വ്യാഴാഴ്‌ച, നവംബർ 12, 2015

പ്രവാസികളും കലയും.

ഇന്നലെ ഒരു നാടക മത്സരം ഉണ്ടായിരുന്നു ദോഹയില്‍. FCC യുടെ ഖത്തര്‍ കേരളീയം 2015ന്‍റെ ഭാഗമായ ഏകാങ്ക നാടക മത്സരം. ആറു നാടകങ്ങളാണ് മത്സര രംഗത്തുണ്ടായിരുന്നത്. കലയെ സ്നേഹിക്കുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ മാറ്റുരച്ച നാടക മത്സരം. വൈകിയാണ് എത്തിയത് അതുകൊണ്ട് തന്നെ രണ്ടു നാടകങ്ങള്‍ മാത്രമേ കാണുവാന്‍ സാധിച്ചുള്ളൂ. രണ്ടും ഒന്നിനൊന്ന് മികച്ചവ. മികച്ച അഭിപ്രായമായിരുന്നു ഈ മത്സരത്തിന് അവിടെ കൂടിയിരുന്നവരില്‍ നിന്നും ലഭിച്ചത്.


പണ്ട് അമ്പലത്തിലെ ഉത്സവത്തിന്‍റെ ഭാഗമായി നടത്തിയുന്ന ഭക്തി – കോമേഴ്സ്യല്‍ - പ്രൊഫഷണല്‍ നാടകങ്ങള്‍ കണ്ടിട്ടുണ്ട്. അന്നൊക്കെ അത് വെറും കൂട്ടുകാരുടെ കൂടെ സമയം കളയാനും അടിച്ച്പൊളിക്കാനും മാത്രമുള്ള ഒരു വിനോദ ഉപാധി മാത്രമായിരുന്നു. എന്‍റെ നാട്ടിലാണ് കേരളത്തിലെ ഏറ്റവും പ്രചാരമുള്ള കെപി എ സി ഉള്ളത്. സത്യം പറയട്ടെ ഇന്നുവരെ അവരുടെ ഒരു നാടകം പോലും ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ മാത്രമല്ല ഒരുപക്ഷെ എന്‍റെ തലമുറയിലെ ഒരു പരിധി വരെയുള്ള ആള്‍ക്കാര്‍ ആരും തന്നെ നാടകം അത്ര കാര്യമായി എടുത്തിട്ടുണ്ടാവില്ല. ടെക്നോളജിയുടെ കാലത്താണ് ഞങ്ങള്‍ ജനിച്ചതും വളരുന്നതും. വിരല്‍ത്തുമ്പില്‍ലോകം മുഴുവനുമുള്ള ഈ കാലത്ത് നാടകത്തിനും മറ്റും ആര്‍ക്കു താല്പര്യമുണ്ടാവാന്‍.

പ്രവാസിയായത്തിനു ശേഷമാണ് ഇങ്ങനെയുള്ള കലാപരമായ കാര്യങ്ങളെ ശ്രദ്ധിക്കാനും മനസ്സിലാക്കാനും മറ്റും തുടങ്ങിയത്, അതിന് ഖത്തറിലെ ക്യു മലയാളം സംഘടനയോട് നന്ദി പറഞ്ഞേ മതിയാവൂ. അവരിലൂടെയാണ്, അവര്‍ നടത്തുന്ന കലാ പരിപടികളിലൂടെയാണ് ഞാനിതൊക്കെയും ശ്രദ്ധിക്കുവാന്‍ തുടങ്ങിയത്.
ഇന്നലെ അവിടെ കലയെ സ്നേഹിക്കുന്ന ഒരുകൂട്ടം ആള്‍ക്കാരെയാണ് ഞാന്‍ കണ്ടത്. മാസങ്ങള്‍ എടുത്ത് പ്രാക്ടീസ് ചെയ്ത്, ഒരു നാടകം സദസ്സിന് മുന്‍പില്‍ അവതരിപ്പികുമ്പോള്‍ അവര്‍ ഓരോരുത്തരുടെയും മുഖത്ത് ഉണ്ടായിരുന്ന ചേതോവികാരം. തങ്ങള്‍ക്ക് കിട്ടുന്ന കയ്യടികള്‍ ഓരോ അഭിനേതാവിനും നല്‍കുന്ന ആത്മവിശ്വാസം പറഞ്ഞ് ഫലിപ്പിക്കാവതല്ല.

ഒരുപക്ഷേ നാട്ടിലുള്ളവരെക്കാള്‍ കലയോടും അതുപോലെയുള്ള കാര്യങ്ങളോടും കൂടുതല്‍ ആഭിമുഖ്യം കാട്ടുക പ്രവാസികളാണ്.വിരസമായ ജീവിതരീതികള്‍ക്കിടയില്‍ അവര്‍ക്ക് കിട്ടുന്ന ഏക ആശ്വാസമാവാം ഇവയൊക്കെയും അതുകൊണ്ടാവും അവര്‍ക്ക്‌ ഇത്തരം കാര്യങ്ങളോട് താല്പര്യവും. മാത്രമല്ല ഇവിടുത്തെ ജീവിതരീതിയില്‍ പലര്‍ക്കും മറ്റു കാര്യങ്ങള്‍ക്ക് ഒരുപാട് സമയം കിട്ടുന്നതും ഒരു കാരണമാവാം.സ്കൂളിലോ കോളേജിലോ സ്റ്റേജിന്റെ അടുത്തുപോലും പോയിട്ടില്ലാത്ത പലരും കലാപരമായി ഒരുപാട് വളര്‍ന്ന കാഴ്ചകള്‍ ഇവിടെ സുലഭമാണ്. മാത്രമല്ല, കലാകാരന്മാരായ പലരും മറ്റ് ജോലികള്‍ക്ക് വേണ്ടി പ്രവാസിയാകുമ്പോള്‍ കലയെ മാറ്റി വെക്കാറുണ്ട്. അത്തരം ആള്‍ക്കാര്‍ക്ക് തങ്ങളുടെ വാസനകളെ പുറത്തെടുക്കാനുള്ള അവരവുമാണ് ഇവിടെ അരങ്ങേറുന്ന ഇത്തരം മത്സരങ്ങളും മറ്റും.

മുഖത്ത് ചായം തേച്ച് ഭാവങ്ങള്‍ മിന്നി മറഞ്ഞ് ആസ്വാദകരുടെ കയ്യടി വാങ്ങിയ ഒരുപാടുപേര്‍, ഇന്നലെ സ്റ്റേജ് നിറഞ്ഞാടിയ ഒരുപാട് കലാകാരന്മാരാല്‍ സമ്പുഷ്ടമാണ് പ്രവാസലോകവും. അവര്‍ക്കായി, അവരുടെ കഴിവുകള്‍ക്കായി ഇനിയുമിയും ഇത്തരം സംരംഭങ്ങള്‍ ഉണ്ടാവട്ടെ. ആസ്വദിക്കുന്നവര്‍ക്ക് ആനന്ദവും, അരങ്ങത്തുള്ളവര്‍ക്ക് പ്രചോദനവും നല്‍കുന്ന സംരംഭങ്ങള്‍.

കലയെ ആസ്വദിക്കുവാന്‍ കലാഹൃദയം ഉള്ളവര്‍ക്കേ കഴിയൂ എന്നാണ്.
മത്സരിക്കുക സമ്മാനം നേടുക എന്നതിലുപരി, കലയെ പരിഭോഷിപ്പിക്കുക എന്നതാവട്ടെ ഓരോ കലാകാരന്മാരുടെയും, കലാസ്വാദകാരുടെയും ലക്ഷ്യം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ