ബുധനാഴ്‌ച, മാർച്ച് 19, 2014

മലേഷ്യന്‍ വിമാനം ചില സംശയങ്ങള്‍

മലേഷ്യന്‍ വിമാനത്തിന്‍റെ തിരോധാനം എന്തിനും ഏതിനും ടെക്നോളജിയെ ആശ്രയിക്കുന്ന മനുഷ്യന്‍റെ മുന്നില്‍ ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നു .... നമുക്ക് സാധ്യമായ എല്ലാ ടെക്നോളജികളും ഉപയോഗിച്ച് തിരച്ചില്‍ നടത്തിയിട്ടും ആ വിമാനത്തിന് എന്ത് സംഭവിച്ചു എന്ന് ഇന്നും കണ്ടെത്താന്‍ കഴിയാത്തത് എന്തുകൊണ്ടാവാം ? അഭ്യുഹങ്ങള്‍ക്ക് സ്ഥാനം നഷ്ടമായിക്കഴിഞ്ഞു ... ഇനി വേണ്ടത് കൃത്യമായ ഉത്തരമാണ് ... അത് തരാന്‍ ആര്‍ക്കും സാധിക്കുന്നില്ല എന്നത് വേദനാജനകമാണ്.


വിമാനം കാണാതായിട്ട് പത്ത്ദിവസത്തിന് മുകളില്‍ ആയിട്ടും വിമാനത്തെകുറിച്ച് ഒരു അറിവും ലഭ്യമായിട്ടില്ലങ്കില്‍ ആ വിമാനം ഇപ്പോഴും സേഫ് ആയി എവിടെയോ ഉണ്ട് എന്ന് വേണം അനുമാനിക്കാന്‍. കാരണം വിമാനം ഇതുവരെ പൊട്ടിത്തെറിച്ചതായോ, എന്തെങ്കിലും സ്ഫോടനം നടന്നതായോ ഉള്ളതിന് തെളിവില്ല എന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ വിരുദ്ധ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ആ റിപ്പോര്‍ട്ട്‌ വിശ്വസനീയമാണ്...കാരണം ലോകരാഷ്ട്രങ്ങള്‍ ആണവ പരീക്ഷണം നടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കലാണ് ഈ ഏജന്‍സിയുടെ പ്രധാന ദൗത്യം. അവര്‍ അതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും പല രാജ്യങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. അവയിലൊന്നും ഒരു സ്ഫോടനം നടന്നതിന്റെ തെളിവുകള്‍ കിട്ടിയിട്ടില്ല.

അങ്ങനെ നമ്മള്‍ വിശ്വസിക്കുമ്പോ ഉയരുന്ന ചോദ്യം എങ്കില്‍ പിന്നെ വിമാനത്തിന് എന്ത് സംഭവിച്ചു എന്നാണ്.. ഒരുവിമാന റാഞ്ചലിലേക്കാണ് നമുക്ക് ചെന്നെത്താനാവുക. അങ്ങനെ സംശയിക്കത്തക്ക കാരണങ്ങളാണ് പലതും. വിമാനം പറന്നുയര്‍ന്ന് കുറച്ച് സമയത്തിന് ശേഷം അതിന് കണ്ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ടു. പിന്നീട് അത് നിര്‍ദ്ദിഷ്ട വ്യോമപാതയില്‍ നിന്നും ദിശ മാറി പറന്നു എന്നും പിന്നീടത് റഡാറുകളില്‍ നിന്നും അപ്രത്യക്ഷമായി എന്നുമാണ് നമുക്ക് കിട്ടുന്ന വിവരം.. അത് ഒരു റാഞ്ചലിന് സാധ്യത കൂട്ടുകയാണ്.

അങ്ങനെ റാഞ്ചിയതാണെങ്കില്‍ അതിന് പിന്നില്‍ വിമാനത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാവണം. കാരണം കമ്മ്യുണിക്കേഷന്‍ ബന്ധമാണ് ആദ്യം വിശ്ചേദിക്കപ്പെട്ടത്... അതിനു ശേഷം ദിശ മാറി പറന്ന ശേഷം റഡാര്‍ ബന്ധവും നഷ്ടപ്പെട്ടു. റഡാറിന്‍റെ ദൂര പരിധിയും, പ്രവര്‍ത്തനരീതിയും അറിയാവുന്ന ആരോ ചെയ്തതാവണം അത്. അങ്ങനെ നോക്കുമ്പോ ആ പൈലറ്റിനെ സംശയിക്കേണ്ടിയിരിക്കുന്നു. അയാളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം...

റാഞ്ചിയതാണെങ്കില്‍ അടുത്ത ചോദ്യം അത് എവിടെ ലാന്‍ഡ്‌ ചെയ്തിട്ടുണ്ടാവും എന്നതാണ്. ഇന്ത്യന്‍മഹാസമുദ്രം വരെ ആ വിമാനം വന്നതായി കേള്‍ക്കുന്നു. അത് വിശ്വസനീയമാണെങ്കില്‍ വിമാനത്തിന് അഫ്ഗാനിസ്ഥാന്‍ , പാക്കിസ്ഥാന്‍, തുടങ്ങിയ രാജ്യങ്ങളിലേക്ക് അനായാസം എത്തിപ്പെടാം. ഭീകരവാദികള്‍ ഉപയോഗിക്കുന്ന അവിടങ്ങളിലെ മലനിരകളിലെ ഏതെങ്കിലും സ്ഥലത്ത് വിമാനം സുരക്ഷിതമായി ലാന്‍ഡ്‌ ചെയ്തിട്ടുണ്ടാവാം.

മാത്രമല്ല വിമാനം 5000 അടിക്ക് താഴെ കൂടെ പറന്നു എന്ന് കേള്‍ക്കുന്നു. അങ്ങനെ അയ്യായിരം അടിക്ക് താഴെ പറന്നു കഴിഞ്ഞാല്‍ റഡാറില്‍ പെടില്ലത്രേ.... മാത്രമല്ല ഇന്ധനവും ലാഭിക്കാമത്രേ വിശ്വസനീയമല്ല എങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. 


ഇനി വിമാനം തകര്‍ന്നു എന്നുതന്നെ ഇരിക്കട്ടെ... കരയില്‍ എവിടെയെങ്കിലും ആണെങ്കില്‍ ഇത്രയും ദിവസം ധാരാളം മതി അതിനെ കണ്ടുപിടിക്കാന്‍. കാരണം അതിനുള്ള സാങ്കേതികവിദ്യകള്‍ ഇന്ന് നമുക്കുണ്ട്... അതില്‍ പ്രധാനമാണ് ഫ്ലൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍ എന്ന ബ്ലാക്ക്‌ ബോക്സ്‌. വിമാനത്തിന് എന്ത് സംഭവിച്ചാലും ഈ ഉപകരണം തകരില്ല. ഓറഞ്ച് കളറിലുള്ള ഈ ഉപകരണത്തില്‍ മുപ്പത് ദിവസം വരെ പ്രവര്‍ത്തിക്കാവുന്ന ബാറ്ററി ഉണ്ട്. മാത്രമല്ല ജിപിഎസ് ഉള്‍പ്പടെയുള്ള എവിടെയാണ് ഇത് ഉണ്ടാവുക എന്ന ദിശ കണ്ടുപിടിക്കാനുള്ള ഉപകരണങ്ങളും ഇതിലുണ്ട്. ഇവ ഉപയോഗിച്ച് അതിന്‍റെ ലൊക്കേഷന്‍ വളരെ അനായേസേന കണ്ടുപിടിക്കാം.

അതല്ല കടലില്‍ ആണെങ്കിലും, ബ്ലാക്ക്‌ ബോക്സ് കണ്ടു പിടിക്കാം.. ശെരിയാണ് വളരെ ആഴത്തിലാണ് എങ്കില്‍ അല്പം ബുദ്ധിമുട്ടാണ്. എങ്കിലും കപ്പലുകളില്‍ ആഴം അളക്കാനും, കടലിനടിയിലെ വസ്തുക്കളെ കണ്ടെത്താനും മറ്റും ഉപയോഗിക്കുന്ന എക്കോസൌണ്ട് മാപിനി ഉപയോഗിച്ച് വിമാനം കണ്ടെത്താം. മാത്രമല്ല വിമാനം കടലില്‍ തകര്‍ന്നുവെങ്കില്‍ മുകളില്‍ അതിന്‍റെ അവശിഷ്ടങ്ങള്‍ എന്തെങ്കിലും ഒക്കെ കണ്ടെത്താന്‍ സാധിക്കും. അല്ലെങ്കില്‍ വിമാനം തകരാതെ കടലില്‍ വീണ് മുങ്ങി പോയതാവണം... അങ്ങനെയാണെങ്കിലും, കപ്പലുകള്‍ തിരച്ചില്‍ നടത്തുമ്പോ കണ്ടെത്താന്‍ സാധിക്കണമല്ലോ.

വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരുടെ മൊബൈല്‍ഫോണ്‍ രണ്ടു ദിവസത്തിന് ശേഷവും പ്രവര്‍ത്തിച്ചിരുന്നു എന്നൊരു റിപ്പോര്‍ട്ട്‌ കണ്ടു, പക്ഷെ അതത്ര വിശ്വാസയോഗ്യമല്ല. കാരണം മൊബൈല്‍ പ്രവര്‍ത്തിച്ചു എങ്കില്‍ ആ മൊബൈല്‍ നെറ്റ്‌വര്‍ക്ക് കവറേജ് ഉള്ള ഏതോ സ്ഥലത്ത് ആവണം. എങ്കില്‍ വളരെ പെട്ടന്ന് തന്നെ ആ മൊബൈല്‍ സിഗ്നല്‍ പിന്തുടര്‍ന്ന് അതിന്‍റെ ലൊക്കേഷന്‍ കണ്ടെത്താവുന്നതായിരുന്നു. ഇത്രയും ദിവസം കഴിഞ്ഞിട്ടും വിമാനം കണ്ടെത്താത്ത സ്ഥിതിക്ക് അത് വിശ്വാസയോഗ്യമല്ല. ഇനി അതിനുള്ള സാധ്യതയും വിരളമാണ്. കാരണം പത്ത് ദിവസമൊന്നും പ്രവര്‍ത്തിക്കാനുള്ള ബാറ്ററി മൊബൈലിന് ഉണ്ടാവില്ല.

ഭൂമിക്കടിയിലെ ധാതുക്കളും, എണ്ണസമ്പത്തും മറ്റും കണ്ടെത്താന്‍ പോലും ഉപയോഗിക്കുന്ന തെര്‍മല്‍ ഇമേജിംഗ് ക്യാമറകള്‍ , ഇന്‍ഫ്രാറെഡ് മാപ്പിംഗ് സിസ്റ്റം തുടങ്ങിയ ഉപകരണങ്ങള്‍ ഉള്ള ഉപഗ്രഹങ്ങളുടെ സേവനം ഈ വിമാനം കണ്ടെത്താന്‍ ഉപയോഗിക്കാവുന്നതാണ്... പക്ഷെ നാസ, ഐഎസ്ആര്‍ഓ പോലെയുള്ള സ്ഥാപനങ്ങളുടെ സഹായവും മലേഷ്യ ഇതുവരെ ചോദിച്ചിട്ടില്ല എന്ന് വേണം കരുതാന്‍.

മലേഷ്യന്‍ സര്‍ക്കാര്‍ വ്യക്തമായി ഉത്തരങ്ങള്‍ തരുന്നില്ലന്നും, അമേരിക്കന്‍ സംഘടനയായ എഫ്ബിഐ യുടെ സേവനം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല എന്നുമുള്ള ആക്ഷേപങ്ങള്‍ പല ഭാഗത്തുനിന്നും ഉയരുന്നുണ്ട്. മലേഷ്യയ്ക്ക് അവരുടെ ആഭ്യന്തര പ്രശ്നങ്ങള്‍ പുറം ലോകരാജ്യങ്ങള്‍ അറിയാന്‍ പാടില്ല എന്ന ചിന്തയാവുമോ വ്യക്തമായ ഉത്തരം തരാത്തതിന് പിന്നിലെന്നും സംശയിക്കാം ...

അമേരിക്കയില്‍ നടത്തിയപോലെയുള്ള ഒരു ഭീകരാക്രമണം ഇന്ത്യയില്‍ നടത്താന്‍ വേണ്ടിയാണ് ഈ വിമാനം തട്ടിയെടുത്തത് എന്നൊരു റിപ്പോര്‍ട്ട്‌ വന്നിരുന്നു. ഒരു സാമ്പത്തിക, പ്രതിരോധ ശക്തിയായി വളരുന്ന ഇന്ത്യ, പ്രതിരോധ ഉപകരങ്ങളുടെ നല്ല ഒരു മാര്‍ക്കറ്റ്‌ ആണ്. അതിനെ മുന്‍നിര്‍ത്തി, ഇന്ത്യയെ ഭയപ്പെടുത്തി വ്യോമആക്രമണങ്ങള്‍ തടയാനുള്ള ഉപകരണങ്ങള്‍ വിറ്റഴിക്കാനുള്ള അമേരിക്ക പോലെയുള്ള രാജ്യങ്ങളുടെ വെറും തന്ത്രമായി ആ പ്രസ്താവനയെ കണക്കാക്കാമെങ്കിലും ഇന്ത്യന്‍ മഹാ സമുദ്രം വരെ ആ വിമാനം വന്ന സ്ഥിതിക്ക് അങ്ങനെയൊരു ആക്രമണ സാധ്യതയും തള്ളി കളഞ്ഞുകൂടാ.

വിമാനം റാഞ്ചിയതാണെങ്കില്‍ ഇതുവരെ ഒരു ഭീകരസംഘടനകളും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുമില്ല, ഒരു തരം ഡിമാന്റ്കളും ഇതുവരെ ആരും ഉന്നയിച്ചിട്ടുമില്ല. അങ്ങനെ ചിന്തിക്കുമ്പോ ,തട്ടിക്കൊണ്ടു പോയവര്‍ക്ക് ഒരു വിമാനമാണ് ആവശ്യം ,ആ വിമാനം ഉപയോഗിച്ച് എവിടെയോ ഒരു ഭീകരാക്രമണം നടത്താന്‍ ആരൊക്കെയോ ഉദ്ദേശിക്കുന്നു എന്ന് അനുമാനിക്കണം.

ഏറ്റവും ഒടുവില്‍ മാലി ദ്വീപ്‌ നിവാസികള്‍  കാണാതായ ദിവസം പകല്‍ 6:15 ന് വിമാനം  കണ്ടു എന്ന് പറയുന്നു. ലോക മാധ്യമങ്ങള്‍ മുഴുവര്‍ ചര്‍ച്ച ചെയ്ത, വാര്‍ത്തയായ കാര്യത്തെക്കുറിച്ച്  ഈ പതിനൊന്നു ദിവസത്തിന് ശേഷം ഒരു പത്രം റിപ്പോര്‍ട്ട്‌ ചെയ്യുമ്പോ അതത്ര വിശ്വസനീയമായി തോന്നുന്നില്ല. കാരണം ആ ദ്വീപു നിവാസികള്‍ വിമാനം കണ്ടു എങ്കില്‍ അതന്ന് തന്നെ വാര്‍ത്തയാക്കാമായിരുന്നു. ഇത്രയും ലോക ശ്രദ്ധ പിടിച്ചുപറ്റിയ കാര്യം ആ നാട്ടുകാര്‍ അറിഞ്ഞിരുന്നില്ലേ ഇതുവരെ.  ആ ദ്വീപ് നിവാസികള്‍ പത്രങ്ങളോ, ദ്രിശ്യ മാധ്യമങ്ങളോ ശ്രദ്ധിക്കാത്ത ആളുകളാണോ. 


ഉത്തരം തരാത്ത ഒരുപാട് ചോദ്യങ്ങളുമായി ലോകരാഷ്ട്രങ്ങള്‍ എല്ലാം ആ വിമാനത്തിനായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴും വിമാനത്തിന് ഒന്നും സംഭവിച്ചു കാണല്ലേ എന്ന പ്രാര്‍ഥനയോടെ സ്വന്തം പ്രിയപ്പെട്ടവരെ കാത്തിരിക്കുന്ന ഒരുപാട് ആള്‍ക്കാരുണ്ട്. അവരുടെ കണ്ണീരിന് ഇന്നും പ്രതീക്ഷയുടെ നനവുണ്ടാവും ... അവരുടെ നോവില്‍ നമുക്കും പങ്കുചേരാം.. പ്രാര്‍ഥിക്കാം നല്ലൊരു വാര്‍ത്തയ്ക്കായി.

6 അഭിപ്രായങ്ങൾ:

  1. കണ്മഷിയില്‍ ആദ്ദ്യ കമന്റ് ഇടാനുള്ള ഭാഗ്യം എനിക്ക് കൈനീട്ടം എങ്ങിനെ രാകേഷ് ഇടയ്ക്കു അറിയിക്കും എന്ന് കരുതുന്നു ലക്ഷ കണക്കിന് ആളുകള്‍ ഈ ബ്ലോഗ്‌ സന്ദര്‍ശിക്കട്ടെ ഒത്തിരി വിജ്ഞാനം ഇവിടെ നിന്ന് എല്ലാവര്ക്കും കിട്ടട്ടെ എന്ന് പ്രാര്‍ഥിക്കുന്നു ആദ്യം

    വളരെ നന്നായി വിശകലനം ചെയ്തിരിക്കുന്നു രാകേഷ് ചുമ്മാ ഒരു സ്റ്റാറ്റസ് അല്ല കാഴ്ചപ്പാടുള്ള പോസ്റ്റ്‌ നന്നായി ബ്ലോഗിനും എല്ലാ ആശംസ്സകളും എന്റെ നാട്ടുകാരന്‍ ബ്ലോഗര്‍ ആയതില്‍ അഭിമാനവും ..കണ്മഷി എഴുതി കൂടുതല്‍ സുന്ദരമാവട്ടെ..

    മറുപടിഇല്ലാതാക്കൂ
  2. നന്ദി ജലാല്‍ ഇക്കാ .... ഈ ബ്ലോഗ്‌ തുടങ്ങിയിട്ട് കുറച്ച് കാലമായി എങ്കിലും പബ്ലിക് ആക്കിയിട്ടില്ലായിരുന്നു.... എന്തായാലും ആശംസകള്‍ക്ക് നന്ദി

    മറുപടിഇല്ലാതാക്കൂ
  3. നല്ലൊരു വിശകലനം! അഭിനന്ദനങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  4. വിമാനം തകർന്നു വീണതാണ് എന്ന് മലേഷ്യൻ പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ചുള്ള ദുരൂഹതകൾ ഇപ്പോഴും തുടരുകയാണ്. ഏതു സാങ്കേതികവിദ്യയ്ക്കും എവിടെയാണ് പരിമിതി, എവിടെയാണ് പോരായ്മകൾ എന്ന് അതേ കുറിച്ച് സൂക്ഷ്മമായി പഠിക്കുന്നവർക്ക് കൃത്യമായി മനസ്സിലാക്കാനാവും. ഭീകരരും അത്തരം പഠനങ്ങൾ നടത്തി തന്നെയാണ് ഇപ്പോൾ നീക്കങ്ങൾ നടത്തുന്നത്.

    പുതിയ വിവരങ്ങൾ പുറത്തുവരുന്നതോടെ പല ഊഹാപോഹങ്ങൾക്കും അടിസ്ഥാനമില്ലാതാവും എന്ന് കരുതുന്നു. അതുവരെ എല്ലാ സാധ്യതകളും പരിശോധിക്കുന്നതിൽ തെറ്റില്ല. ലേഖകനും പുതിയ വിവരങ്ങൾ കിട്ടട്ടെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പുതിയ വിവരങ്ങള്‍ക്ക് വേണ്ടി ആരും ശ്രമിക്കുന്നില്ല എന്ന് തന്നെ തോന്നുന്നു...ആര്‍ക്കോ എന്തോ മറയ്ക്കുവാനുള്ളത് പോലെ ...... സത്യം പുറത്തുവരും എന്ന് തന്നെ പ്രത്യാശിക്കാം .....

      നന്ദി

      ഇല്ലാതാക്കൂ