര കഴിഞ്ഞിരുന്നു....രാത്രിയല്ലേ..അറിയാത്ത വഴിയും. പതിയെയാണ് പോയത്. ആല്‍ബിന്‍ അവിടെ ഒരു പമ്പില്‍ കാത്തു നില്‍ക്കുന്നു... പണ്ട് പാലക്കാട്- കാഞ്ഞിരപ്പുഴയില്‍ വെച്ച് തമ്മില്‍ കണ്ടിട്ടുണ്ട് ഞങ്ങള്‍ മൂന്നാളും.. ആ ധൈര്യത്തിലാ അങ്ങട് വണ്ടി വിട്ടത്. അവനും കൂട്ടുകാരനും ഉണ്ട്. കുറെ കെട്ടിപ്പിടിക്കലും വര്‍ത്താനോം കഴിഞ്ഞ് വീട്ടിള്‍ക്ക് പോവാന്ന് പറഞ്ഞപ്പോളാ ഓര്‍ത്തത് ഭക്ഷണം കഴിച്ചിട്ടില്ല. അളിയാ വീട്ടില്‍ എല്ലാര്‍ക്കും നോമ്പാ അതോണ്ട് പുറത്തൂന്ന് കഴിക്കാമെന്ന് ആല്‍ബി... അങ്ങനെ അവിടെയൊരു ഹോട്ടലില്‍ നിന്ന് കഴിച്ചു. പതിയെ വീട്ടില്‍ക്ക്. ഏതൊക്കെയോ കാട്ടില്‍ക്കൂടെ കുറേ നേരം വണ്ടി ഓടി.... അവസാനം ഒരു വല്യ കുഴിയുടെ മുന്നില്‍ കൊണ്ട് നിര്‍ത്തീട്ട് പറയ്കാ അവിടേയ്ക്ക് ഇറക്കിക്കോളാന്‍ അതാണത്രേ വീടിന്‍റെ മുറ്റം.. പട്ടാളക്കാരന്‍ അഭിയ്ക്ക് ഇതൊക്കെയെന്ത് എന്ന ഭാവം... ഞാന്‍ പത്യേ വണ്ടീന്ന് ഇറങ്ങി.. ചാവാന്‍ അല്പം പേടി ഉണ്ടേ ....എന്തായാലും കൊള്ളാം അഭി സിമ്പിളായിട്ട് ഇറക്കി കൊണ്ടുപോയി.. എന്നിട്ട് ഒരു നോട്ടം എന്നെ...ബുള്ളറ്റ് ഡാ എന്ന ഭാവം.
ഒമ്പതരയോടെയാണ് ഞങ്ങളെത്തിയത്...അച്ഛനും അമ്മേം കാത്തിരിക്കുന്നു... ചെന്ന് കയറിയപാടെ ചൂട് കട്ടന്‍ കാപ്പി തന്നു.... ഉച്ചമുതല്‍ മഴ നനഞ്ഞ് തണുത്ത് നല്ല സെറ്റപ്പ് ആയിരിക്യാ ശരീരം...ആ കാപ്പി അങ്ങട് ചെന്നപ്പോ എന്താ സുഖം. അതും പറമ്പിലെ കാപ്പിക്കുരു പൊടിച്ചെടുത്ത കാപ്പി.. ഹോം മെയ്ഡ്. കുളിയും, വര്‍ത്താനവും ഒക്കെ കഴിഞ്ഞ് പതിയെ കിടക്കയിലേക്ക്.. നാളെ ഇടുക്കിയിലൂടെയാണ് യാത്ര..അതും പ്ലാന്‍ ചെയ്ത് ഉറങ്ങുമ്പോ സമയം രണ്ടുമണി... പുറത്ത് പേരറിയാത്ത എന്തൊക്കെയോ ജീവികളുടെ ശബ്ദം. ആദ്യായിട്ടാണ് കട്ടപ്പനയില്‍ ഒരു രാത്രി. പരിചയമില്ലാത്ത പേടിപ്പെടുത്തുന്ന ശബ്ദങ്ങള്‍.. അതൊക്കെ കേട്ട് അഭിയേം കെട്ടിപ്പിടിച്ചു കിടന്നു ഞാനെപ്പളോ ഉറങ്ങി...
NB:മൊബൈല്‍ ക്ലിക്കുകള്‍ ആണ് എല്ലാം....
മനോഹരമായ വിവരണം, യാത്രയിൽ പങ്കെടുത്ത പോലെയുള്ള അനുഭവം നൽകി....
മറുപടിഇല്ലാതാക്കൂവളരെ നന്ദി വായനയ്ക്ക്. ഒരുപാട് സ്നേഹം
ഇല്ലാതാക്കൂ