ഞായറാഴ്‌ച, ഫെബ്രുവരി 23, 2014

ചമയവിളക്ക്

തെക്കന്‍ കേരളത്തിലെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ചവറ കൊറ്റംകുളങ്ങര ദേവി ക്ഷേത്രം ..... അങ്ങനെ പേര് പറഞ്ഞാല്‍ ചിലപ്പോ എല്ലാവര്‍ക്കും മനസിലാവണമെന്നില്ല.ഉദ്ദിഷ്ട കാര്യസിത്ഥിക്ക് പുരുഷന്മാര്‍ സ്ത്രീവേഷം കെട്ടി വിളക്കെടുക്കുന്ന ക്ഷേത്രം.....അതാണ്‌ കൊറ്റംകുളങ്ങര ദേവീ ക്ഷേത്രം. ഈ വിളക്കെടുപ്പ് മഹോത്സവമാണ് ചമയവിളക്ക്.


കേള്‍ക്കുമ്പോ വിചിത്രമായ ആചാരങ്ങള്‍ എന്നൊക്കെ തോന്നുന്നവര്‍ ഉണ്ടാകാം, പക്ഷെ ഒരുപാട് പേരുടെ അനുഭവങ്ങള്‍ സാക്ഷി...... മനസ്സില്‍ ഒരു ആഗ്രഹം പറഞ്ഞ് വിളക്കെടുത്താല്‍ അത് സാധിക്കും എന്നാണ്‌ വിശ്വാസം… ആഗ്രഹം എന്തായിരുന്നു എന്ന് പുറത്ത് പറയാന്‍ പാടില്ലാത്രേ. നാട്ടുകാര്‍ മാത്രമല്ല, അന്യ നാട്ടില്‍ നിന്ന് പോലും ധാരാളം ആള്‍കാര് വിളക്കെടുക്കാന്‍ വരാറുണ്ട് അവിടെ. വര്‍ഷങ്ങളായി അനുഷ്ടാനം പോലെ വരുന്നവരും ധാരാളം....


കരുനാഗപ്പള്ളിക്ക് തെക്ക് ചവറ ഭാഗത്തായി നാഷണല്‍ ഹൈവേ 47 ന്‍റെ സൈഡിലാണ് ഈ അമ്പലം സ്ഥിതി ചെയ്യുന്നത്. കൊല്ലത്ത് നിന്നും, കരുനാഗപ്പള്ളിയില്‍ നിന്നും ബസ് കിട്ടും. തികച്ചും ഗ്രാമാന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന ഈ അമ്പലത്തിലെ പ്രധാന വഴിപാടാണ് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടത്തുന്ന ഈ ചമയവിളക്ക് മഹോത്സവം.


വിളക്കെടുക്കുന്ന രണ്ടു ദിവസം കരുനാഗപ്പള്ളി ചവറ ഭാഗങ്ങള്‍ പുരുഷാംഗനമാരെ കൊണ്ട് നിറയും......പെണ്‍കുട്ടികള്‍ പോലും നാണിച്ചു പോകുന്ന സുന്ദരിമാരായ പുരുഷാംഗനമാര്‍... സ്ത്രീത്വത്തെ രൂപത്തിലും ഭാവത്തിലും ഉള്‍ക്കൊണ്ട് ലാസ്യ ഭാവത്തില്‍ പുരുഷാംഗനമാര്‍ വരുമ്പോള്‍ സ്ത്രീകള്‍ പോലും കണ്ണിമവെട്ടാതെ നോക്കി നിന്ന് പോകും. പുരുഷനിലും സ്ത്രീത്വം അടങ്ങിയിട്ടുണ്ടോ എന്ന് സംശയിച്ചു പോകും നമ്മള്‍. അത്രെയ്ക്കും സൗന്ദര്യമാണ് അവര്‍ക്ക്.


സാധാരണയായി മാര്‍ച്ച് മാസത്തിലാണ് ആ ഉത്സവം നടക്കാറ്. ഒരു നാടിന്‍റെ ഉത്സവമാണ് ഈ ചമയവിളക്ക്. നാട്ടിലില്ലാത്ത എല്ലാവരും ആ സമയം അവിടെയെത്താന്‍ ശ്രെമിക്കും. ദൂരദേശങ്ങളില്‍ നിന്ന് വന്ന് ലോഡ്ജുകളിലും ഹോട്ടല്കളിലും മുറിയെടുത്ത് താമസിച്ച് വിളക്ക് എടുക്കുന്നവരുമുണ്ട്. സന്ധ്യക്ക് തുടങ്ങുമെങ്കിലും ദേവി എഴുന്നള്ളി ഓരോ വിളക്കെടുക്കുന്നവരുടെയും അടുത്ത് വന്ന് വിളക്ക് സ്വീകരിച്ച് കഴിഞ്ഞാല്‍ മാത്രമേ ഫലപ്രാപ്തി ഉണ്ടാവൂ എന്നാണ് വിശ്വാസം. ആള്‍ക്കാരുടെ എണ്ണം കൂടുതലായിവരുന്നത് കൊണ്ട് ഇപ്പൊ വെളുപ്പാന്‍കാലത്ത് വരെ നില്‍ക്കേണ്ടി വരാറുണ്ട്. അമ്പലത്തിന് പുറത്ത് കുരുത്തോല കൊണ്ട് മറ്റൊരു അമ്പലം പണിത് അമ്മയെ അതില്‍ കുടിയിരുത്തുന്നതും ഒരു ചടങ്ങാണവിടെ.


വിളക്കെടുപ്പ് കാലമായാല്‍ പുരുഷന്മാരെ ഒരുക്കാന്‍ ധാരാളം മേക്കപ്പ് ശാലകള്‍ ഉയരുമവിടെ. സ്വന്തമായി ഒരുങ്ങാന്‍ പറ്റാത്തവര്‍ക്ക് അവിടെ പോയി വേഷം അണിയാം. അതിന് ഫീസുണ്ട് ട്ടോ. എങ്കിലും തിരിച്ചറിയാനാവാത്ത വിധം സുന്ദരിമാരായാണ് പലരും പുറത്ത് വരുന്നത്. വീടുകള്‍ കേന്ദ്രീകരിച്ചും മേക്കപ്പ് നടത്തുന്നവരുമുണ്ട്. കുറേ ആള്‍കാര്‍ ചേര്‍ന്ന് ഒരു മേക്കപ്പ്മാനെ കൂട്ടി ഒരുങ്ങി വരുന്നവരുമുണ്ട്.
പേരെടുത്ത മേക്കപ്പ്മാന്മാര്‍ പോലും ആ ദിവസങ്ങളില്‍ അവിടെയുണ്ടാകുമത്രേ. അവര്‍ക്ക് അതൊരു ചലഞ്ചാണ്. സ്ത്രീകളെ സുന്ദരിയാക്കുന്നതിനേക്കാള്‍ എത്രയോ പാടാന് പുരുഷനെ സ്ത്രീയാക്കി മേക്കപ്പ്‌ ചെയ്യാന്‍. സ്വന്തം കഴിവ് തെളിയിക്കാനുള്ള വേദിയാണ് എന്ന് പോലും പറയുന്ന മേക്കപ്പ്മാന്മാര്‍ ഉണ്ട്.


കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്ന ആള്‍ക്കാര്‍ വരെ പെണ്ണായി മാറി വിളക്കെടുക്കുമ്പോള്‍ അതൊരു വിശ്വാസത്തിന്‍റെ ഉത്സവമായി മാറുന്നു. കേട്ടറിഞ്ഞ് വിളക്കെടുപ്പ് കാണാന്‍ ധാരാളം ആള്‍ക്കാര്‍ എത്തുമ്പോ ക്ഷേത്രാങ്കണം അക്ഷരാര്‍ഥത്തില്‍ ജനസഞ്ചയമായി മാറും. വിദേശികള്‍ പോലും വരാറുണ്ട് ഈ ചമയവിളക്ക് കാണാനും, അറിയാനും.


സ്ത്രീവേഷം കെട്ടിയ പുരുഷന്മാരെ ശല്യം ചെയ്യാന്‍ വരുന്ന ആള്‍ക്കാരും ഉണ്ട് ട്ടോ അവിടെ. പക്ഷെ പോലീസ്, ക്ഷേത്രഭാരവാഹികള്‍ എന്നിവര്‍ വിളക്കെടുക്കാന്‍ വരുന്നവര്‍ക്ക് വേണ്ടാ എല്ലാ സജ്ജീകരണങ്ങളും ചെയ്തു കൊടുക്കും. ശല്യക്കാരെ തുരത്താന്‍ അവര്‍ എപ്പോളും റോന്തുചുറ്റുന്നുണ്ടാവും.


ഒരു നാട് ഒന്നിച്ചു നില്‍ക്കുമ്പോ അതൊരു ഉത്സവമായി. മറ്റു ദേശക്കാര്‍ കൂടെ അതേറ്റെടുക്കുമ്പോ അതൊരു മഹോത്സവമായി മാറുന്നു. ഈ വിളക്കെടുപ്പിന്‍റെ ഐതീഹ്യത്തെക്കുറിച്ച് എനിക്ക് വല്യ അവബോധമില്ല എന്നതും കൂടെ പറഞ്ഞുകൊള്ളട്ടെ. ഒരു വിശ്വാസമാണത്. ഒരു ജനതയുടെ വിശ്വാസം.






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ