തിങ്കളാഴ്‌ച, മാർച്ച് 24, 2014

ഓര്‍മ്മക്കുറിപ്പ് – 7

എന്‍റെ ആ കോളേജ് ജീവിതത്തിന്‍റെ ഓര്‍മകളിലൂടെ കടന്നുപോകുമ്പോള്‍ പറയാതിരിക്കാന്‍ പറ്റാത്ത ഒന്നാണ് ഞങ്ങളുടെ NSS ക്യാമ്പുകള്‍ .. എന്‍റെ വ്യക്തി ജീവിതത്തില്‍ ഒരുപാടു സ്വാധീനം ചെലുത്തിയ ആ ക്യാമ്പുകളാണ് ഞാനാ കോളേജില്‍ അനുഭവിച്ച ഏറ്റവും സുന്ദരമായ ദിവസങ്ങള്‍ ... 


എന്‍എസ്എസ് എന്ന് പറഞ്ഞാല്‍ നാഷണല്‍ സര്‍വീസ്‌ സ്കീം. അല്ലാതെ നായര്‍ സര്‍വീസ്‌ സൊസൈറ്റി അല്ലാ ട്ടോ. ഭാരത സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തില്‍ മിനിസ്ട്രി ഓഫ് യൂത്ത് ആന്‍ഡ്‌ സ്പോര്‍ട്സ്‌ ന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് എന്‍എസ്എസ്. വിദ്യാര്‍ഥികളുടെ ഇടയില്‍ സമൂഹത്തിനോടുള്ള സേവന മനോഭാവം വളര്‍ത്താന്‍ വേണ്ടി 1969 ല്‍, ഗാന്ധിജിയുടെ നൂറാം ജന്മദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഈ സംഘടന ഇന്ന് നാല്പതോളം യൂണിവേര്‍സിറ്റികളിലായി നാല്‍പ്പതിനായിരത്തോളം വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരുന്നു. വിദ്യാര്‍ഥികളുടെ വ്യക്തിപരമായ വികാസമാണ് ഈ സംഘടനയുടെ ലക്ഷ്യം. കേരളത്തിലെ ഒട്ടുമിക്ക വിദ്യാലയങ്ങളിലും ഇന്ന് എന്‍എസ്എസിന് ശാഖകളുണ്ട്. ടെക്കനിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്‍റെ കീഴിലുള്ള ശാഖയാണ് ഞങ്ങളുടെ പന്തളം എന്‍എസ്എസ് പോളിടെക്നിക്കില്‍ പ്രവര്‍ത്തിക്കുന്നത്.

ഫസ്റ്റ് ഇയര്‍ന്‍റെ ആദ്യ ദിനങ്ങളില്‍ തന്നെ ഞങ്ങളുടെ ഇംഗ്ലീഷ് സാര്‍ വിജയകുമാര്‍ സാര്‍ എന്‍എസ്എസ് നെക്കുറിച്ച് പറഞ്ഞിരുന്നു. സാര്‍ ആയിരുന്നു അന്നത്തെ കോ-ഓര്‍ഡിനേറ്റര്‍. പഠിത്തത്തിന്‍റെ ഇടയില്‍ കിട്ടുന്ന സമയങ്ങള്‍ സമൂഹത്തിന് ഉപകാരമായി തീരുന്ന രീതിയില്‍ എന്തെങ്കിലും ഒക്കെ ചെയ്യാന്‍ എന്‍എസ്എസ് നമ്മളെ സഹായിക്കും, താല്പര്യമുള്ളവര്‍ ചേരണം എന്ന് പറഞ്ഞു. പലരും ചേര്‍ന്ന്, കൂട്ടത്തില്‍ ഞാനും. അന്നൊക്കെ ഞാനല്പം ഉള്‍വലിഞ്ഞ സ്വഭാവമായിരുന്നതുകൊണ്ട് ആദ്യ വര്‍ഷത്തെ ഒരു പരിപാടിയിലും പങ്കെടുത്തിരുന്നില്ല.

ആനുവല്‍ ക്യാമ്പ്‌ ഡിസംബറില്‍ ആയിരുന്നു നടത്തിയിരുന്നത്. എല്ലാവരും പങ്കെടുക്കണം എന്ന് പറഞ്ഞിരുന്നു എങ്കിലും, ന്നെ വീട്ടില്‍ നിന്നും വിടില്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഞാന്‍ അത്ര കാര്യമാക്കിയില്ല. പക്ഷെ ക്രിസ്തുമസ് വെക്കേഷന്‍ കഴിഞ്ഞ് വന്നപ്പോ ക്ലാസില്‍ സംസാരം മുഴുവന്‍ ക്യാമ്പിനെക്കുറിച്ച്. അന്‍വറും, ദിലുവും, രതീഷും, സജിനിയും, സജിതയും ഒക്കെ കൂടെ. രതീഷ്‌ ആയിരുന്നു അന്ന് ഏറ്റവും നല്ല കൂട്ട്, അവനാണെങ്കില്‍ വന്നിട്ട് ക്യാമ്പിനെക്കുറിച്ച് എന്നും പറയും, അങ്ങനെ ആരുന്നു, ഇങ്ങനെ ആരുന്നു, എന്നൊക്കെ. പറഞ്ഞു പറഞ്ഞു എന്‍റെ മനസ്സില്‍ ഒരു നഷ്ടബോധം ഉണ്ടാക്കി അവന്‍. അന്ന് തീരുമാനിച്ചതാണ് അടുത്ത ക്യാമ്പിന് എന്തായാലും പോകണം എന്ന്. ക്യാമ്പ്‌ കഴിഞ്ഞപ്പോ കോളേജിലെ ബാക്കി ബാച്ചില്‍ ഉള്ള ഒരുപാട് പേര് അവരുമായി കൂടു കൂടുന്നു, സംസാരിക്കുന്നു, സീനിയേഴ്സ് പോലും നല്ല കൂട്ടായിട്ട് കണ്ടപ്പോ എനിക്കും ആഗ്രഹം തോന്നി. അതുകൊണ്ട് തന്നെ പിന്നീട് വരുന്ന ഓരോ പരിപാടികള്‍ക്കും ഞാന്‍ പങ്കെടുത്തു തുടങ്ങി.

എല്ലാ ആഴ്ചകളിലും മീറ്റിംഗ്കളും, ശനിയാഴ്ചകളില്‍ എന്തെങ്കിലും പ്രോഗ്രാമുകളും, സെമിനാറുകളും ഒക്കെ നടത്തിയിരുന്നു. സമൂഹത്തിലേക്ക് ഇറങ്ങാന്‍ ക്ലാസ്‌ ഉള്ള സമയത്ത് അല്പം പ്രയാസമുള്ളത് കൊണ്ട് കോളേജിലെ തന്നെ കാര്യങ്ങള്‍ ചെയ്യുക എന്നതായിരുന്നു പ്രധാനം. കോളേജ് പരിസരം വൃത്തിയാക്കുക, ലൈബ്രറി വൃത്തിയാക്കുക, ലാബുകള്‍ ശെരിയാക്കുക തുടങ്ങിയവ ആയിരുന്നു പ്രധാന കാര്യങ്ങള്‍. ഒപ്പം തന്നെ ഞങ്ങള്‍ക്ക് വേണ്ടി സെമിനാറുകളും മറ്റും നടത്തിയിരുന്നു. വ്യക്തിത്വ വികസനം, ഇന്ത്യന്‍നിയമങ്ങളും കോടതിയും, ആരോഗ്യവും ജീവിതവും, ലൈംഗികാരോഗ്യം, പുകവലിയും മദ്യപാനവും തുടങ്ങിയവ ആ സെമിനാറുകളില്‍ പ്രധാനപ്പെട്ടവ ആയിരുന്നു. അവ ഞങ്ങള്‍ക്ക് പകര്‍ന്നു തന്നത് ഒരുപാട് അറിവുകള്‍ കൂടിയാണ്. വെറും ക്ലാസുകള്‍ മാത്രമായിരുന്നില്ല, ഞങ്ങള്‍ക്ക് ക്ലാസ്‌ എടുക്കാന്‍ വരുന്ന ആള്‍ക്കാരോട് സംവദിക്കാനുള്ള അവസരം കൂടെ ഉണ്ടായിരുന്നു. സംശയങ്ങള്‍ തീര്‍ത്തു തരാനും അവര്‍ ശ്രദ്ധിച്ചിരുന്നു.

അങ്ങനെ ആ വര്‍ഷത്തെ ആനുവല്‍ ക്യാമ്പ്‌ വന്നെത്തി. വീട്ടില്‍ അടിയുണ്ടാക്കി ഞാനും പോകാനുള്ള അനുവാദം വാങ്ങി. പത്ത് ദിവസം. കോളേജ് ഹോസ്റ്റലിലാണ് ക്യാമ്പ്‌ നടത്തുക. ആണുങ്ങളെല്ലാം ഹോസ്റ്റലില്‍ താമസിക്കും. അടുത്ത് വീടുള്ള പെണ്‍കുട്ടികള്‍ വീട്ടില്‍ പോയി വരും, അല്ലാത്തവര്‍ക്ക് കോളേജിനു അടുത്ത് പെണ്‍കുട്ടികള്‍ വാടകയ്ക്ക് താമസിക്കുന്ന വീടുകളിലും, മറ്റും താമസം ഒരുക്കി.. കോളേജിനു പുറത്ത് ആ നാട്ടിലെ മിക്കവാറും വീടുകളില്‍ ആണ്‍കുട്ടികളും, പെണ്‍കുട്ടികളും വാടകയ്ക്ക് താമസിക്കുന്നുണ്ട്.

ഞങ്ങള് സെക്കന്റ്‌ഇയര്‍ ആയിരുന്നല്ലോ.... അതുകൊണ്ട് തന്നെ ക്യാമ്പിന്‍റെ ചുമതല ഞങ്ങള്‍ക്കായിരുന്നു... സീനിയേഴ്സും ജൂനിയര്‍സും ഒക്കെ ഉണ്ടെങ്കിലും എല്ലാ കാര്യങ്ങളും ഞങ്ങള്‍ തന്നെ ആയിരുന്നു നോക്കേണ്ടിയിരുന്നത്. ഓരോരുത്തര്‍ക്കും ഓരോ ചുമതലകള്‍ ഏല്‍പ്പിക്കപ്പെട്ടു. എനിക്ക് കിട്ടിയതോ മെസ്സിന്റെ ചുമതല. പാചകത്തിന് ആളുണ്ടെങ്കിലും എല്ലാ മേല്‍നോട്ടവും നമുക്ക്. ഒരു ടീം നമുക്കായി അനുവദിക്കപ്പെട്ടു. എല്ലാവര്‍ക്കും വേണ്ട ഭക്ഷണം ഉണ്ടാക്കുക, എന്നതാണ് നമ്മുടെ പ്രധാന ജോലി.സീനിയര്‍സും, ജൂനിയര്‍സുമായി ഒരു നല്ല ബന്ധം ഉണ്ടാവാനാ ക്യാമ്പ് സഹായിച്ചു. 

സുജിത്തും(കോഴി), ശരത്തും (മണ്ടൂസ്), മഞ്ജു (പിടക്കോഴി), സന്ധ്യ (പസു), രഹനയും, അനുരാധയും, ശ്രീജയും, അനീഷും, മഹേഷും, ശരത്തും, ഫൈസലും, ഈനോശും, ഹരിയും, മായയും (പോടിമോള്‍), അമീനും ഉള്‍പ്പടെയുള്ള ജൂനിയര്‍സും, റെജിമോള്‍, നാന്‍സി, സ്വപ്ന, ഗംഗ തുടങ്ങിയ ചേച്ചിമാരും, അഭിലാഷ്‌, സൂരജ്‌, രതീഷ്‌, സഫീര്‍ക്ക, തുടങ്ങിയ ചേട്ടന്മാരും, അന്‍വറും, ദിലുവും, വിനീതും, സ്വപ്നയും, ലിമയും, സജിനിയും, സജിതയും, രഞ്ജിനിയും, ഷീബയും, തുടങ്ങി എന്‍റെ ബാച്ച് മേറ്റ്സും പിന്നെ ഞങ്ങളുടെ വിജയകുമാര്‍, ശ്രീജിത്ത്‌, ജയേഷ്, രാജീവ്, സജിത്ത്, തുടങ്ങിയ സാര്‍മാരും, വിദ്യ ടീച്ചര്‍ ഉള്‍പ്പടെയുള്ള ടീച്ചര്‍മാരും എല്ലാം കൂടെ ഒരുപാട് ആസ്വദിച്ച ക്യാമ്പ്. ( പേരെടുത്ത് പറയാന്‍ വിട്ടു പോയവര്‍ ക്ഷമിക്കും ...ഉറപ്പാ )...

ഒരു ഫോര്‍മാറ്റ്‌ ഉണ്ടായിരുന്നു ക്യാമ്പിന്..... രാവിലെ മുതല്‍ ഉച്ചവരെ എന്തെങ്കിലും കായികമായി സമൂഹത്തിനെ സഹായിക്കുക... റോഡു വൃത്തിയാക്കുക, കുളം വൃത്തിയാക്കുക തുടങ്ങിയ ആ നാട്ടില്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയ സഹായങ്ങള്‍ ചെയ്യുക, പിന്നെ ഉച്ചയ്ക്ക് ശേഷം ഞങ്ങള്‍ക്കായി സെമിനാറുകള്‍... മുന്‍പ്‌ പറഞ്ഞ പോലെ ചില ക്ലാസ്സുകള്‍, വ്യക്തിത്വവികസനത്തിനും, ലീഡര്‍ഷിപ്പ്നും മറ്റും ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ക്ലാസുകള്‍, ചില വര്‍ക്ക്‌ഷോപ്പ്കള്‍. പിന്നെ ഒരു വിഷയത്തെ കുറിച്ച് ഉള്ള ഡിബേറ്റ്കള്‍ അങ്ങനെ പലതും. വിഷയങ്ങള്‍ തന്നിട്ട് നമ്മള്‍ അതിനെക്കുറിച്ച് സംസാരിക്കണം, ഒരു സദസ്സിനെ എങ്ങനെ ഭയമില്ലാതെ അഭിമുഖീകരിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കാന്‍ വേണ്ടിയാണ് അതൊക്കെയും നടത്തിയത്. അതായത് സഭാകമ്പമില്ലാതെ സംസാരിക്കാന്‍, ഞങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ട് ആ ക്ലാസ്സുകള്‍. അത് പിന്നീട് അവസാനവര്‍ഷം സെമിനാര്‍ എടുക്കുന്നതിന് ഒരുപാട് സഹായിച്ചിട്ടുണ്ട്.

ക്ലാസ്സുകള്‍ക്ക് ശേഷം എല്ലാവരും കൂടിയിരുന്ന് അന്നത്തെ പ്രവര്‍ത്തികളെയും, ക്ലാസ്സുകളെയും വിശകലനം ചെയ്യുക, അടുത്ത ദിവസം എന്തൊക്കെ മാറ്റം വരുത്താം തുടങ്ങിയ ചര്‍ച്ചകള്‍ നടത്തുക, പെണ്‍കുട്ടികള്‍ വൈകിട്ട് പോയിക്കഴിഞ്ഞ് പിന്നെ ഞങ്ങളുടെ പാടും, ഡാന്‍സും, അര്‍മാദാനവും ഒക്കെയായി ഓരോ ദിവസവും അവസാനിക്കാറ്.ഒരുപാട് കാര്യങ്ങള്‍ പഠിച്ചു ആ ക്യാമ്പില്‍ നിന്ന്.. നാന്‍സി ചേച്ചി എന്‍റെ ഡയറിയില്‍ പണ്ട് എഴുതിയ പോലെ ഞാന്‍ മീന്‍ വെട്ടാന്‍ വരെ പഠിച്ചു...( ഇപ്പളും ഞാന്‍ അമ്മയെ മീന്‍ വെട്ടാന്‍ സഹായിക്കാറുണ്ട് ട്ടോ ചേച്ച്യേ ) ഒപ്പം ജീവിതത്തെ എങ്ങനെ പോസിറ്റീവ് ആയി കാണാം, തുടങ്ങി ഒരുപാട് ഒരുപാട് ജീവിതമൂല്യങ്ങള്‍.

സീനിയേര്‍സിന്‍റെ അവസാന ക്യാമ്പ്‌ ആയതുകൊണ്ട് ക്യാമ്പിന്‍റെ അവസാന ദിനങ്ങളിലേക്ക് എത്തുമ്പോ അവരുടെ മനസ്സില്‍ വിഷമം നിറയുന്നത് ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നു. ശെരിക്കും ആ ക്യാമ്പ് ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.

അടുത്ത വര്‍ഷത്തെ ക്യാമ്പ് ആയപ്പോഴേക്കും ഞങ്ങള്‍ സീനിയേര്‍സ് ആയി.. ഞങ്ങളുടെ അവസാനത്തെ ക്യാമ്പ്‌.. ആ ക്യാമ്പ് ആണ് ഞങ്ങള്‍ ശെരിക്കും ആസ്വദിച്ചത്. കാരണം നമുക്ക് ചുമതലകള്‍ ഒന്നുമില്ല, എല്ലാം ഞങ്ങളുടെ ജൂനിയര്‍ ബാച്ച് ആണ് നടത്തേണ്ടത്.... മുന്‍പത്തെ ക്യാമ്പില്‍ നിന്നും വ്യത്യസ്തമായി ആ ക്യാമ്പിന് പെണ്‍കുട്ടികള്‍ എല്ലാവരും കൂടെ ഹോസ്റ്റലില്‍ സ്റ്റേ ചെയ്യുന്നുണ്ടായിരുന്നു... മേല്‍നോട്ടത്തിന് രണ്ടു മൂന്നു ടീച്ചര്‍മാരും... അതുകൊണ്ട് തന്നെ ക്ലാസ്സുകള്‍ക്ക് ശേഷം കലാ കായിക മത്സരങ്ങള്‍ ഉള്‍പ്പടെ ഒരുപാട് പരിപാടികള്‍ നടത്താന്‍ സാധിച്ചു. ഉറങ്ങുന്നത് വരെ എല്ലാരും കൂടെ മെസ്സ്ഹാളില്‍ ഒത്തുകൂടി തമാശയും, കളിയും, ചിരിയും, പാട്ടും,ഡാന്‍സും ഒക്കെയായി ഒത്തിരി ആസ്വദിച്ച ക്യാമ്പ്....

ജീവിതത്തെ മാറ്റിമറിച്ച ആ ക്യാമ്പുകള്‍ അവസാനിക്കുമ്പോ ഒരുപാട് നഷ്ടബോധം മനസ്സില്‍ കയറിക്കൂടി... ഞങ്ങളുടെ അവസാനത്തെ ക്യാമ്പ്‌ എന്ന ചിന്ത ഞങ്ങളെ ഒരുപാട് വിഷമിപ്പിച്ചു.. അവസാന ദിവസം ക്യാമ്പ് ഫയര്‍ന്‍റെ സമയം പലരും സംസാരിക്കാന്‍ വാക്കുകള്‍ കിട്ടാതെ ശബ്ദം ഇടറിയത് ഇന്നുമോര്‍ക്കുന്നു... പരസ്പരം കെട്ടിപ്പിടിച്ചും, കണ്ണീര്‍ തുടച്ചും, പരസ്പരം ആശ്വസിപ്പിച്ചും എല്ലാരും ഒന്നായി പാടിയ പാട്ട് “YEH DOSTHI HAM NAHI BHOOLENGE.. THODENGE DAM…. MAGAR THERE SAATH NAA CHODENGE”.

ആ കോളേജിലെ ഞങ്ങളുടെ ജീവിതം അവസാനിക്കുമ്പോ ഞങ്ങള്‍ക്ക് നഷ്ടമായത് ആ നല്ല കാലത്തോടൊപ്പം ഞങ്ങളുടെ ക്യാമ്പിലെ സന്തോഷവും സൗഹൃദവും കൂടെയാണ്. പക്ഷെ പിന്നീട് ഞങ്ങള്‍ അവിടെനിന്നും ഇറങ്ങിക്കഴിഞ്ഞും അടുത്ത ക്യാമ്പിനും വിജയകുമാര്‍ സര്‍ ഞങ്ങളെ വിളിച്ചു... ശെരിക്കും പറഞ്ഞാ ഞാന്‍ വിജയകുമാര്‍സാറിനെ വിളിച്ചു അപേക്ഷിക്കുകയായിരുന്നു എനിക്കും ക്യാമ്പില്‍ പങ്കെടുക്കണം എന്നും പറഞ്ഞ്.. എന്തായാലും സാറ് ഞങ്ങള്‍ക്ക് വീണ്ടും പങ്കെടുക്കാനുള്ള അവസരം തന്നു.

ആ പത്തു ദിവസങ്ങളെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല.ഓരോ നിമിഷത്തെക്കുറിച്ചും പറയാനുണ്ടാവും ഓരോ കാര്യങ്ങള്‍. എന്നില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയ, ഒരുപാട് നല്ല കൂട്ടുകാരെ സമ്മാനിച്ച, ആ ക്യാമ്പ്, ഒരു കുടുംബം പോലെ ഞങ്ങള്‍ കഴിച്ചുകൂട്ടിയ ആ നല്ല നാളുകള്‍ ഇനിയെന്നെങ്കിലും ഒരിക്കല്‍ തിരിച്ചുകിട്ടിയാല്‍ എന്നോളം സന്തോഷം വേറെ ആര്‍ക്കും ഉണ്ടാവില്ലന്നു തോന്നുന്നു. ആഗ്രഹിക്കുന്നു അതിനായി 


2 അഭിപ്രായങ്ങൾ:

  1. ഞാന്‍ പ്ലസ്‌ ടൂ പഠിക്കുമ്പോള്‍ NSS ല്‍ ഉണ്ടായിരുന്നു. പക്ഷെ ക്യാമ്പില്‍ പങ്കെടുത്തില്ല. ക്യാമ്പില്‍ നടന്ന കാര്യങ്ങളൊക്കെ സുഹൃത്തുക്കള്‍ പറഞ്ഞു കേട്ടപ്പോള്‍ വല്ലാതെ മിസ്സ്‌ ചെയ്തു. അതിനിടയിലെ നല്ല രസകരമായ, ശരിക്കും നടന്ന കുറച്ച് തമാശകള്‍ ഉണ്ട്. fbയില്‍ ഇടണം എന്ന് കരുതി ഇരുന്നതാ.. മടി കാരണം നടന്നില്ല. ഇതുവായിച്ചപ്പോള്‍ അതും ഒന്ന് അപ്ഡേറ്റ് ചെയ്യണം എന്ന് തോന്നി.. വേഗം ചെയ്തേക്കാം..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതൊരു നല്ല അനുഭവമായിരുന്നു..... നഷ്ടപ്പെട്ടുപോയ ഒരു നല്ലകാലമാ അത്.....

      എന്തായാലും നീ എഴുത് ... ഓര്‍ക്കാലോ ആ കാലഘട്ടത്തെ

      ഇല്ലാതാക്കൂ