സാധാരണ എല്ലാവരും യാത്ര ചെയ്യുന്ന സ്ഥലങ്ങളേക്കാള്‍ എനിക്കിഷ്ടം അധികമാരും വരാത്ത പ്രകൃതിയോടടുത്ത് നില്ക്കുന്ന പ്രദേശങ്ങളിലേക്കുള്ള യാത്രയാണ്. ഈ വെക്കേഷനില്‍ നിനച്ചിരിക്കാതെ ഒത്തുവന്ന അത്തരമൊരു യാത്രയാണ് തൃശ്ശൂര്‍ ജില്ലയിലെ മരോട്ടിച്ചാല്‍ എന്ന വെള്ളച്ചാട്ടത്തിലേക്ക്.
മരോട്ടിച്ചാല്‍ എന്നത് ആ സ്ഥലത്തിന്റെ പേരാണ്. ത്രിശ്ശൂര് ടൌണില്‍ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്റര്‍ ദൂരെയാണ് ഈ ചെറിയ പ്രദേശം. രണ്ട് വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്.
കേരളാ ടൂറിസം വകുപ്പിന്റെയും മറ്റും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടില്ലാത്ത ഈ മനോഹരമായ വെള്ളച്ചാട്ടം ബഹളങ്ങളോ, മറ്റ് മലിനീകരണങ്ങളോ ഇല്ലാതെ കാടിന് നടുവില്‍ സ്ഥിതി ചെയ്യുന്നത്, സമാധാനകാംക്ഷികളായ യാത്രികര്‍ക്ക് നല്ലൊരു ഓര്‍മ്മ സമ്മാനിക്കും.
അവിടേയ്ക്കുള്ള യാത്ര ആരംഭിക്കുന്നത് മരോട്ടിച്ചാല്‍ ജംഗ്ഷനില്‍ നിന്നാണ്. സിറ്റിയില്‍ നിന്നും ബസ് മാര്‍ഗ്ഗവും അവിടെയെത്താം. ഒരു പക്കാ ഗ്രാമപ്രദേശത്തിന്റെ എല്ലാ ഭാവുകത്വങ്ങളും ഉള്‍ക്കൊള്ളുന്ന പ്രദേശം. അത്യാവശം ഒന്നോ രണ്ടോ കടകളും, ചെറിയൊരു ചായക്കടയും മറ്റുമുണ്ടവിടെ. അവിടെനിന്നാണ് ആദ്യത്തെ വെള്ളച്ചാട്ടത്തിലേക്ക് ഉള്ള ചെറിയ വഴി തുടങ്ങുന്നത്. പാര്‍ക്കിംഗിനോ മറ്റും സ്ഥലമില്ലാത്തത് കൊണ്ട് റോഡരുകില്‍ തന്നെ വണ്ടി നിര്‍ത്തി അത്യാവശ്യം ബാഗും, വെള്ളവും ക്യാമറയും മറ്റുമായി ഞങ്ങള്‍ ഇറങ്ങി.
രണ്ടുപേര്‍ക്ക് നടന്നുപോകാവുന്നത്ര മാത്രം വീതിയുള്ള ചെങ്കല്‍ പാത. അത് മാത്രമാണ് അവിടേയ്ക്കുള്ള വഴി. സൈന്‍ ബോര്‍ഡുകളോ ഒന്നുമില്ലാത്തത് ഞങ്ങളില്‍ സംശയം ജനിപ്പിച്ചു. വഴിയരികിലുള്ള വീട്ടില്‍ കയറി അത് തന്നെയാണ് സ്ഥലം എന്നുറപ്പാക്കി വീണ്ടും നടന്നു. പരിസരവാസികള്‍ക്ക് അത്ഭുതം, ബാഗും മറ്റുമായി നാലഞ്ച്പേര് നടന്നു വരുന്നത് കണ്ടപ്പോള്‍ അവരവരുടെ വീട്ടിലേക്കുള്ള വിരുന്നുകാര് ആയിരിക്കുമോ എന്ന് സംശയിച്ചിരിക്കണം.
പത്തു മിനിറ്റ് നടന്നാല്‍ ആദ്യത്തെ വെള്ളച്ചാട്ടത്തില്‍ എത്താം ഓലക്കയം എന്നാണത്രേ ഇതിനു പേര്. ചെറിയ ഒരു വെള്ളച്ചാട്ടം. നീന്താനും മറ്റും പ്രകൃതി ഒരുക്കിയ സ്വിമ്മിംഗ് പൂള് പോലെ പാറക്കെട്ടുകള്‍ക്ക് നടുവില്‍ ഒരു ചെറിയ ജലാശയം, അതിലേക്ക് ഉയര്‍ന്ന് നില്ക്കുന്ന പാറയില്‍ നിന്നും വന്നു വീഴുന്ന തെളിനീര് വെള്ളം. തദ്ദേശവാസികളോ അതോ ക്ലാസ് കട്ട് ചെയ്തു വന്നവരോ എന്നറിയില്ല, ഒരു കൂട്ടം ചെറുപ്പക്കാര്‍ നീന്തിക്കളിക്കുന്നുണ്ട്.
വെള്ളം കുറവായത് കൊണ്ടാണന്ന് തോന്നുന്നു മുകളിലെ പാറയില്‍ ചെറിയ കുഴികള്‍ കാണാം, അവയില്‍ വെള്ളം നിറഞ്ഞിരിക്കുന്നു. ചെറു മീനുകള്‍ അതില്‍ നീന്തി തുടിക്കുന്നത് എന്നില്‍ അത്ഭുതം ഉളവാക്കി. എങ്ങനെ ഈ മീനുകള്‍ എവിടെ എത്തിയിട്ടുണ്ടാവും?? കുറവാണങ്കിലും അതി ശക്തമായി തന്നെ താഴേക്ക് പതിക്കുന്നുണ്ട് വെള്ളം. ബാഗും സാധനങ്ങളും എല്ലാം ഒരിടത്ത് വെച്ച് സൈഡിലൂടെ വഴുക്കുന്ന പാറയില്‍ ചവുട്ടി താഴേക്കിറങ്ങി.ഓരോ കാലടിയും വഴുക്കുന്നുണ്ടായിരുന്നു. ചുറ്റിലും നില്ക്കുന്ന മരക്കൊമ്പുകളില്‍ പിടിച്ചും മറ്റും താഴെയെത്തി,
അവിടെയുണ്ടയിരുന്നവര്‍ പോകട്ടെയെന്നു കരുതി കുറച്ചു സമയം കാത്തു നിന്നു. വെള്ളച്ചാട്ടത്തിന്റെ ഒരു ഭാഗത്ത് കമ്പി വേലി കെട്ടിയിരിക്കുന്നു.അത് ഇലക്ട്രിക് വേലിയാണ്. ആനയുടെ ശല്യം ഒഴിവാക്കാന്‍ വേണ്ടി കെട്ടിയിട്ടുള്ളതാണത്രേ. മൂന്ന് സൈഡിലും കാട്, അതിനു നടുവില്‍ വെള്ളച്ചാട്ടം, ആ മനോഹരമായ സ്ഥലം വല്ലാണ്ട് മത്തു പിടിപ്പിക്കുന്ന പോലെ തോന്നി. വെള്ളത്തിലേക്ക് ഇറങ്ങിയപ്പോളാണ് തണുപ്പ് മനസിലായത്. ഒഴുകി വരുന്നത് തെളിഞ്ഞ വെള്ളമെങ്കിലും ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്നത് കൊണ്ട് അല്പം കലങ്ങിയിരുന്നു. ഒഴുകി അലകുന്ന ഭാഗത്ത് വെള്ളം കുറവാണങ്കിലും മുകളില്‍ നിന്നും വീഴുന്ന ഭാഗത്ത് കഴുത്തറ്റം ഉണ്ടായിരുന്നു. നീന്തുവാന്‍ എന്തോ പ്രത്യേക ശക്തി ലഭിച്ചത് പോലെ. പിന്നീടാണ് മനസ്സിലായത് ഒഴുക്കിന്റെ ശക്തിയാണ് അതെന്ന്.
കുറച്ചു നേരം കൂടെ അവിടെ ചിലവഴിച്ച ശേഷം രണ്ടാമത്തെ വെള്ളച്ചാട്ടത്തിലേക്ക് പോയി. ആദ്യത്തേതില്‍ നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ കാട്ടിലൂടെ നടന്നു വേണം രണ്ടാമത്തേതിലെത്താന്‍. കാടിന് നടുവിലൂടെയുള്ള ആ യാത്ര അതാണ് മരോട്ടിച്ചാലില്‍ എനിക്കേറ്റവും ഇഷ്ടമായത്. മുന്‍പ് വന്നു പോയവര്‍ നടന്ന് ഉണ്ടാക്കിയ വഴി. കാട്ടുവഴി. മുള്ളും കല്ലും നിറഞ്ഞ ആ വഴിയിലൂടെ നഗ്നപാദനായി നടന്നു, കിളികളുടെ കളകളാരവം കേട്ടുകൊണ്ട്. നടന്ന് തുടങ്ങിയപ്പോള്‍ തന്നെ മഴ പൊഴിയുന്നുണ്ടായിരുന്നു. അതിനു ശക്തി പ്രാപിച്ചപ്പോള്‍ കിളികള്‍ ഒക്കെയും പോയകന്നു. പിന്നീട് കേട്ടത് മഴയുടെ ശബ്ദമാണ്. കരിയിലകളിലും പാറകളിലും മഴത്തുള്ളികള്‍ തീര്‍ക്കുന്ന ശബ്ദം. അരികിലൂടെ ചെറിയ പുഴ ഒഴുകുന്നുണ്ട്. മുകളിലെ വെള്ളച്ചാട്ടത്തില്‍ നിന്നും താഴേക്ക് ഒഴുകുന്ന പുഴ. വള്ളികളെ വകഞ്ഞ് മാറ്റിയും, കടപുഴകി കിടക്കുന്ന മരങ്ങളെ ചാടിക്കടന്നും, വഴുക്കാന്‍ പാറകളില്‍ വീഴാതെ നടന്നും കാട്ടിലൂടെ മഴയത്ത് നനഞ്ഞൊലിച്ച് മുകളിലേക്കുള്ള ആ യാത്ര ഹൃദ്യമായ അനുഭവം തന്നെയായിരുന്നു.
ഇടയ്ക്ക് ഒഴുകി വരുന്ന പുഴയെ മറി കടക്കണം. അതിനായി ആരോ ഇട്ട ചെറു മരങ്ങള്‍ കുറുകേ കിടപ്പുണ്ട്.. അതിനു മുകളിലൂടെ സാഹസീകമായി നടക്കണം. വഴുതിപ്പോയാല്‍ പാറയില്‍ വീഴും. അപ്പോഴേക്കും മഴ ശക്തി പ്രാപിച്ചിരുന്നു. പുഴയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ നിറം മാറിത്തുടങ്ങി. അതൊന്നും ഞങ്ങളെ പിന്തിരിപ്പിക്കാന് മാത്രം ശക്തമായിരുന്നില്ല.
മുകളിലെ വെള്ളച്ചാട്ടമാണ് ഇലഞ്ഞിപ്പാറ. ഏതാണ്ട് പത്തു പന്ത്രണ്ട് മീറ്റര്‍ ഉയരത്തില്‍ നിന്നും കുത്തനെ താഴേക്ക് പതിക്കുന്ന വെള്ളം. താഴെ ചിതറിക്കിടക്കുന്ന വലിയ വലിയ പാറകള്‍. അതിലേക്ക് വന്നു ചാടുന്ന വെള്ളം തല്ലിത്തെറിച്ച് പതഞ്ഞൊഴുകുന്നു. ഇടതൂര്‍ന്ന് വളര്‍ന്നു നില്ക്കുന്ന മരങ്ങള്ക്കിടയിലായത് കൊണ്ട് കൊഴിഞ്ഞു വീണു കിടക്കുന്ന ഇലകളും വെള്ളവും ഒക്കെ കൂടി ചേര്‍ന്ന് കിടക്കുന്ന സ്ഥലം. അരോചകം തോന്നുന്നവര്‍ക്ക് തോന്നാം പക്ഷെ ആ വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയില്‍ അതൊന്നും ശ്രദ്ദിക്കില്ല. വെള്ളത്തില്‍ ഇറങ്ങാന്‍ പറ്റില്ല, കൂര്‍ത്ത പാറകള്‍ കാലുകളെ മുറിപ്പെടുത്തും. ഉയര്‍ന്ന് നില്ക്കുന്ന വലിയ പാറകളില്‍ കൂടി വെള്ളത്തിലേക്ക് എത്താം. അതി ശക്തമായി പതിക്കുന്ന വെള്ളം ശരീരത്തില്‍ വേദനകള്‍ നല്‍കുമെങ്കിലും തണുത്ത വെള്ളം വീഴുന്ന സുഖം, അത്രയും ദൂരം നടന്ന് വന്ന ക്ഷീണത്തെ അകറ്റും. പാറമേല്‍ ചാരി വെള്ളത്തിനു പുറകില്‍ നില്ക്കുമ്പോള് മുഖത്തിലൂടെ ശക്തമായി ഒഴുകുന്ന വെള്ളം കണ്ണിന് മുന്നില്‍ തീര്‍ക്കുന്ന ഭിത്തി അതിലൂടെ പുറം കാഴ്ചകളെ നോക്കിക്കാണാന്‍ ശ്രമിക്കുമ്പോള്‍ കണ്ണുകള്‍ അടഞ്ഞു പോകുന്നു. എത്രനേരം അങ്ങനെ നിന്നുവെന്നറിയില്ല. അതി ശക്തമായ മഴ കുറഞ്ഞപ്പോള്‍ തിരികെ കയറി.
വെള്ളച്ചാട്ടത്തിനു നേരെ മുന്നിലായി അത്രയും ഉയരത്തില്‍ തന്നെ നില്ക്കുന്ന മറ്റൊരു പാറയുണ്ട്. അതിന്റെ മുകളില്‍ കയറി നിന്ന് നോക്കണം ഈ ചാട്ടത്തിന്റെ മനോഹാരിത കാണണമെങ്കില്‍. ചെങ്കുത്തായി കിടക്കുന്ന പാറയില്‍ നിന്നും ഒഴി താഴേക്ക് പതിക്കുന്ന ശക്തമായ നീരുറവ, ചുറ്റിലും ചെറിയ ചെറിയ നീര്‍ച്ചാലുകള്‍. ഒക്കെയും കൂടെ തീര്‍ക്കുന്നത് മനോഹമായ ചിത്രമാണ്.
മഴ പൂര്‍ണ്ണമായും തോര്‍ന്നു കഴിഞ്ഞപ്പോള്‍ തിരികെ നടന്നു. അതേ വഴിയിലൂടെ. ഇടയ്ക്ക് സൈഡില്‍ ഒരു ഈറക്കൂട്ടം തകര്‍ന്ന് കിടക്കുന്നത് കണ്ടപ്പോള്‍ മനസ്സിലായി ആന ഇറങ്ങിയിട്ടുണ്ടന്ന്. അല്പം കൂടെ മുന്നോട്ടു നടന്നപ്പോള്‍ വഴിയരികില്‍ കിടക്കുന്നു ചൂടാറാത്ത ആനപ്പിണ്ടം, മനസ്സില്‍ വളര്‍ന്ന ഭീതിയുമായാണ് പിന്നീട് നടന്നത് മുഴുവനും. കാടിനു നടുവില്‍ രക്ഷപെടാന്‍ വഴിപോലുമറിയത്ത കാട്ടില്‍ ആന അടുത്തെവിടെയോ ഉണ്ടെന്ന് മനസ്സിലായപ്പോള്‍ നടത്തത്തിന്റെ വേഗത കൂടി.
പുഴയിലെ ഒഴുക്കിനു ശക്തി കൂടിയിരിക്കുന്നു. കലങ്ങി മറിഞ്ഞ വെള്ളം കുത്തിയൊലിക്കുന്നു. മുന്‍പ് മറികടന്ന പാലം ഒലിച്ചു പോയിരിക്കുന്നു. ശക്തമായ ആ ഒഴുക്കിനെ മാറി കടക്കാന്‍ അല്പം കൂടെ മുകളിലേക്ക് നടക്കേണ്ടി വന്നു. വഴുകിയ പാറയിലൂടെ നടന്നപ്പോള്‍ വീഴാന്‍ തുടങ്ങി പലരും. അല്പം സാഹസീകനായത് കൊണ്ട് ഒലിച്ചു പോകാതെ തങ്ങി നിന്ന ഒരു ചെറിയ മരത്തില്‍ പിടിച്ചു വെള്ളത്തില്‍ കൂടെ ഇക്കരെ കടന്നു ഞാന്‍. കൈവിട്ടു പോയാല്‍ പിന്നെ എളുപ്പം താഴെയെത്തിയേനേ.
താഴെ കുളിച്ച സ്ഥലത്ത് എത്തിയപ്പോള്‍ കര കവിഞ്ഞൊഴുകുന്ന പുഴയാണ് കണ്ടത്. ശാന്തമായി ഒഴുകിയിരുന്നത് സകല രൌദ്രഭാവങ്ങളോടും കൂടി കുത്തിയൊഴുകുന്നു. ആ യാത്രയെ അവിടെ അവസാനിപ്പിച്ച് വസ്ത്രങ്ങള്‍ ധരിച്ച്, സുന്ദരമായ ആ ഭൂവിനോട് വിട പറഞ്ഞപ്പോള്‍ കാലുകള്‍ വേദനിച്ചതോ മുള്ളുകള്‍ കൊണ്ടതോ ഒന്നുമറിഞ്ഞില്ല. ഇനിയും വരണം എന്ന ചിന്ത മാത്രമായിരുന്നു. ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്, കാട്ടിലൂടെയുള്ള ആ യാത്ര തന്നത് പ്രകൃതിയിലേക്കൊരു മടക്കയാത്രയായിരുന്നു.
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം വാട്സപ്പില്‍ കിട്ടിയ ഒരു പേപ്പര്‍ കട്ടിംഗ് ആയിരുന്നു ഏറ്റവും വലിയ അത്ഭുതം. മരോട്ടിച്ചാല്‍ കാട്ടില്‍ വിറക് ഒടിക്കാന്‍ പോയ രണ്ടുപേരെ കാട്ടാന ചവിട്ടിക്കൊന്നു. ഞങ്ങള്‍ പോയ അതേ ദിവസം..
ഇത് എന്റെ നാട്ടിൽ തന്നെ ആണെങ്കിലും പോയിട്ടില്ലിതു വരെ...
മറുപടിഇല്ലാതാക്കൂവായിച്ചപ്പൊൾ തോന്നിയത്....
എന്തെ ഇതു വരെ പോകാത്തതെന്ന വിഷമം
അടുത്ത് തന്നെ നാട്ടിൽ ചെല്ലുമ്പൊ പോകണം എന്ന ആഗ്രഹവും....
പോയിക്കാണണം ഇക്കോ. മറക്കൂല പിന്നെ ആ യാത്ര
ഇല്ലാതാക്കൂമനോഹരം... സ്ഥലവും. അവതരണവും.
മറുപടിഇല്ലാതാക്കൂ